ഐടി-ടെലികോം: അടിസ്ഥാനവികസനത്തിന് 69,500 കോടി
ഐടി-ടെലികോം: അടിസ്ഥാനവികസനത്തിന് 69,500 കോടി
Saturday, August 23, 2014 11:06 PM IST
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍, വിവിധ ഐടി-ടെലിക്കോം പദ്ധതികളില്‍ അടിസ്ഥാനവികസനത്തിനായി 2019 ഓടെ സര്‍ക്കാര്‍ 65,500 കോടി രൂപ ചെലവഴിക്കുമെന്നു റിപ്പോര്‍ട്ട്. ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിലൂടെയുള്ള വികസനത്തിന് ബ്രോഡ്ബാന്‍ഡും മൊബൈല്‍ നെറ്റ്വര്‍ക്കും അത്യന്താപേക്ഷിത ഘടകമാണെന്നു വ്യക്തമാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ വന്‍തോതിലുള്ള നിക്ഷേപങ്ങള്‍ക്കൊരുങ്ങുന്നത്.

രണ്ടര ലക്ഷം ഗ്രാമപഞ്ചായത്തുകളെ ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്കിലൂടെ ബന്ധിപ്പിക്കുന്ന പദ്ധതിക്കായി യുപിഎ സര്‍ക്കാര്‍ വകയിരുത്തിയ 20,000 കോടി രൂപ എന്‍ഡിഎ സര്‍ക്കാര്‍ 32,000 കോടി രൂപയായി വര്‍ധിപ്പിച്ചു. ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്കിലൂടെ ഇവയെ ബന്ധിപ്പിക്കാനുള്ള കാലാവധി 2017 മാര്‍ച്ച് എന്നത് ഡിസംബര്‍ 2016 ആയി ചുരുക്കുകയും ചെയ്തതായി ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.

മൊബൈല്‍ നെറ്റ്വര്‍ക്ക് കണക്ഷനുകളില്ലാത്ത ഏകദേശം 42,300 ഗ്രാമങ്ങളില്‍ 2018ഓടെ കണക്ടിവിറ്റി എത്തിക്കുന്നതിനായി 16,000 കോടി രൂപയാണു കണക്കാക്കിയിരിക്കുന്നത്. കൂടാതെ ദേശീയ വിവരസാങ്കേതിക മേഖലയുടെ അടിസ്ഥാന വികസനത്തിനായി 15,686 കോടി രൂപയും നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.


നാഷണല്‍ നോളജ് നെറ്റ്വര്‍ക്ക്, എന്‍ഒഎഫ്എന്‍ തുടങ്ങിയ നിലവിലുള്ള പദ്ധതികളെ ഇതിന്റെ ഭാഗമാക്കി പുനര്‍നവീകരിക്കും. ദേശീയ ഗ്രാമ ഇന്റര്‍നെറ്റ് മിഷനു കീഴില്‍ രണ്ടര ലക്ഷം ഗ്രാമങ്ങളില്‍ പെതുസേവന കേന്ദ്രങ്ങള്‍ക്കായി (സിഎസ്സി) 4,750 കോടി രൂപയും ചെലവഴിക്കും. ഗ്രാമങ്ങളിലുള്ളവര്‍ക്ക് ഓഫീസുകള്‍ സന്ദര്‍ശിക്കാതെതന്നെ ജനന സര്‍ട്ടിഫിക്കറ്റ്, ട്രെയിന്‍ ടിക്കറ്റ് തുടങ്ങിയവ നേടുന്നതിനായുള്ള സിഎസ്സികള്‍ നിലവില്‍ 1.3 ലക്ഷം കേന്ദ്രങ്ങളിലാണു പ്രവര്‍ത്തിച്ചുവരുന്നത്.

കൂടാതെ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഒരു കോടി വിദ്യാര്‍ഥികളെ ഐടി മേഖലകളില്‍ ജോലിക്കു പ്രാപ്തരാക്കുന്നതിനു പരിശീലനം നല്‍കാന്‍ 200 കോടി രൂപ ചെലവഴിക്കും. അടുത്തവര്‍ഷം അവസാനത്തോടെ രാജ്യത്തെ എല്ലാ സര്‍വകലാശാലകളെയും ബന്ധിപ്പിക്കുന്നതിനായി 790 കോടി രൂപ ചെലവില്‍ വൈഫൈ കണക്ഷനുകള്‍ സ്ഥാപിക്കുമെന്നും ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.