ട്രംപിന്റെ ഉപദേഷ്‌ടാവായി മരുമകനെ നിയമിച്ചു
ട്രംപിന്റെ ഉപദേഷ്‌ടാവായി മരുമകനെ നിയമിച്ചു
Tuesday, January 10, 2017 1:53 PM IST
വാഷിംഗ്ടൺഡിസി: മകൾ ഇവാങ്കയുടെ ഭർത്താവ് ജാരെഡ് കുഷ്നറെ സീനിയർ ഉപദേഷ്‌ടാവായി നിയമിച്ച നിയുക്‌ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടി വിവാദമാകുന്നു. 1967ലെ ബന്ധുനിയമന വിരുദ്ധ നിയമത്തിന് എതിരാണു ട്രംപിന്റെ നടപടിയെന്ന് ഒരു സംഘം ഡെമോക്രാറ്റുകൾ നീതിന്യായ വകുപ്പിനു പരാതി നൽകി. കുഷ്നറുടെ നിയമനത്തിനു സെനറ്റിന്റെ അംഗീകാരം ആവശ്യമില്ല.

മുതിർന്ന ഉപദേഷ്‌ടാവെന്ന നിലയിൽ ആഭ്യന്തര,വിദേശ നയരൂപീകരണത്തിൽ പ്രത്യേകിച്ച് പശ്ചിമേഷ്യൻ പ്രശ്നങ്ങളിലും വാണിജ്യ ഇടപാടുകളിലും കുഷ്നർക്കു നിർണായക സ്വാധീനമുണ്ടാവും. റിയൽ എസ്റ്റേറ്റ് മേഖലയിലുൾപ്പെടെ നിരവധി ബിസിനസ് ബന്ധങ്ങളുള്ള മുപ്പത്തഞ്ചുകാരനായ കുഷ്നർ സ്വന്തം താത്പര്യങ്ങൾക്കായി ഉപദേഷ്‌ടാവിന്റെ പദവി ദുരുപയോഗിക്കുമെന്നും ആശങ്ക പരന്നിട്ടുണ്ട്. എന്നാൽ ട്രംപ് ടീം ഈ ആശങ്ക തള്ളി. ഉപദേഷ്‌ടാവെന്ന നിലയിൽ കുഷ്നർ ശമ്പളം വാങ്ങില്ല. പോരാത്തതിനു പ്രസിഡന്റിന്റെ ഓഫീസ് ബന്ധുനിയമന വിരുദ്ധ നിയമത്തിന്റെ പരിധിയിൽ വരുന്നുമില്ല–ട്രംപ് ടീം പറഞ്ഞു.

നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ വിജയിപ്പിക്കുന്നതിനു കുഷ്നർ ഏറെ വിയർപ്പൊഴുക്കി. തന്റെ ടീമിനു കുഷ്നർ മുതൽക്കൂട്ടായിരുന്നുവെന്നും അയാളെ ഉന്നത പദവിയിൽ അവരോധിക്കുന്നതിൽ സന്തോഷമുണ്ടെന്നും ട്രംപ് പ്രസ്താവനയിൽ അറിയിച്ചു.ബിസിനസിലും രാഷ്ര്‌ടീയത്തിലും വിജയിച്ചയാളാണു കുഷ്നറെന്നും ട്രംപ് ഓർമിപ്പിച്ചു. ജനങ്ങളുമായി സംവദിക്കുന്നതിനും വ്യത്യസ്ത മേഖലകളിലുള്ളവരെ ഒരുമിച്ചുകൊണ്ടുവരുന്നതിനും കഴിവുള്ള പ്രതിഭയാണ് കുഷ്നറെന്ന് ട്രംപിന്റെ വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റീൻസ് പ്രീബുസ് അഭിപ്രായപ്പെട്ടു.


ട്രംപിന്റെ ഭരണകൂടത്തിൽ ചേർന്ന് അമേരിക്കൻ ജനതയെ സേവിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നു കുഷ്നർ വ്യക്‌തമാക്കി. കുഷ്നർ കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവ്, ന്യൂയോർക്ക് ഒബ്സർവറിന്റെ പ്രസാധകൻ എന്നീ പദവികൾ കുഷ്നർ ഉപേക്ഷിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു.

ഇവാങ്കയും ട്രംപ് ടീമിൽ ഉപദേഷ്‌ടാവാകുമെന്നു നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ തത്കാലം ഇതിനു സാധ്യതയില്ലെന്നാണു നിഗമനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.