ജെറ്റ് എയര്‍വേസ്- എതിഹാദ് സംരംഭത്തിനു വഴിയൊരുങ്ങുന്നു
ജെറ്റ് എയര്‍വേസ്- എതിഹാദ് സംരംഭത്തിനു വഴിയൊരുങ്ങുന്നു
Friday, February 1, 2013 10:09 PM IST
ന്യൂഡല്‍ഹി: ഗള്‍ഫ് വിമാനക്കമ്പനിയായ എതിഹാദിന് 24% ഓഹരി നല്‍കി സ്വന്തം രക്ഷാവഴി തേടാനുള്ള ജെറ്റ് എയര്‍വേസിന്റെ നീക്കം വിജയത്തിലേക്ക്. എതിഹാദ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജെയിംസ് ഹോഗനും ജെറ്റ് എയര്‍വേസ് ചെയര്‍മാന്‍ നരേഷ് ഗോയലും ഇന്നലെ സിവില്‍ വ്യോമയാന മന്ത്രി അജിത് സിംഗിനെ സന്ദര്‍ശിച്ച് ഇരുകമ്പനികളും തമ്മിലുള്ള ധാരണയുടെ കാര്യം അറിയിച്ചു.

ചര്‍ച്ചാവിവരങ്ങള്‍ പുറത്തുവിടാന്‍ രണ്ടുപേരും തയാറായില്ല. രണ്ടുകമ്പനികളും തമ്മിലുള്ള സംരംഭം എന്നുവരുമെന്നു പറയേണ്ടത് അവര്‍ തന്നെയാണെന്നു മന്ത്രിയും അറിയിച്ചു. ഈവിവരം ബോംബെ ഓഹരി വിപണി അധികൃതരെയും അറിയിച്ചിട്ടുണ്ട്. 24% ഓഹരിയുടെ വില 1800 കോടി രൂപ വരുമെന്നു കണക്കാക്കുന്നു. 5325 കോടി രൂപയുടെ 8.63 കോടി ഓഹരികളാണ് ജെറ്റ് എയര്‍വേസിനുള്ളത്. ഇന്നലെ 616.9 രൂപയ്ക്കാണ് വ്യാപാരം നടന്നത്.

ഇരുകമ്പനികളും തമ്മില്‍ ഇക്കാര്യത്തില്‍ നടത്തിവരുന്ന ചര്‍ച്ച അന്തിമഘട്ടത്തിലാണ്. വ്യോമയാന ഗതാഗത രംഗത്ത് വിദേശനിക്ഷേപ അനുവദിച്ചതിനു ശേഷമുള്ള ആദ്യ കരാറായിരിക്കും വരാന്‍ പോകുന്നത്. നേരത്തെ വിജയ് മല്യയുടെ കിംഗ്ഫിഷര്‍ എതിഹാദുമായി അടുക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതേ സമയത്താണ് ജെറ്റുമായും ചര്‍ച്ച ആരംഭിച്ചത്. എതിഹാദ് ആരെ പിന്തുണയ്ക്കുമെന്നത് സാമ്പത്തിക നിരീക്ഷകര്‍ക്ക് ആകാംക്ഷ ജനിപ്പിച്ചിരുന്നു. കിംഗ്ഫിഷറിന്റെ സാമ്പത്തിക ബാധ്യതകള്‍ ഇതിഹാദിനെ മടുപ്പിക്കുകയായിരുന്നു.


അബുദാബി ആസ്ഥാനമായുള്ള പുതിയ കമ്പനിയായ എതിഹാദിനു വേണ്ടത് അതിവേഗ വളര്‍ച്ചയാണ്. പിന്നീടാണ് ജെറ്റുമായുള്ള ചര്‍ച്ച വിജയത്തിലേക്കു നീങ്ങിയത്. എതിഹാദിന്റെയും ജെറ്റിന്റേയും കൂട്ടുകെട്ട് ഏറ്റവും ഭീഷണിയാകുന്നത് എയര്‍ ഇന്ത്യക്കായിരിക്കും. അതേസമയം ജെറ്റ് എയര്‍വേസിലെ ജീവനക്കാര്‍ വളരെ അസ്വസ്ഥരാണ്. 700 ഓളം സാങ്കേതിക വിദഗ്ധര്‍ ഈയിടെ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലി ചെയ്തത്. വിശ്രമ സമയം പോലും അനുവദിക്കാതെയാണു ജോലി അനുവദിക്കുന്നതെന്നു ജീവനക്കാര്‍ പരാതിപ്പെടുന്നു. ജോലിക്ക് അനുസരിച്ചുള്ള ശമ്പളമല്ല നല്‍കുന്നത്. മാസം 15,000 രൂപ മാത്രമാണു ലഭിക്കുന്നതെന്നും പറയുന്നു. മോശം കാലാവസ്ഥയില്‍പ്പോലും 12 മണിക്കൂര്‍ നിരന്തരമായ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണെന്നും അടിസ്ഥാന സൌകര്യങ്ങള്‍ പോലും നല്‍കുന്നില്ലെന്നും ജീവനക്കാര്‍ പരാതിപ്പെടുന്നു. ഗള്‍ഫിലെ വിമാനക്കമ്പനികള്‍ നല്‍കുന്നതിനേക്കാള്‍ പത്തിലൊന്നു ശമ്പളം മാത്രമാണു ലഭിക്കുന്നതത്രെ. എന്നാല്‍കമ്പനി ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്. എതിഹാദുമായുള്ള ധാരണയെ ജീവനക്കാര്‍ വളരെ പ്രതീക്ഷയോടെയാണു കാണുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.