സൌത്ത് ഇന്ത്യന്‍ ബാങ്കിന് എക്കാലത്തെയും ഉയര്‍ന്ന വാര്‍ഷിക അറ്റാദായം- 507.50 കോടി
സൌത്ത് ഇന്ത്യന്‍ ബാങ്കിന് എക്കാലത്തെയും ഉയര്‍ന്ന വാര്‍ഷിക അറ്റാദായം- 507.50 കോടി
Friday, April 25, 2014 9:44 PM IST
തൃശൂര്‍: സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ വാര്‍ഷിക അറ്റാദായം എക്കാലത്തെയും ഉയര്‍ന്ന തുകയായ 507.50 കോടി രൂപ രേഖപ്പെടുത്തി. 2012-2013ല്‍ ഇത് 502.27 കോടി രൂപയായിരുന്നു. ബാങ്കിന്റെ പ്രതി ഓഹരി ലാഭവിഹിതം 0.80 രൂപ നല്‍കാന്‍ ശിപാര്‍ശ ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ പ്രതി ഓഹരി ലാഭവിഹിതം 0.70 രൂപയായിരുന്നു.

സാമ്പത്തികരംഗത്തെ ആശാവഹമല്ലാത്ത അവസ്ഥ മുന്നില്‍ക്കണ്ടുകൊണ്ട് ഏറെ ശ്രദ്ധയോടെ തന്ത്രങ്ങള്‍ ആവിഷ്കരിച്ചതാണ് മികച്ച പ്രവര്‍ത്തനഫലം കൈവരിക്കാന്‍ ബാങ്കിനെ പ്രാപ്തമാക്കിയതെന്നു എംഡിയും സിഇഒയുമായ ഡോ. വി.എ. ജോസഫ് പറഞ്ഞു. ബാങ്കിന്റെ മൊത്തം ബിസിനസ് 76,425 കോടി രൂപയില്‍നിന്നും 7,675 കോടി രൂപയുടെ വര്‍ധനവോടെ (10.04 ശതമാനം വളര്‍ച്ച) 84,100 കോടി രൂപയായി. മൊത്തം നിക്ഷേപങ്ങള്‍ 44,262 കോടി രൂപയില്‍ നിന്നും 3,228 കോടി (7.29 ശതമാനം) വര്‍ധനവോടെ 47,491 കോടി രൂപയായി ഉയര്‍ന്നു. വായ്പകള്‍ 32,163 കോടി രൂപയില്‍ നിന്നും 4,446 കോടി രൂപ വര്‍ധിച്ച് 36,609 കോടി രൂപയായി (13.82 ശതമാനം വളര്‍ച്ച നിരക്ക്). കോര്‍ നിക്ഷേപങ്ങള്‍ 28095 കോടി രൂപയില്‍നിന്നും 20.10 ശതമാനം വളര്‍ച്ചയോടെ 33741 കോടി രൂപയായി. കാസ നിക്ഷേപങ്ങള്‍ 8,233 കോടി രൂപയില്‍നിന്നും 1,592 കോടി രൂപ വര്‍ധിച്ച് 9,825 കോടി രൂപയായി. ഇതു മൊത്തം നിക്ഷേപങ്ങളുടെ 20.69 ശതമാനമാണ്.

ബാങ്കിന്റെ മൊത്തം വരുമാനം 2012-2013ലെ 4769.22 കോടി രൂപയില്‍ നിന്നും 12.88 ശതമാനം വളര്‍ച്ചയോടെ 5,383.52 കോടി രൂപയായി.

അറ്റ പലിശ വരുമാനം മൂന്നു ശതമാനത്തിനുമേല്‍ നിലനിര്‍ത്താന്‍ സാധിച്ചതിനാലാണ് അറ്റാദായത്തില്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചതെന്നു ഡോ. വി.എ. ജോസഫ് പറഞ്ഞു. നിഷ്ക്രിയ ആസ്തികളുടെ തിരിച്ചടവില്‍ വര്‍ധന വരുത്തുക വഴി നിഷ്ക്രിയ ആസ്തിയും അറ്റ നിഷ്ക്രിയ ആസ്തിയും യഥാക്രമം 1.19 ശതമാനം, 0.78 ശതമാനം എന്നിങ്ങനെ കുറയ്ക്കുവാന്‍ സാധിച്ചു. ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ ഇതു യഥാക്രമം 1.66 ശതമാനം, 1.18 ശതമാനം ആയിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇവ 1.20 ശതമാനവും ഒരു ശതമാനവും ആയി നിലനിര്‍ത്താനാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ബാങ്കിന്റെ പ്രതി ഓഹരി വരുമാനം 3.78 രൂപയാണ് രേഖപ്പെടുത്തിയത്. പ്രതി ഓഹരി മൂല്യം 2013 മാര്‍ച്ച് 31ലെ 22.44 രൂപയില്‍നിന്നും 2014 മാര്‍ച്ച് 31ന് 25.08 രൂപയായി ഉയര്‍ന്നു.


ബാസല്‍ രണ്ട്, ബാസല്‍ മൂന്ന് ചട്ടക്കൂടുകള്‍ക്കു കീഴില്‍ ബാങ്കിന്റെ മൂലധനപര്യാപ്തത റിസര്‍വ് ബാങ്ക് നിഷ്കര്‍ച്ചിട്ടുള്ള ഒമ്പതു ശതമാനത്തിനു മുകളില്‍ യഥാക്രമം 12.53 ശതമാനം, 12.42 ശതമാനം ആയി നിലനിര്‍ത്തുവാന്‍ സാധിച്ചു.

2014 മാര്‍ച്ച് 31വരെയുള്ള കാലയളവില്‍ 50 ശാഖകളും 200 എടിഎമ്മുകളും ആരംഭിച്ചു. ഇപ്പോള്‍ മൊത്തം ശാഖകളുടെയും എടിഎമ്മുകളുടെയും എണ്ണം യഥാക്രമം 800ഉം 1000ഉം ആണെന്ന് ഡോ. വി.എ. ജോസഫ് അറിയിച്ചു.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് കൈവരിക്കാനും ശാഖകളുടെയും എടിഎമ്മുകളുടെയും എണ്ണം 850ഉം 1200ഉം ആയി ഉയര്‍ത്താനുമാണ് ബാങ്ക് പദ്ധതിയിടുന്നത്. പദ്ധതിപ്രകാരം അരുണാചല്‍ പ്രദേശിലും സിക്കിമിലും ഈ വര്‍ഷം ശാഖകള്‍ ആരംഭിച്ചുകഴിഞ്ഞാല്‍ സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ സാന്നിധ്യമില്ലാത്ത ഏക സംസ്ഥാനം മണിപ്പൂര്‍ ആയിരിക്കും. ഇപ്പോള്‍ മൊത്തം ജീവനക്കാരുടെ എണ്ണം 7041 ആണ്. നടപ്പുസാമ്പത്തിക വര്‍ഷാന്ത്യത്തോടെ ഇത് 7500 ആയി ഉയര്‍ത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.

സണ്‍ഡേ സ്റാന്‍ഡേഡ് ബെസ്റ് ബാങ്കേഴ്സ് 2013 അവാര്‍ഡ് ചടങ്ങില്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ. വി.എ. ജോസഫ് നാലു പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു. മധ്യനിര ബാങ്കുകളിലെ ഏറ്റവും മികച്ച ബാങ്കര്‍, മികച്ച സ്വകാര്യ മേഖലാ ബാങ്കര്‍, ബെസ്റ് ബാങ്കര്‍ ഓള്‍ റൌണ്ട് എക്സ്പാന്‍ഷന്‍, ബെസ്റ് ബാങ്കര്‍ എഫിഷ്യന്‍സി ആന്‍ഡ് പ്രോഫിറ്റബിലിറ്റി എന്നീ പുരസ്കാരങ്ങളാണ് നേടിയത്.

ബിസിനസ് ടുഡേ പുറത്തിറക്കിയ ഇന്ത്യയിലെ ഏറ്റവും മികച്ച നൂറു സിഇഒമാരുടെ പട്ടികയില്‍ ഡോ. വി.എ. ജോസഫ് ഇടം നേടി. പ്രതികൂലമായ വിപണിസാഹചര്യങ്ങളിലും തങ്ങളുടെ സ്ഥാപനങ്ങളെ ഉജ്ജ്വലമായ വിജയത്തിലേക്ക് നയിച്ച സ്ഥാപന മേധാവികളെയാണ് പട്ടികയിലേക്ക് പരിഗണിച്ചിരുന്നത്. ബിസിനസ് ടുഡേ, കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പിഡബ്ള്യുസി ഇന്ത്യയുടെ വിവരസഹായത്തോടെയാണ് പട്ടിക തയാറാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.