കയറ്റുമതിയിലെ ഇടിവ് തുടര്‍ന്നേക്കും
കയറ്റുമതിയിലെ ഇടിവ് തുടര്‍ന്നേക്കും
Sunday, December 30, 2012 11:19 PM IST
ന്യൂഡല്‍ഹി: ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ മങ്ങിയ കയറ്റുമതി വരും വര്‍ഷങ്ങളിലും കുറയുമെന്നു റിപ്പോര്‍ട്ട്.പശ്ചാത്യരാജ്യങ്ങളിലെ സാമ്പത്തിക സാഹചര്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നുണ്െടങ്കിലും പ്രതീക്ഷയ്ക്കു വകയില്ലെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യം രണ്ടക്ക വളര്‍ച്ചയോടെ തുടങ്ങിയ കയറ്റുമതി തുടര്‍ന്ന് പിന്നോക്കം നീങ്ങുകയും മേയ് മാസത്തോടെ നെഗറ്റീവിലേക്കു താഴുകയും ചെയ്തു. 2012 ജനുവരിയില്‍ രാജ്യാന്തര കയറ്റുമതി 10 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മേയില്‍ ഇത് അഞ്ചു ശതമാനത്തിലേക്കു കുറഞ്ഞു. പിന്നീട് കാര്യമായ തിരിച്ചുവരവുകള്‍ ഉണ്ടായിട്ടില്ല.

യൂറോപ്പ്, അമേരിക്ക തുടങ്ങിയ പരമ്പരാഗത വിപണികളില്‍ ഒതുങ്ങാതെ വൈവിധ്യവത്കരണത്തിനുള്ള സര്‍ക്കാരിന്റെ ശ്രമം ഫലം കാണുന്നുണ്െടങ്കിലും പശ്ചാത്യ സമ്പദ്വ്യവസ്ഥകളെ കൂടുതല്‍ ആശ്രയിക്കുന്നത് മൊത്തം വാണിജ്യ കയറ്റുമതിയില്‍ കുറവുണ്ടാക്കി. ഇന്ത്യന്‍ കയറ്റുമതിയുടെ മൂന്നില്‍ ഒന്നും ഈ വിപണികളിലേക്കാണ്.


രാജ്യത്തിന്റെ കയറ്റുമതി 30,000 കോടി ഡോളര്‍ പിന്നിട്ട് 2011-12ല്‍ 30,700 കോടി ഡോളറിലെത്തിയെങ്കിലും വ്യാപാര കമ്മിയും എക്കാലത്തെയും ഉന്നതിയിലേക്ക് ഉയര്‍ന്നു. ഈ കാലയളവില്‍ രാജ്യത്തിന്റെ വ്യാപാര കമ്മി 18,500 കോടി ഡോളറായിരുന്നു. 2012 ജനുവരി-നവംബര്‍ കാലയളവില്‍ മാത്രം വ്യാപാര കമ്മി 17,550 കോടി ഡോളറായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ കമ്മി 14,690 കോടി ഡോളറായിരുന്നു.

വ്യാപാര കമ്മി ഉയരുന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ആശങ്കയ്ക്കു വകനല്‍കുന്നതാണ്. കമ്മി പ്രത്യക്ഷത്തില്‍ തന്നെ വിനിമയ മൂല്യത്തില്‍ പ്രതിഫലിക്കും. അതോടൊപ്പം തന്നെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ജിഡിപിയുടെ 3.9 ശതമാനമായിരുന്ന കറന്റ് അക്കൌണ്ട് ഡെഫിസിറ്റിനെയും ഇതു പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ കയറ്റുമതിയില്‍ മാന്ദ്യം വരും വര്‍ഷങ്ങളിലും പ്രതിഫലിക്കുമെന്നാണ് വിദഗ്ധരും വിലയിരുത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.