ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ക്ക് 24 ലക്ഷത്തിലേറെ ഓഹരികള്‍ നല്‍കി
ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ക്ക് 24 ലക്ഷത്തിലേറെ ഓഹരികള്‍ നല്‍കി
Sunday, December 30, 2012 11:21 PM IST
കൊച്ചി: ജീവനക്കാര്‍ക്ക് ഓഹരി നല്‍കുന്ന പദ്ധതിക്ക് (എംപ്ളോയി സ്റ്റോക്ക് ഓപ്ഷന്‍സ് സ്കീം അഥവാ ഇസോസ്) 2011-ല്‍ തുടക്കമിട്ട ഫെഡറല്‍ ബാങ്ക് ഇത് രണ്ടാം തവണയും ജീവനക്കാര്‍ക്ക് ഓഹരികള്‍ നല്‍കി. 2011-ല്‍ 420.65 രൂപയ്ക്കാണ് ഓഹരികള്‍ നല്‍കിയതെങ്കില്‍ 2012-ല്‍ 474 രൂപയ്ക്കാണ് ഓഹരി നല്‍കിയത്.

ബാങ്കിലെ എല്ലാ സ്ഥിരം ജീവനക്കാര്‍ക്കും ഈ സ്കീം ബാധകമായിരുന്നു എന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ഏറ്റവും പുതിയ ജീവനക്കാര്‍ മുതല്‍ മാനേജിംഗ് ഡയറക്ടര്‍ വരെയുള്ളവര്‍ക്ക് ഇങ്ങനെ ബാങ്കിന്റെ ഉടമസ്ഥതയില്‍ പങ്കുപറ്റാന്‍ അവസരമൊരുങ്ങി.

2011-ല്‍ 7,350 ജീവനക്കാരാണ് 34.72 ലക്ഷം ഓഹരികള്‍ക്ക് അപേക്ഷിച്ചത്. 2012-ല്‍ 7,851 അപേക്ഷകര്‍ക്കാണ് 24.05 ലക്ഷം ഓഹരികള്‍ നല്‍കിയത്. ബാങ്കിന്റെ അടച്ചുതീര്‍ത്ത മൂലധനത്തിന്റെ അഞ്ചു ശതമാനംവരെ ഇങ്ങനെ നല്‍കാന്‍ അനുമതിയുണ്ടായിരുന്നു. നിലവില്‍ വിപണിയിലെ ഫെഡറല്‍ ബാങ്ക് ഓഹരിവില 542 രൂപയാണെന്നതും ശ്രദ്ധേയമായ സംഗതിയാണ്.


കടുത്ത മത്സരം നിലനില്‍ക്കുന്ന ബാങ്കിംഗിലെ തൊഴില്‍ മേഖലയില്‍ മികവു നേടാനും ഈ ഇസോസ് പദ്ധതി ബാങ്കിനെ തുണയ്ക്കുമെന്നും മികച്ച ജീവനക്കാരെ ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഇത്തരം നടപടികള്‍ സഹായിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 2012 ഒക്ടോബറില്‍ ആയിരം ശാഖകള്‍ എന്ന നാഴികക്കല്ല് പിന്നിട്ട ബാങ്കിന്റെ ജീവനക്കാരുടെ എണ്ണം ഈയിടെയാണ് 10,000 കവിഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.