ശ്രീ ഗോകുലം ഗ്രൂപ്പിന്റെ 46-ാം വാര്‍ഷികമാഘോഷിച്ചു
ശ്രീ ഗോകുലം ഗ്രൂപ്പിന്റെ 46-ാം വാര്‍ഷികമാഘോഷിച്ചു
Tuesday, July 22, 2014 10:33 PM IST
കൊച്ചി: 8,000 കോടി രൂപ ഗ്രൂപ്പ് ടേണോവറോടെ ചിട്ടി, ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യരക്ഷ, ഫുഡ് ആന്‍ഡ് ബിവറേജസ്, മീഡിയ, എന്റര്‍ടെയ്ന്‍മെന്റ് മേഖലകളിലെ പ്രമുഖ ഗ്രൂപ്പായ ശ്രീ ഗോകുലം ഗ്രൂപ്പിന്റെ 46-ാം വാര്‍ഷികാഘോഷ പരിപാടികള്‍ കൊച്ചിയില്‍ നടന്നു. ഫിനാന്‍സ്, ടൂറിസം മേഖലകളില്‍ വന്‍ പദ്ധതികള്‍ക്കാണു ഗ്രൂപ്പ് തയാറെടുക്കുന്നതെന്നു ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഗോകുലം ഗോപാലന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സ്വര്‍ണവായ്പ, ഭവനവായ്പ തുടങ്ങിയ സേവനങ്ങള്‍ക്കായി റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ ബാങ്കിംഗ് ഇതര ഫിനാന്‍സ് കമ്പനി (എന്‍ബിഎഫ്സി) നടത്തിപ്പിലേക്കു കടക്കും റിസര്‍വ് ബാങ്ക് ഇപ്പോള്‍ പുതിയ എന്‍ബിഎഫ്സികള്‍ക്കു ലൈസന്‍സ് നല്‍കാത്തതുകൊണ്ട് നിലവിലുള്ള ഏതെങ്കിലും എന്‍ബിഎഫ്സിയെ ഏറ്റെടുക്കാനാണു നീക്കം.

വിവിധ മേഖലകളിലായി 12,000 പേര്‍ ഗ്രൂപ്പില്‍ ജോലി ചെയ്യുന്നുണ്ട്. ചിട്ടി ബിസിനസ് മാത്രം 6,000 കോടി രൂപയിലേറെയായി വളര്‍ന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ചിട്ടി നിയമം നിര്‍ബന്ധമാക്കുന്നതിന് ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ സ്വമേധയാ കേന്ദ്ര ചിട്ടി നിയമത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണു ശ്രീ ഗോകുലമെന്നു ഗോകുലം ഗോപാലന്‍ പറഞ്ഞു.

ഗ്രൂപ്പിന് ഇപ്പോള്‍ 10 നക്ഷത്ര ഹോട്ടലുകളുണ്ട്. ചെന്നൈയിലും കോയമ്പത്തൂരും രണ്ടു ത്രീ സ്റാര്‍ ഹോട്ടലുകള്‍ കൂടി തുറക്കും. കോഴിക്കോട് ഷോപ്പിംഗ് മാള്‍ അടുത്ത വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും. നിലവില്‍ നാലു സ്കൂളുകളുള്ള ഗ്രൂപ്പ് കോഴിക്കോടും മലപ്പുറത്തും പുതിയ രണ്ട് സ്കൂളുകള്‍ കൂടി ആരംഭിക്കും. തിരുവനന്തപുരത്ത് സ്ഥാപിച്ച മെഡിക്കല്‍ കോളജ് പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. രോഗികള്‍ക്കു സൌജന്യമായ ചികിത്സയും ഭക്ഷണവും നല്‍കുന്നതുള്‍പ്പെടെ വന്‍തോതിലുള്ള സാമൂഹ്യസേവന പദ്ധതികളാണ് നടപ്പാക്കി വരുന്നത്.


പുതിയ കമ്പനിയായ ശ്രീ ഗോകുലം ക്രൂയ്സ് ലൈന്‍സ് ആന്‍ഡ് റിസോര്‍ട്സ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൊച്ചിയിലെ ആദ്യത്തെ ഹൌസ് ബോട്ട് ഈ കമ്പനി നീറ്റിലിറക്കിയതായി ഗോകുലം ഗോപാലന്‍ പറഞ്ഞു. 46-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ജീവനക്കാരുടെ കുടുംബസംഗമം എറണാകുളത്തെ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നു. ഗോകുലം ഡേ നാളെ ചൈന്നൈയിലും നടക്കും.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മുന്‍ എംപി ഡോ. സെബാസ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ സിദ്ദിഖ്, കൌണ്‍സിലര്‍ ഗ്രേസി ജോസഫ്, ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, പൈപ്പ് ഫീല്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. ഭാസ്കരന്‍, കെ.ആര്‍. ഗ്രൂപ്പ് ചെയര്‍മാന്‍ കെ.ആര്‍. ബാലന്‍, സംഗീതസംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍, ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, ഡയറക്ടര്‍ ജലജ ഗോപാലന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബൈജു ഗോപാലന്‍, ഡയറക്ടര്‍ ഓപ്പറേഷന്‍സ് വി.സി. പ്രവീണ്‍, ശ്രീ ഗോകുലം ചിറ്റ്സ് റീജണല്‍ ഹെഡ് പി. സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 3,000 ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്ത ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.