ആര്‍ബിഐ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ല: എച്ച്എസ്ബിസി
ആര്‍ബിഐ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ല: എച്ച്എസ്ബിസി
Thursday, July 31, 2014 12:51 AM IST
മുംബൈ: അടുത്തമാസം പുറത്തുവരാനിരിക്കുന്ന നയപ്രഖ്യാപനത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പലിശനിരക്കുകളില്‍ മാറ്റംവരുത്തിയേക്കില്ലെന്ന് ആഗോള ധനകാര്യസ്ഥാപനമായ എച്ച്എസ്ബിസി അഭിപ്രായപ്പെട്ടു. വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും നാണ്യപ്പെരുപ്പം മയപ്പെടുത്തുന്നതിനും മുന്‍ഗണന നല്‍കുമെന്നാണു കഴിഞ്ഞ നയപ്രഖ്യാപനത്തില്‍ ബാങ്ക് വ്യക്തമാക്കിയത്.

ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ നിലവിലെ സാഹചര്യത്തില്‍ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയില്ലെന്നും നടപ്പുവര്‍ഷത്തിന്റെ അവസാന പാദത്തില്‍ മാത്രമാണ് നിരക്കുവര്‍ധനയ്ക്ക് സാധ്യതയെന്നും എച്ച്എസ്ബിസി വിലയിരുത്തി.
എന്നാല്‍ കുറഞ്ഞ തോതില്‍ ലഭിക്കുന്ന മഴ ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധനയ്ക്കു കാരണമാകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്െടന്നും റിപ്പോര്‍ട്ട് പറയുന്നു. ഓഗസ്റ് അഞ്ചിനാണ് ആര്‍ബിഐയുടെ നയപ്രഖ്യാപനം.

ജൂണ്‍ മൂന്നിലെ നയപ്രഖ്യാപനത്തില്‍ തന്ത്രപ്രധാന നിരക്കുകളില്‍ മാറ്റം വരുത്താതിരുന്ന ആര്‍ബിഐ ഗവണ്‍മെന്റ് സെക്യൂരിറ്റികളില്‍ ബാങ്കുകള്‍ നിക്ഷേപിക്കേണ്ടിയിരുന്ന തുകയുടെ നിരക്ക് ഇളവുചെയ്തുകൊണ്ട് 40,000 കോടി രൂപ വിപണിയിലേക്ക് ഒഴുക്കുകയും ചെയ്തിരുന്നു.


യുഎസും യുകെയും നയിക്കുന്ന ആഗോള സാമ്പത്തിക വിപണി ഇതിനകം തന്നെ വേഗതയാര്‍ജിച്ചുകഴിഞ്ഞുവെന്നും എന്നാല്‍ ഇന്ത്യയില്‍ ഈ വളര്‍ച്ച നാമമാത്രമാണെന്നും ഇവയെ നിയന്ത്രിക്കുന്നത് അഭ്യന്തര-വിദേശ ആവശ്യങ്ങളാണെന്നും എച്ച്എസ്ബിസി റിപ്പോര്‍ട്ടില്‍ പറയുന്നു

ജൂണിലെ ദുര്‍ബലമായ ഭക്ഷ്യനാണ്യപ്പെരുപ്പം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനു കൂടുതല്‍ സമയം നല്‍കാന്‍ ആര്‍ബിഐയെ പ്രേരിപ്പിക്കും.

അതോടൊപ്പം നാണ്യപ്പെരുപ്പം വര്‍ഷാവസാനത്തേക്കു കണക്കാക്കിയിരിക്കുന്ന നിലയിലേക്ക് വളരെ അടുത്തതും നിരക്കുവര്‍ധനയില്‍ നിന്നു പിന്തിരിപ്പിക്കുമെന്ന് എച്ച്എസ്ബിസി കണക്കുകൂട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.