വിദേശനാണ്യ കരുതല്‍ ശേഖരം ഉയര്‍ന്നു
വിദേശനാണ്യ കരുതല്‍ ശേഖരം ഉയര്‍ന്നു
Sunday, April 20, 2014 11:24 PM IST
മുംബൈ: രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം 30,944 കോടി ഡോളറായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏപ്രില്‍ 11 വരെയുള്ള കാലയളവില്‍ കരുതല്‍ ശേഖരം 279 കോടി ഡോളറിന്റെ വര്‍ധന രേഖപ്പെടുത്തിയതായി ആര്‍ബിഐ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

വിദേശനാണ്യ ആസ്തികളിലും നടപ്പുവര്‍ഷം പ്രകടമായ കുതിച്ചുചാട്ടമുണ്ടായി. ആര്‍ബിഐ കണക്കുകള്‍ പ്രകാരം വിദേശനാണ്യ കരുതല്‍ ശേഖരത്തിലെ പ്രധാന ഘടകമായ വിദേശനാണ്യ ആസ്തികള്‍ 274 കോടി ഡോളറിന്റെ വര്‍ധനയോടെ 28,155 കോടി ഡോളറായി ഉയര്‍ന്നു.

കരുതല്‍ ശേഖരത്തിലെ പൌണ്ട് സ്റെര്‍ലിംഗ്, യൂറോ, യെന്‍ തുടങ്ങിയ വിദേശനാണ്യങ്ങളുടെ മൂല്യത്തിലുണ്ടാകുന്ന വര്‍ധനയും ഇടിവും യുഎസ് ഡോളറിന്റെ അടിസ്ഥാനത്തിലാണ് വിദേശനാണ്യ ആസ്ഥികള്‍ രേഖപ്പെടുത്തുന്നത്.


അന്തര്‍ദേശീയ നാണ്യനിധിയിലെ (ഐഎംഎഫ്) രാജ്യത്തിന്റെ കരുതല്‍ ശേഖരവും ഉയര്‍ന്നു. ഐഎംഎഫിലെ കരുതല്‍ശേഖരം ഈ കാലയളവില്‍ 1.48 കോടി ഡോളറിന്റെ വര്‍ധനയോടെ 184 കോടി ഡോളറായി ഉയര്‍ന്നു.

പ്രത്യേക പിന്‍വലിക്കല്‍ അവകാശത്തിന്റെ (എസ്ഡിആര്‍) മൂല്യത്തിലും വര്‍ധനയുണ്ടായി. മൂല്യം 3.59 കോടി ഡോളറിന്റെ വര്‍ധനയോടെ 448 കോടി ഡോളറായി ഉയര്‍ന്നു. എന്നാല്‍ സ്വര്‍ണത്തിന്റെ കരുതല്‍ മൂല്യം 2,156 കോടി ഡോളറില്‍ മാറ്റമില്ലാതെ തുടര്‍ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.