സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ 1001-ാമത് എടിഎമ്മും കിയോസ്ക് ബാങ്കിംഗും ഉദ്ഘാടനം ചെയ്തു
സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ 1001-ാമത് എടിഎമ്മും കിയോസ്ക് ബാങ്കിംഗും  ഉദ്ഘാടനം ചെയ്തു
Wednesday, April 23, 2014 10:09 PM IST
തിരുവനന്തപുരം: സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ 1001-ാമത് എടിഎമ്മിന്റെ ഉദ്ഘാടനം തിരുവനന്തപുരത്തു ഗവര്‍ണര്‍ ഷീലാ ദീക്ഷിത് നിര്‍വഹിച്ചു. ബാങ്കിംഗ് മേഖലയില്‍ വികസനത്തിനൊപ്പം പ്രവര്‍ത്തനത്തില്‍ സ്ഥിരത കൈവരിക്കാന്‍ സൌത്ത് ഇന്ത്യന്‍ ബാങ്കിന് കഴിഞ്ഞത് നേട്ടമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ആഗോളവത്കരണ ഫലമായി അന്തര്‍ദേശീയ സാങ്കേതിക വിദ്യകളുടെ കടന്നുവരവാണ് ക്വിയോസ്ക് ബാങ്കിംഗ് സംവിധാനത്തിലൂടെ ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു. സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ കിയോസ്ക് ബാങ്കിംഗിന്റെ ഉദ്ഘാടനവും ചടങ്ങില്‍ ഗവര്‍ണര്‍ നിര്‍വഹിച്ചു. ബൈപ്പാസില്‍ ആനയറ വേള്‍ഡ് മാര്‍ക്കറ്റിലാണ് എടിഎമ്മും കിയോസ്ക് ബാങ്കിംഗും ആരംഭിച്ചത്.

ബാങ്ക് എംഡിയും സിഇഒയുമായ ഡോ. വി.എ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കൃഷി മന്ത്രി കെ.പി.മോഹന്‍ അധ്യക്ഷനായിരുന്നു. ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടര്‍ വി.ജി. മാത്യു സ്വാഗതവും എക്സിക്യുട്ടീവ് ഡയറക്ടര്‍ എബ്രഹാം തര്യന്‍ നന്ദിയും പറഞ്ഞു.


ബാങ്കിംഗ് സൌകര്യം നിലവില്‍ ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ സേവനം നല്‍കുന്നതിനായി അക്ഷയ കേന്ദ്രങ്ങളുമായി സഹകരിച്ച് ബാങ്ക് കിയോസ്ക് മാതൃകയിലുള്ള ബാങ്കിംഗ് സംവിധാനം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അമ്പതില്‍പരം കേന്ദ്രങ്ങളില്‍ നടപ്പാക്കിയ പദ്ധതി വ്യാപിപ്പിക്കും.

കിയോസ്ക് കേന്ദ്രത്തില്‍ കെവൈസി രേഖകളും ബയോമെട്രിക് വിശദാംശങ്ങളും നല്‍കി പുതിയ അക്കൌണ്ട് തുടങ്ങാനാകും. ഡെബിറ്റ്, ക്രഡിറ്റ് ഇടപാടുകള്‍ നടത്തുന്നതിനൊപ്പം അടിസ്ഥാന ബാങ്കിംഗ് സേവനങ്ങളും ലഭ്യമാകും. ഇടപാടുകാര്‍ക്ക് എടിഎം കാര്‍ഡോ ചെക്ക് ലീഫോ ഇല്ലാതെ ഇടപാടുകള്‍ നടത്താനാകും.

നിക്ഷേപം പിന്‍വലിക്കല്‍, ഫണ്ട് ട്രാന്‍സ്ഫര്‍, ബാലന്‍സ് എന്‍ക്വയറി, കാലാവധി നിക്ഷേപങ്ങളും സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങളും ആരംഭിക്കല്‍, മിനി സ്റേറ്റ്മെന്റ്, ആര്‍ഡി റെമിറ്റന്‍സ്, വായ്പ തിരിച്ചടക്കല്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ കിയോസ്ക് കേന്ദ്രങ്ങളില്‍ നിന്ന് ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.