കുരുമുളകില്‍ മായം: കേരളത്തിലെ ആറു വെയര്‍ഹൌസുകള്‍ പൂട്ടി
Tuesday, December 25, 2012 10:16 PM IST
മുംബൈ: സംഭരിച്ച കുരുമുളകില്‍ മായം ഉണ്െടന്ന പരാതിയെത്തുടര്‍ന്ന് കേരളത്തിലെ ആറു വെയര്‍ഹൌസുകള്‍ പൂട്ടി. നാഷണല്‍ കമ്മോഡിറ്റി ആന്‍ഡ് ഡെറിവേറ്റീവ്സ് എക്സ്ചേഞ്ചി (എന്‍സിഡിഇഎക്സ്)ല്‍ രജിസ്റര്‍ ചെയ്തിട്ടുള്ളവയാണ് ഈ വെയര്‍ഹൌസുകള്‍. കുരുമുളകിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്െടന്നും ഫലം പ്രതീക്ഷിക്കുകയാണെന്നും സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.

എറണാകുളം,ആലപ്പുഴ ജില്ലകളിലെ വെയര്‍ഹൌസുകളാണ് സീല്‍ ചെയ്തത്. കഴിഞ്ഞ ആഴ്ച ലഭിച്ച കുരുമുളകിലാണ് മായമുണ്െടന്നു പരാതി ഉയര്‍ന്നത്. കുരുമുളകിന്റെ കാര്യത്തില്‍ കുറെക്കൂടി കാര്യക്ഷമമായ പരിശോധനയും മൂല്യനിര്‍ണയവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍സിഡിഎക്സിന്റെ നിഷ്കര്‍ഷിച്ചിട്ടുള്ള നിലവാരം അനുസരിച്ചാണ് കുരുമുളക് സംഭരിക്കുന്നതെന്നു എക്സ്ചേഞ്ച് കോര്‍പറേറ്റ് മേധാവി എം. കെ. ആനന്ദകുമാര്‍ പറഞ്ഞു. കുരുമുളകില്‍ പാരഫിന്‍ എണ്ണയുടെ അംശമുണ്െടന്ന പരാതി ആദ്യമായാണു ലഭിച്ചത്. വാങ്ങലുകാരില്‍ നിന്നാണ് ആദ്യം പരാതി ലഭിച്ചത്. കൂടുതല്‍ നടപടിക്കായി കേന്ദ്ര ഭക്ഷ്യ സുരക്ഷ നിലവാര അഥോറിറ്റിയെ സമീപിച്ചിട്ടുണ്െടന്നും അദ്ദേഹം അറിയിച്ചു.


ഭക്ഷ്യയോഗ്യമായ ഉത്പന്നങ്ങളില്‍ പാരഫിന്‍ ഓയില്‍ ചേര്‍ക്കുന്നതു നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ കുരുമുളകിനു പൂപ്പല്‍ പിടിക്കാതിരിക്കാനും കൂടുതല്‍ ഭാരവും കറുപ്പും ലഭിക്കാനാണു ഇതു ചേര്‍ത്തതെന്നു കരുതുന്നു.

300 കോടി രൂപ വിലമതിക്കുന്ന 7000 ടണ്‍ വരെ കുരുമുളകാണ് പിടിച്ചെടുത്തിരിക്കുന്നത്. എക്സ്ചേഞ്ചിനു കീഴില്‍ മറ്റ് വെയര്‍ഹൌസുകളില്ലാത്തതിനാല്‍ ഇപ്പോഴത്തെ നടപടി വിപണിയെ ബാധിക്കുമോയെന്ന ആശങ്കയും ഉളവായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.