ഫിഷ് മെയ്ഡ് വിപണിയിലേക്ക്
Sunday, April 20, 2014 11:26 PM IST
കൊച്ചി: അയലയും ചാളയും കൊഴുവയും മറ്റും ഇനി ക്രിസ്പി ക്രെസന്റ്, സ്പ്രിംഗ് റോള്‍, ക്യൂട് ടോട്സ്, ഫിഷ് സമൂസ, ഫിഷ് കോഫ്ത്താ ബോള്‍ എന്നീ രൂപങ്ങളില്‍ കേരള സ്റേറ്റ് കോസ്റല്‍ ഏരിയ ഡെവലപ്മെന്റ് കോര്‍പറേഷന്റെ (കെഎസ്സിഎഡിസി) ഫിഷ് മെയ്ഡ് മൂല്യവര്‍ധിത ഭക്ഷ്യവിഭവങ്ങളായി വിപണിയിലേക്ക്.

കാര്‍ഷിക ഗവേഷണത്തിനായുള്ള ഇന്ത്യന്‍ കൌണ്‍സിലിന്റെ (ഐസിഎആര്‍) കീഴിലുള്ള ദേശീയ കാര്‍ഷിക നവീകരണ പദ്ധതിയുടെ (എന്‍എഐപി) സഹകരണത്തോടെയാണ് ഭക്ഷ്യസംസ്കരണ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.

മത്സ്യബന്ധന മേഖലകളില്‍പ്പെട്ട വനിതാ ഗ്രൂപ്പുകളാണ് ഇപ്പോള്‍ ഫിഷ് മെയ്ഡ് നിര്‍മിക്കുന്നത്. എറണാകുളം, പാലക്കാട്, കൊല്ലം ജില്ലകളിലെ നാലു വനിതാ ഗ്രൂപ്പുകള്‍ക്ക് ഇതിന് അനുവാദം നല്‍കിയിട്ടുണ്ട്. ഈ ജില്ലകളിലെ കെടിഡിസി റെസ്റോറന്റുകളില്‍ ഫിഷ് മെയ്ഡ് ഉത്പന്നങ്ങള്‍ ലഭ്യമാണ്. വിവിധ മേളകളിലും പ്രദര്‍ശനങ്ങളിലും ട്രയല്‍ വിപണനം നടത്തും.


ഒരു മൈക്രോ യൂണിറ്റിന്റെ പ്രതിമാസ ഉത്പാദന ശേഷി ഒരു ടണ്‍ വരെ ഫിഷ് മെയ്ഡ് ആണ്. 60 സ്ത്രീകള്‍ ജോലി ചെയ്യുന്ന കൊല്ലത്തെ വലിയ യൂണിറ്റിന്റെ ഉതാപാദനശേഷി ഇതിന്റെ നാലിരട്ടി വരും.

തീരദേശ മേഖലയില്‍ കൂടുതല്‍ മൈക്രോ യൂണിറ്റുകള്‍ സ്ഥാപിക്കാനും ഉത്പാദനം വാണിജ്യാടിസ്ഥാനത്തില്‍ ആക്കാനും വിപണനത്തിനായി നൂറു സിഗ്നേച്ചര്‍ ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കാനുമാണ് കെഎസ്സിഎഡിസിയുടെ പരിപാടി.

ചെറുതും വലുതുമായ സംരംഭകര്‍, മത്സ്യബന്ധന സ്വാശ്രയ സംഘങ്ങള്‍, ഭക്ഷ്യവ്യവസായ സംഘങ്ങള്‍, എന്‍ജിഒകള്‍ എന്നിവയെക്കൂടി ഫിഷ് മെയ്ഡ് ഉതാപാദന രംഗത്ത് പങ്കെടുപ്പിക്കാനും എസ്സിഎഡിസിക്കു പരിപാടിയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.