ഗാര്‍ ഭേദഗതി അന്തിമ ഘട്ടത്തില്‍: ചിദംബരം
ഗാര്‍ ഭേദഗതി അന്തിമ ഘട്ടത്തില്‍: ചിദംബരം
Monday, November 19, 2012 10:31 PM IST
ന്യൂഡല്‍ഹി: ഗാര്‍ ഭേദഗതി അന്തിമഘട്ടത്തിലായെന്നു കേന്ദ്ര ധനമന്ത്രി പി. ചിദംബരം. ഡ്രാഫ്റ്റിംഗ് പൂര്‍ത്തിയായ ഭേദഗതി ഇനി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയയ്ക്കുമെന്നും അവിടെനിന്നു മന്ത്രിസഭാ യോഗത്തിന്റെ പരിഗണയ്ക്ക് എത്തുമെന്നും ചിദംബരം അറിയിച്ചു.

വിദേശമൂലധന നിക്ഷേപങ്ങളിലെ നികുതി ചോര്‍ച്ച തടയുന്നതിനു കൊണ്ടുവന്ന കര്‍ശന ചട്ടങ്ങളാണ് ഗാര്‍ (ജനറല്‍ ആന്റി-അവോയ്ഡന്‍സ് റൂള്‍സ്). നിക്ഷേപങ്ങളുടെ നികുതിയെക്കുറിച്ചു പ്രതിപാദിക്കുന്ന ഇന്‍കംടാക്സ് ആക്ടിന്റെ ചാപ്റ്റര്‍ 10എ യിലാണ് ഭേദഗതി വരുത്തുന്നത്.

2012-13ലെ കേന്ദ്രബജറ്റിലാണു വിദേശനിക്ഷേപങ്ങളിലെ നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന ചട്ടങ്ങളേര്‍പ്പെടുത്തുന്ന ഗാര്‍ നിര്‍ദേശിക്കപ്പെട്ടത്. എന്നാല്‍, ഇതിനെതിരേ വിദേശ നിക്ഷേപകരില്‍നിന്നും ആഭ്യന്തര നിക്ഷേപകരില്‍നിന്നും ഒരേപോലെ പ്രതിഷേധമുയര്‍ന്നു. നികുതി ഉദ്യോഗസ്ഥര്‍ക്ക് അമിത അധികാരങ്ങള്‍ നല്കുന്നതാണു ചട്ടങ്ങളെന്നായിരുന്നു പ്രധാന ആക്ഷേപം. നിക്ഷേപകര്‍ക്ക് ഉദ്യോഗസ്ഥരുടെ പീഡനമുണ്ടാകാന്‍ ഇത് ഇടയാക്കുമെന്നും പരാതി ഉയര്‍ന്നു.


വിമര്‍ശനം ശക്തമായതോടെ ഇക്കാര്യം പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നികുതി വിദഗ്ധന്‍ പാര്‍ത്ഥസാരഥി ഷോമിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ ഭേദഗതി രൂപപ്പെട്ടിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.