ഔഷധി ഫാക്ടറി നവീകരണ നിര്‍മാണോദ്ഘാടനവും ബോയിലര്‍ ശിലാസ്ഥാപനവും നാളെ
Thursday, July 31, 2014 12:50 AM IST
തൃശൂര്‍: ഔഷധി കുട്ടനെല്ലൂര്‍ ഫാക്ടറി നവീകരണത്തിന്റെ നിര്‍മാണോദ്ഘാടനവും പുതിയ എട്ടു ടണ്‍ ബോയിലറിന്റെ ശിലാസ്ഥാപനവും നാളെ കുട്ടനെല്ലൂര്‍ ഔഷധി ഓഡിറ്റോറിയത്തില്‍ നടക്കുമെന്നു ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്ക്ക് 12.30നു നടക്കുന്ന ചടങ്ങില്‍ ഫാക്ടറി നവീകരണത്തിന്റെ നിര്‍മാണോദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ബോയിലര്‍ ശിലാസ്ഥാപനം ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറും നിര്‍വഹിക്കും. എം.പി. വിന്‍സെന്റ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. എട്ടുകോടി രൂപയാണ് ഫാക്ടറി നവീകരണത്തിനു പ്രതീക്ഷിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ഫാക്ടറിയുടെ പാക്കിംഗ് അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തും. ക്ളീന്‍ റൂം, ശീതീകരണ സംവിധാനങ്ങള്‍ നടപ്പാക്കും. ഉത്പാദനം മൂന്നിരട്ടിയായി വര്‍ധിപ്പിക്കുന്നതിനുള്ള ആധുനിക യന്ത്രസാമഗ്രികള്‍ സ്ഥാപിക്കും. ഫര്‍ണസ് ഓയില്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ബോയിലറിന്റെ ഫര്‍ണസ് ഓയിലിനുമാത്രം ഏഴുകോടി രൂപയാണ് ചെലവുവരുന്നത്. വിറകില്‍ പ്രവര്‍ത്തിക്കുന്ന ബോയിലര്‍ സ്ഥാപിക്കുന്നതോടെ അഞ്ചുകോടി രൂപയാണ് പ്രതിവര്‍ഷലാഭം പ്രതീക്ഷിക്കുന്നത്. രണ്ടു പദ്ധതികളും ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഔഷധി പഞ്ചകര്‍മ ആശുപത്രിയുടെ പുതിയ ബ്ളോക്കിന്റെ തറക്കല്ലിടല്‍ ഓഗസ്റ് രണ്ടാംവാരത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. പത്രസമ്മേളനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ കെ. ശശിധരന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ രഘുനന്ദനമേനോന്‍, ഔഷധി പഞ്ചകര്‍മ ആശുപത്രി സൂപ്രണ്ട് ഡോ.കെ.എസ്. രജിതന്‍ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.