വിടവാങ്ങൽ പ്രസംഗത്തിൽ വികാരാധീനയായി മിഷേൽ ഒബാമ
Saturday, January 7, 2017 2:16 PM IST
വാഷിംഗ്ടൺ: വിടവാങ്ങൽ പ്രസംഗത്തിൽ വികാരാധീനയായി അമേരിക്കൻ പ്രഥമവനിത മിഷേൽ ഒബാമ. വൈറ്റ് ഹൗസിൽ നടന്ന സ്കൂൾ കൗൺസിലർ ഓഫ് ദ ഇയർ പരിപാടിക്കിടെയായിരുന്നു മിഷേലിന്റെ വിടവാങ്ങൽ പ്രസംഗം.

രാജ്യത്തിന്റെ പ്രഥമവനിതയാകാൻ കഴിഞ്ഞതാണു ജീവിതത്തിലെ ഏറ്റവും വലിയഭാഗ്യമെന്നു പറഞ്ഞ മിഷേൽ പ്രസംഗത്തിനിടെ വിതുമ്പുകയുംചെയ്തു. ഏറെ വികാരാധീനയായാണു മിഷേൽ വൈറ്റ് ഹൗസിലെ പ്രസംഗവേദിയിൽ നിന്നത്. മറ്റുള്ളവർക്കു മാതൃകയാകുന്ന വിധത്തിൽ ജീവിക്കണമെന്നു മിഷേൽ യുവജനതയോട് ആഹ്വാനംചെയ്തു. ഭയത്തോടെയല്ല, പ്രതീക്ഷയോടെ വേണം ജീവിതത്തെ കാണാനെന്നും മിഷേൽ പറഞ്ഞു. വിദ്യാഭ്യാസംകൊണ്ട് യുവജനങ്ങൾ കരുത്തരാകണമെന്നും അവർ ഓർമിപ്പിച്ചു.


പ്രഥമ വനിതയെന്ന പദവിക്കുശേഷവും രാജ്യത്തിന്റെ പുരോഗതിക്കും നന്മയ്ക്കും വേണ്ടി പ്രവർത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. യുഎസിലെ യുവതീയുവാക്കൾക്കു മികച്ച വിദ്യാഭ്യാസ അവസരം ഒരുക്കുന്ന മിഷേലിന്റെ വിദ്യാഭ്യാസ ക്യാമ്പയിൻ ബെറ്റർ മേക്ക് റൂമിന്റെ ഭാഗമായാണു സ്കൂൾ കൗൺസിലർ ഓഫ് ദ ഇയർ പരിപാടി സംഘടിപ്പിച്ചത്.