ജറുസലമിൽ ട്രക്ക് ആക്രമണം; നാലു സൈനികർ കൊല്ലപ്പെട്ടു
ജറുസലമിൽ ട്രക്ക് ആക്രമണം; നാലു സൈനികർ കൊല്ലപ്പെട്ടു
Sunday, January 8, 2017 12:09 PM IST
ജറുസലം: ജറുസലമിൽ പലസ്തീൻകാരൻ ട്രക്ക് ഓടിച്ചുകയറ്റി നടത്തിയ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു. മൂന്നു വനിതകളും ഒരു പുരുഷനുമാണു കൊല്ലപ്പെട്ടത്.

ട്രക്ക് ഡ്രൈവറെ മറ്റു സൈനികർ വെടിവച്ചുകൊന്നു. പരിക്കേറ്റ 15 പേരിൽ നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജറുസലം ആക്രമണത്തിൽ ഹ മാസ് സന്തോഷം പ്രകടിപ്പിച്ചെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. സൈനികരെ ലക്ഷ്യമിട്ടു നടത്തിയ ഭീകരാക്രമണമാണിതെന്ന് ഇസ്രേലി പോലീസ് വക്‌താവ് ലുബാ അൽ സമ്രി പറഞ്ഞു.

കിഴക്കൻ ജറുസലമിലെ ജബാ ൽ മുകാബർ മേഖലയിൽ നിന്നുള്ള പലസ്തീൻകാരനാണു അക്രമം നടത്തിയ ട്രക്ക് ഡ്രൈവറെന്നു തിരിച്ചറിഞ്ഞു. ഒരു ബസിൽനിന്നു സൈനികർ ഇറങ്ങുമ്പോൾ അവരുടെ നേർക്ക് അക്രമി ട്രക്ക് ഓടിച്ചുചെല്ലുകയായിരുന്നു. സൈനികരെ ഇടിച്ചിട്ടശേഷം വീണ്ടും ട്രക്ക് പിന്നോട്ടെടുത്ത് കൂടുതൽ പേരെ വകവരുത്താനും ശ്രമിച്ചു. അവിടെയുണ്ടായിരുന്ന മറ്റു സൈനികർ ട്രക്കിനു നേർക്കു വെടിയുതിർത്തു. ഡ്രൈവർ കൊല്ലപ്പെട്ടെന്ന് അറിയിച്ച ഇസ്രേലി ടിവി സ്റ്റേഷനുകൾ വെടിയുണ്ടകളേറ്റ വിൻഡ് സ്ക്രീനോടു കൂടിയ ട്രക്കിന്റെ ചിത്രവും സംപ്രേഷണം ചെയ്തു.


ആക്രമണത്തെത്തുടർന്നു ജറുസലേമിൽ സുരക്ഷ ശക്‌തമാക്കി. സംഭവസ്‌ഥലമായ അർമോൺ ഹനാറ്റ്സിവ് ബസ് സ്റ്റേഷനു സമീപമുള്ള റോഡുകൾ അടച്ചു. പലസ്തീൻകാരും ഇസ്രേലികളും തമ്മിലുള്ള സംഘർഷത്തിന് അടുത്തകാലത്ത് അയവു വന്നെങ്കിലും ഇപ്പോഴത്തെ ആക്രമണം പ്രശ്നം രൂക്ഷമാക്കാൻ ഇടയാക്കും. 2015 ഒക്ടോബറിനുശേഷം 247 പലസ്തീൻകാർക്കും 40 ഇസ്രേലികൾക്കും ജീവഹാനി നേരിട്ടെന്നാണു കണക്ക്. രണ്ട് അമേരിക്കക്കാർ, ഒരു ജോർദാൻകാരൻ, ഒരു സുഡാൻകാരൻ എന്നിവരും വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഇസ്രേലി സേന നടത്തിയ വെടിവയ്പിലും ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിലുമാണു പലസ്തീൻകാരിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടത്.

പലസ്തീൻകാർ നടത്തിയ കത്തി ആക്രമണങ്ങളിലും വാ ഹനങ്ങൾ ഉപയോഗിച്ചു നടത്തിയ ആക്രമണങ്ങളിലുമാണ് ഇസ്രേലികൾ കൊല്ലപ്പെട്ടത്. ട്രക്ക് ഓടിച്ചുകയറ്റി ഇസ്രേലി സൈനികരെ കൊലപ്പെടുത്തിയ അക്രമി ഐഎസ് അനുഭാവിയാണെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു ആരോപിച്ചു. എന്നാൽ ഇതു സംബന്ധിച്ചു കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താൻ സംഭവസ്‌ഥലം സന്ദർശിച്ച നെതന്യാഹു തയാറായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.