വര്‍ഷം 30 ലക്ഷം വാഹനങ്ങള്‍; മാരുതി മാറ്റത്തിനൊരുങ്ങുന്നു
വര്‍ഷം 30 ലക്ഷം വാഹനങ്ങള്‍; മാരുതി മാറ്റത്തിനൊരുങ്ങുന്നു
Friday, August 29, 2014 10:04 PM IST
ന്യൂഡല്‍ഹി: വിപണിയില്‍ കടുത്ത മത്സരം നടക്കുന്ന സാഹചര്യത്തില്‍ 25 മോഡലുകളുമായി പ്രതിവര്‍ഷം 30 ലക്ഷം വാഹനങ്ങള്‍ വിപണിയിലിറക്കാന്‍ മാരുതി സുസുകി ഒരുങ്ങുന്നു. ഇക്കൂട്ടത്തില്‍ സ്പോര്‍ട്സ് യൂട്ടിലിറ്റി, ചെറുകിട വാണിജ്യ വാഹനങ്ങളും ഉള്‍പ്പെടുന്നു.

റെനോയുടെ ഡസ്ററിനു വെല്ലുവിളിയായി പുതിയ എസ്യുവി മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കും. ഇതിനു പിന്നാലെ കോംപാക്ട് ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിനു വെല്ലുവിളിയെന്ന നിലയില്‍ 2016ല്‍ പുറത്തിറക്കും.

യാത്രാവാഹനങ്ങളുടെ വിപണിയില്‍ പുതിയൊരു വിഭാഗത്തിനാണ് ഇതിലൂടെ തുടക്കമിടുന്നത്. വൈകാതെ വിപണിയിലിറക്കാന്‍ പോകുന്ന ചെറുവാണിജ്യ വാഹനത്തിന്റെ മാര്‍ക്കറ്റിംഗിനായി പ്രത്യേക വിഭാഗം ആരംഭിക്കും. കഴിഞ്ഞവര്‍ഷം 11.6 ലക്ഷം വാഹനങ്ങളാണു കമ്പനി വിറ്റത്. ഗുജറാത്തില്‍ 15 ലക്ഷം നിര്‍മാണ ശേഷിയുള്ള പുതിയ പ്ളാന്റ് തയാറായി വരുകയാണ്. കുറഞ്ഞത് 25 മോഡല്‍ ഇറക്കിയില്ലെങ്കില്‍ 30 ലക്ഷം എന്ന ലക്ഷ്യം നേടുക അസാധ്യമാണെന്നു കമ്പനി ചെയര്‍മാന്‍ ആര്‍. സി. ഭാര്‍ഗവ പറഞ്ഞു.


ഇപ്പോള്‍ പന്ത്രണ്ടിലധികം മോഡലുകള്‍ കമ്പനി വില്‍ക്കുന്നുണ്ട്. ആള്‍ട്ടോ 800 മുതല്‍ മള്‍ട്ടി പര്‍പ്പസ് വാഹനമായ എര്‍ട്ടിഗവരെ ഇക്കൂട്ടത്തിലുണ്ട്. ഡസ്ററും ഇക്കോസ്പോര്‍ട്ടുമാണ് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്. ഇതിനെ മറികടക്കുകയാണു ലക്ഷ്യം. പുതുതായി ഇറക്കുന്ന എസ്യുവികള്‍ പെട്രോള്‍, ഡീസല്‍, സിഎന്‍ജി വേര്‍ഷനുകളില്‍ ലഭിക്കും.

കഴിഞ്ഞവര്‍ഷം വിപണിയില്‍ 38.9% പങ്കാളിത്തമുണ്ടായിരുന്നു. അത് ഉയര്‍ന്ന് ഈവര്‍ഷം 44.4 ശതമാനത്തിലെത്തുമെന്നു ഭാര്‍ഗവ പറഞ്ഞു. ഒരു ടണ്‍ എല്‍സിവിയാണ് പുതുതായി ഇറക്കുന്ന വാണിജ്യ വാഹനം. ടാറ്റാ എയ്സ്, മഹീന്ദ്ര ജിയോ, ലെയ്ലാന്‍ഡ് ദോസ്ത് എന്നിവയാണ് ഈവിപണിയിലെ ഇപ്പോഴത്തെ മുന്‍നിരക്കാര്‍. സുസുകിയുടെ സാങ്കേതികവിദ്യ ഒഴിവാക്കുന്ന പ്രശ്നമില്ലെന്നും ഭാര്‍ഗവ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.