ഫ്ളോറിഡയിൽ വെടിവച്ചതു മുൻ സൈനികൻ
Saturday, January 7, 2017 2:16 PM IST
ഫ്ളോറിഡ: ഫ്ളോറിഡയിലെ ഫോർട്ട് ലോഡർഡെയ്ൽ രാജ്യാന്തര വിമാനത്താവളത്തിൽ വെടിവയ്പ്പു നടത്തിയത് മുൻ സൈനികൻ. ഇറാക്കിൽ അമേരിക്കൻ സേനയുടെ നാഷണൽ ഗാർഡിൽ ജോലിചെയ്തിരുന്ന അലാസ്ക സ്വദേശി എസ്തബാൻ സാന്റിയാഗോയെന്ന മുൻ സൈനികനെയാണു വിമാനത്താവളത്തിൽ വെടിവയ്പ്പു നടത്തിയതിനു പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മനോരോ ഗിയാണെന്നു പോലീസ് പറഞ്ഞു.

സേവനം തൃപ്തികരമല്ലാത്തതിന്റെ പേരിൽ സർവീസിൽനിന്നു പിരിച്ചുവിടപ്പെട്ടയാളാണ് ഇയാൾ. ഇതിനെത്തുടർന്ന് ഇയാൾ മാനസികമായി തളർന്നിരുന്നെന്നും മനോരോഗത്തിനു ചികിത്സ യിലായിരുന്നെന്നും പ്രതിയുടെ സഹോദരൻ പറഞ്ഞു.


ഫോർട്ട് ലോഡർഡെയ്ൽ വിമാനത്താവളത്തിലെ രണ്ടാമത്തെ ടെർമിനലിലാണ് ഇയാൾ ആക്രമണം അഴിച്ചുവിട്ടത്. വെടിവയ്പിൽ അഞ്ചു പേർ കൊല്ലപ്പെടുകയും 13 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ധാരാളം വിനോദസഞ്ചാരികൾ എത്തുന്ന വിമാനത്താവളമാണു ഫ്ളോറിഡയിലെ ഫോർട്ട് ലോഡർഡെയ്ൽ രാജ്യാന്തര വിമാനത്താവളം. വിമാനത്താവളത്തിന്റെ ടോയ്ലറ്റിൽവച്ചു തോക്ക് നിറച്ച എസ്തബാൻ സാന്റിയാഗോ തിരക്കേറിയ രണ്ടാം ടെർമിനലിൽ പ്രവേശിച്ചു വെടിയുതിർക്കുകയായിരുന്നു. തോക്കിലെ തിരകൾ തീർന്നതോടെ ഇയാൾ പിടിയിലായി.