അഡിഡാസിന്റെ ചൈനീസ് പ്ളാന്റില്‍ സമരം, ഓര്‍ഡര്‍ മാറ്റുന്നു
അഡിഡാസിന്റെ  ചൈനീസ് പ്ളാന്റില്‍ സമരം, ഓര്‍ഡര്‍ മാറ്റുന്നു
Friday, April 25, 2014 9:44 PM IST
ഷാംഗ്ഹായ്: ജര്‍മന്‍ സ്പോര്‍ട്സ്വെയര്‍ കമ്പനിയായ അഡിഡാസിന്റെ ഡോന്‍ഗുവാനിലെ പ്ളാന്റില്‍ തൊഴിലാളി സമരം ശക്തമായതോടെ ഓര്‍ഡറുകള്‍ അവിടെ നിന്നു മാറ്റാന്‍ തീരുമാനിച്ചു. ചൈനയിലെ ഏറ്റവും വലിയ തൊഴിലാളി സമരമാണ് ഡോന്‍ഗുവാനില്‍ നടക്കുന്നത്. പേള്‍ നദീതട പ്രദേശമാണിത്. ഇവിടെ നടക്കുന്ന സമരം അഡിഡാസിനു മാത്രമല്ല മറ്റു സംരംഭകര്‍ക്കും ഭീഷണിയായിരിക്കുകയാണ്. വേതന വര്‍ധനയും സാമൂഹിക സുരക്ഷാ ആനുകൂല്യവും ആവശ്യപ്പെട്ടാണു തൊഴിലാളികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ പത്തുദിവസമായി തുടരുന്ന സമരം അഡിഡാസിനെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കുന്നതും ചൈനയില്‍ നിന്നു തന്നെയാണ്. തങ്ങളെ സംബന്ധിച്ചിടത്തോളം ചൈന വളരെ തന്ത്രപ്രധാനമായ വിപണിയാണെന്നും അഡിഡാസ് സമ്മതിക്കുന്നു. 40,000 ഓളം പേര്‍ പ്ളാന്റില്‍ ജോലി ചെയ്യുന്നുണ്ട്. നൈക് പോലെയുള്ള എതിര്‍ കമ്പനികള്‍ക്ക് അനുബന്ധ ഘടകങ്ങളും അഡിഡാസ് ഈ പ്ളാന്റില്‍ നിന്നു നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 30 കോടി ഷൂസാണ് ചൈന പ്ളാന്റില്‍ നിന്ന് വിറ്റത്.


ചൈനയില്‍ തൊഴില്‍ ശക്തി കുറഞ്ഞുവരുന്നത് നിലവിലുള്ള തൊഴില്‍ വിഭാഗത്തിന് വളരെ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വേതനം, ആനുകൂല്യ വര്‍ധനകള്‍ ആവശ്യപ്പെട്ട് അവര്‍ പല വന്‍കിട കമ്പനികളിലും പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഹുനാന്‍ പ്രവിശ്യയില്‍ യുഎസ് കമ്പനി വാള്‍മാര്‍ട്ട് സ്റോറിലും അടുത്തിടെ തൊഴില്‍ സമരം നടന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.