ഇന്തോനേഷ്യയിലും മലേഷ്യയിലും വനങ്ങള്‍ നശിക്കുന്നു
ഇന്തോനേഷ്യയിലും മലേഷ്യയിലും  വനങ്ങള്‍ നശിക്കുന്നു
Saturday, February 2, 2013 10:27 PM IST
മലേഷ്യ: ഇന്ത്യയുടെ വര്‍ധിച്ച തോതിലുള്ള പാമോയില്‍ ഇറക്കുമതി മൂലം ഇന്തോനേഷ്യയിലും മലേഷ്യയിലും മഴക്കാടുകള്‍ വന്‍തോതില്‍ നശിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്.
പാമോയില്‍ എങ്ങനെ കാടിനെ നശിപ്പിക്കുന്നു എന്ന ചോദ്യം സ്വഭാവികം. എന്നാല്‍ വര്‍ധിച്ചുവരുന്ന പാമോയില്‍ ഡിമാന്‍ഡിനെ നേരിടാന്‍ കര്‍ഷകര്‍ കാടു വെട്ടിത്തളിച്ച് എണ്ണപ്പനക്കൃഷി വ്യാപകമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതുമൂലം ഈ രാജ്യങ്ങളിലെ മഴക്കാടുകളിലുള്ള അപൂര്‍വയിനം സസ്യ ജന്തുവിഭാഗങ്ങളും നശിക്കുന്നു.

ലോക വനം വന്യജീവി ഫണ്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. വളരെ വിവേചനരഹിതമായിട്ടാണ് കാടുകള്‍ എണ്ണപ്പനയ്ക്കായി വെട്ടിവെളുപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാര്യം നാട്ടുകാരുടെ അവകാശങ്ങളെയും താത്പര്യങ്ങളെയും അവഗണിക്കുന്നു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാമോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഇരുരാജ്യങ്ങളിലെയും വനഭൂമിയുടെ മൂന്നിലൊന്ന് എണ്ണപ്പനക്കൃഷിക്കായി മാറ്റിക്കഴിഞ്ഞു. കുറെ വര്‍ഷങ്ങളായി ഇന്ത്യയുടെ ഇറക്കുമതിയും ഇരട്ടിയായി. ഇറക്കുമതിയുടെ 73 ശതമാനവും ഇന്തോനേഷ്യയില്‍ നിന്നാണ്.


2001 മുതല്‍ 2011 വരെ ഇന്ത്യയുടെ പാമോയില്‍ ഡിമാന്‍ഡ് 4.4% ആണ് വര്‍ധിച്ചത്. ആഗോള ഉപഭോഗത്തിന്റെ 23% ഇന്ത്യയാണു നിര്‍വഹിക്കുന്നത്.

ഇന്തോനേഷ്യന്‍, മലേഷ്യന്‍ കാടുകളുടെ വിസ്തൃതി കുറഞ്ഞുവരുന്നത് വന്യമൃഗങ്ങളുടെ നാശത്തിനും വഴിതെളിക്കുമെന്നു ഫണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു. കടുവ, കാണ്ടാമൃഗം, ആന, ഒറാംഗ്ഉട്ടാംഗ് തുടങ്ങി, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളുടെ നിലനില്‍പ്പ് ഒന്നുകൂടി പരുങ്ങലിലാകുമെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.