ഡണ്‍ലപ് ഏറ്റെടുക്കാന്‍ ബംഗാള്‍ സര്‍ക്കാരും
ഡണ്‍ലപ് ഏറ്റെടുക്കാന്‍ ബംഗാള്‍ സര്‍ക്കാരും
Saturday, February 2, 2013 10:25 PM IST
കോല്‍ക്കത്ത: ഡണ്‍ലപ് ടയര്‍ കമ്പനിയെ ഏറ്റെടുക്കാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാരും രംഗത്തിറങ്ങുന്നു. കമ്പനിയിലെ തൊഴിലാളികളുടെ ഭാവിയെക്കരുതിയാണ് സര്‍ക്കാര്‍ ഈ സാഹസത്തിനു തുനിയുന്നത്. നഷ്ടത്തില്‍ കൂപ്പുകുത്തിയ ഡണ്‍ലപ് കമ്പനി അടച്ചുപൂട്ടാന്‍ കോല്‍ക്കത്ത ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് നിയമസാധുതകള്‍ പരിശോധിച്ച സംസ്ഥാന സര്‍ക്കാര്‍ കമ്പനി ഏറ്റെടുക്കാനുള്ള ശ്രമത്തില്‍ പങ്കാളിയാകാന്‍ തീരുമാനിക്കുകയായിരുന്നു. കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടിക്കഴിഞ്ഞാല്‍ യോജ്യമായ തീരുമാനമെടുക്കുമെന്നു തൊഴില്‍മന്ത്രി പൂര്‍ണേന്ദു ബസു പറഞ്ഞു. ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുന്ന ടയര്‍ കമ്പനി 1990 മുതലാണ് നഷ്ടത്തിലേക്കു വഴുതിവീണത്. 2005ല്‍ പവന്‍കുമാര്‍ റൂയ ഗ്രൂപ്പ് കമ്പനിയെ ഏറ്റെടുത്തു.


കമ്പനിയുടെ ആസ്തിവകകളുടെ രേഖകള്‍ ഉടന്‍ കൈവശപ്പെടുത്താന്‍ ലിക്വിഡേറ്റര്‍ക്ക് നിര്‍ദേശം നല്‍കിയ ജസ്റീസ് സഞ്ജീവ് ബാനര്‍ജി അടച്ചുപൂട്ടാനും ഉത്തരവിട്ടതോടെ തൊഴിലാളികളുടെ ഭാവി അനിശ്ചിതത്ത്വത്തിലായി. ഇ. വി. മത്തായി ആന്‍ഡ് സണ്‍സ്, എ. കെ. കുന്‍ഡു ആന്‍ഡ് കമ്പനി തുടങ്ങി 15 ഓളം വായ്പാദാതാക്കള്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് കോടതി നടപടി. 1000 കോടിയുടെ വായ്പയാണ് അടച്ചുതീര്‍ക്കാനുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.