രാജ്യവ്യാപകമായി ഏലം ലേല കേന്ദ്രങ്ങള്‍ തുടങ്ങും
Thursday, August 28, 2014 10:14 PM IST
കൊച്ചി: ഏലക്കായുടെ വിപണനം പ്രോത്സാഹിപ്പിക്കാനും ഏലം കര്‍ഷകര്‍ക്കു മെച്ചപ്പെട്ട വിലനിലവാരം ഉറപ്പാക്കാനുമായി സ്പൈസസ് ബോര്‍ഡ് രാജ്യ വ്യാപകമായി ഏലം ലേല കേന്ദ്രങ്ങള്‍ തുടങ്ങും. കേരളത്തിലെ പുറ്റടിയിലും തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിലും നിലവിലുളള ഇ-ലേല കേന്ദ്രങ്ങളില്‍ ഇ-ലേലം നടത്തിപ്പിനായി കൂടുതല്‍ ലൈസന്‍സുകള്‍ നല്‍കാനും തീരുമാനിച്ചതായി സ്പൈസസ് ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.

ഏലം വിപണന രംഗത്തു പ്രവര്‍ത്തിക്കുന്ന സംരംഭകര്‍, കര്‍ഷക സംഘടനകള്‍ എന്നിവരില്‍നിന്നു ലേലം നടത്താന്‍ താത്പര്യമുളളവരെ കണ്െടത്തുക എന്നതാണു ലക്ഷ്യം.ഏലത്തിന്റെ വിപണന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സ്പൈസസ് ബോര്‍ഡ് പ്രതിജ്ഞാബദ്ധമാണ്.

ആഗോള കമ്പോളത്തിലെ ശക്തമായ സാന്നിധ്യം തിരിച്ചുപിടിക്കാന്‍ ഏല വിപണിയില്‍ സ്വതന്ത്ര വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആഭ്യന്തര വിപണിയില്‍ പുതിയ വിപണന മാര്‍ഗങ്ങള്‍ കണ്െടത്തേണ്ടതുണ്െടന്നും സ്പൈസസ് ബോര്‍ഡ് ഇന്ത്യ ചെയര്‍മാന്‍ ഡോ.എ. ജയതിലക് പറഞ്ഞു. ആഭ്യന്തര വിപണിയില്‍ ഏലം വില്‍പനയെ പ്രോത്സാഹിപ്പിക്കാനുളള നയങ്ങളും സ്വീകരിക്കണം. കൂടുതല്‍ ലൈസന്‍സുകള്‍ നല്‍കുന്നത് ഇതു മുന്നില്‍ കണ്ടാണ്.


ആഭ്യന്തര വിപണിയില്‍ ഏലത്തിന്റെ പ്രധാന ആവശ്യം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നാണെങ്കിലും നിലവില്‍ ഏലക്കായുടെ ലേലം പ്രധാനമായും കേരളത്തിലും തമിഴ്നാട്ടിലുമാണു നടക്കുന്നത്. ഇത് ഏലക്കായുടെ വിപണന സാധ്യതകളെ പരിമിതപ്പെടുത്തുന്നതായും ഏലം കര്‍ഷകര്‍ക്ക് ഉയര്‍ന്ന വിലനിലവാരം ലഭിക്കുന്നതിനു തടസം സൃഷ്ടിക്കുന്നതായും ചൂണ്ടിക്കാട്ടുന്നു.

രാജ്യവ്യാപകമായി ലേല കേന്ദ്രങ്ങള്‍ തുടങ്ങുന്നത് ഏലം വിപണിയില്‍ സ്വതന്ത്ര വ്യാപാരത്തിന്റെ പുതിയ സാധ്യതകള്‍ തുറക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

ഇതു കൂടുതല്‍ വ്യാപാരികളെ ഏലം വിപണിയിലേക്ക് ആകര്‍ഷിക്കാനും സഹായിക്കും. വിളയ്ക്കു മെച്ചപ്പെട്ട വില ഉറപ്പുവരുത്താനും ഈ നീക്കം പ്രയോജനപ്പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.