ഇന്ത്യയില്‍ നിക്ഷേപ സൌഹൃദ സര്‍ക്കാര്‍ വരണമെന്നു യുഎസ്
Friday, April 18, 2014 10:17 PM IST
വാഷിംഗ്ടണ്‍: നിക്ഷേപം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സാമ്പത്തിക നയങ്ങള്‍ ആവിഷ്കരിക്കുന്ന, കൂടുതല്‍ നിക്ഷേപ സൌഹൃദ സര്‍ക്കാരാണ് ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പില്‍ ഉദയം കൊള്ളേണ്ടതെന്ന് അമേരിക്ക അഭിപ്രായപ്പെടുന്നു. ഇന്ത്യയുമായി പ്രതിവര്‍ഷം 50,000 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്.

ദക്ഷിണേഷ്യയുടെ വളര്‍ച്ചയുടെ എന്‍ജിന്‍ എന്ന നിലയില്‍ ഇന്ത്യയുമായി ബന്ധപ്പെട്ടാണു മേഖലയുടെ വളര്‍ച്ച മുന്നോട്ടു പോകുകയെന്ന് സൌത്ത്, സെന്‍ട്രല്‍ ഏഷ്യ യുഎസ് അസിസ്റന്റ് സെക്രട്ടറി നിഷ ബിസ്വാള്‍ പറഞ്ഞു. അടുത്ത അഞ്ചുവര്‍ഷം അടിസ്ഥാന മേഖലയില്‍ 60,000 കോടി രൂപയുടെ നിക്ഷേപമാണു ഇന്ത്യയിലെ നേതാക്കള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍ നിക്ഷേപവളര്‍ച്ചയുടെ കാര്യത്തില്‍ തുടരുന്ന ചില നയങ്ങള്‍ ഇതിനെ പിന്നോട്ടുവലിക്കുകയാണ്.

നിക്ഷേപം നടത്തി ബിസിനസ് ആരംഭിക്കാന്‍ ഉതകുന്ന 189 രാജ്യങ്ങളില്‍ ഇന്ത്യയുടെ നില മോശമാണ്-134-ാംസ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യ തന്നെ അതിന്റെ ഭാവിമാര്‍ഗം തെരഞ്ഞെടുക്കണം.


ഹാര്‍വാഡ് സര്‍വകലാശാലയിലെ കെന്നഡി സ്കൂള്‍ ഓഫ് ഗവണ്‍മെന്റില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. നിക്ഷേപം ആകര്‍ഷിക്കാന്‍ ആവശ്യമായ പരിഷ്കരണം ആവിഷ്്കരിക്കണമോ... മുന്നിലുള്ള അവസരങ്ങളെ ധനസമ്പുഷ്ടമാക്കണമോ.. എന്നീ രണ്ടു ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഇന്ത്യന്‍ സമ്മതിദായകര്‍ നല്‍കുന്നത്.

അമേരിക്ക ഉത്തരം ആഗ്രഹിക്കുന്ന ചോദ്യങ്ങളും ഇവയാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഏഷ്യയിലെ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയായ ഇന്ത്യയിലെ വളര്‍ച്ചാനിരക്ക് അഞ്ചുശതമാനത്തിലും താഴെയാണ്. കുറഞ്ഞ നിക്ഷേപവും ഉയര്‍ന്ന ഡിമാന്‍ഡുമാണ് ഇതിനു കാരണം. 1980നു ശേഷം ഇത്രയും താഴുന്നത് ആദ്യമായാണെന്ന് അവര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.