യാത്രാവിലക്ക് : ട്രംപിന്റെ പുതിയ ഉത്തരവും കോടതി തടഞ്ഞു
Thursday, March 16, 2017 12:20 PM IST
വാഷിംഗ്ടൺ ഡിസി: ആറു മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവർക്കു യുഎസിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറപ്പെടുവിച്ച പുതുക്കിയ എക്സിക്യൂട്ടീവ് ഉത്തരവു നടപ്പാക്കുന്നതു തടഞ്ഞുകൊണ്ട് രണ്ടു ഫെഡറൽ കോടതികൾ വിധി പുറപ്പെടുവിച്ചു.
മുസ്ലിംകളോടു വിവേചനം കാട്ടുന്ന ട്രംപിന്റെ ഉത്തരവു ഭരണഘടനാവിരുദ്ധമാണെന്നു ഹവായ് ഫെഡറൽ ജഡ്ജി ഡെറിക് വാട്സൻ പറഞ്ഞു. വാട്സന് പുറപ്പെടുവിച്ച വിധി രാജ്യത്തിനു മുഴുവൻ ബാധകമാണ്. ഹവായ് കോടതിക്കു പിന്നാലെ മേരിലാൻഡ് കോടതിയിലെ ജസ്റ്റീസ് തിയോഡോർ ചുവാംഗും ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവു സ്റ്റേ ചെയ്തുകൊണ്ടു വിധി പുറപ്പെടുവിച്ചു. എക്സിക്യൂട്ടീവ് ഉത്തരവു പ്രാബല്യത്തിൽ വരുന്നതിനു മണിക്കൂറുകൾക്കു മുന്പു വന്ന കോടതി വിധികൾ ട്രംപ് ഭരണകൂടത്തിനു തിരിച്ചടിയായി.
ആദ്യത്തെ എക്സിക്യൂട്ടീവ് ഉത്തരവിൽ ഏഴു മുസ്ലിം രാജ്യങ്ങളിലെ യാത്രികർക്കാണു യുഎസിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. കോടതി ഇതു തടഞ്ഞതിനെത്തുടർന്നാണു പരിഷ്കരിച്ച ഉത്തരവു പുറത്തിറക്കിയത്.
ആദ്യത്തെ ഉത്തരവിലെ ഇറാക്കിനെ ഒഴിവാക്കി സിറിയ, ലിബിയ, ഇറാൻ, യെമൻ, സോമാലിയ, സുഡാൻ എന്നീ ആറു രാജ്യങ്ങളിലെ പൗരന്മാർക്കാണു പുതിയ ഉത്തരവിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. ഹവായ് ജഡ്ജി രാഷ്ട്രീയ ലാക്കോടെയാണു പ്രവർത്തിച്ചതെന്ന് ടെന്നിസിയിലെ നാഷ്വില്ലിൽ റാലിയെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ട്രംപ് ആരോപിച്ചു. കോടതി വിധിക്ക് എതിരേ ആദ്യം സാൻഫ്രാൻസിസ്കോ അപ്പലേറ്റ് കോടതിയിലും തുടർന്ന് സുപ്രീംകോടതിയിലും അപ്പീലിനു പോകാനാണു ട്രംപ് ഭരണകൂടത്തിന്റെ പദ്ധതിയെന്നു റിപ്പോർട്ടു ചെയ്യപ്പെടുന്നു.