അധികാരമായി, ഇനി കരുതലോടെയെന്നു സെബി
Friday, August 29, 2014 10:05 PM IST
ന്യൂഡല്‍ഹി: അനധികൃത നിക്ഷേപങ്ങള്‍ക്കെതിരെയും തട്ടിപ്പുകളെ നേരിടുന്നതിനും കൂടുതല്‍ അധികാരം ലഭിച്ചതിനാല്‍ ഇനി മുതല്‍ ശക്തമായ നടപടികളുണ്ടാകുമെന്നു സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ മുന്നറിയിപ്പ്.

തട്ടിപ്പു നടത്തുന്നവര്‍ തങ്ങളുടെ ഉത്തരവുകള്‍ അവഗണിക്കാമെന്നോ കേസുകള്‍ വലിച്ചുനീട്ടാമെന്നു കരുതേണ്െടന്നും പുതിയ നിയമം അതിവേഗ നടപടികളും നിക്ഷേപകരുടെ പണം തിരികെ നല്‍കുന്നതും ഉറപ്പാക്കുന്നുണ്െടന്നും സെബി ചെയര്‍മാന്‍ യു. കെ. സിന്‍ഹ പറഞ്ഞു. മുന്‍കാലങ്ങളില്‍ സെബിയുടെ ഉത്തരവുകള്‍ അവഗണിക്കപ്പെടുകയായിരുന്നു പതിവ്. കേസുകള്‍ അനന്തമായി നീളുന്നതു മൂലം നിക്ഷേപകര്‍ക്കു പണവും തിരികെ കിട്ടില്ല. 15 വര്‍ഷം വരെ കേസുകള്‍ പോയിട്ടുണ്ട്. കഴിഞ്ഞമാസമാണു സെബിക്കു കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലിന് പാര്‍ലമെന്റ് അനുമതി നല്‍കിയത്. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതിയുടെ ഉത്തരവു പുറത്തിറക്കി. 100 കോടിയോ അതിനു മുകളിലോ ഉള്ള നിക്ഷേപവുമായി ബന്ധപ്പെട്ടു നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ പുതുക്കിയ നിയമം സെബിക്ക് അധികാരം നല്‍കുന്നു. ആസ്തി കണ്ടുകെട്ടല്‍, അറസ്റ്, വീഴ്ചവരുത്തുന്നവരെ ജയിലില്‍ തടഞ്ഞുവയ്ക്കല്‍ തുടങ്ങിയവയ്ക്ക് അധികാരമുണ്ടായിരിക്കും. മാത്രമല്ല, പ്രത്യേക സെബി കോടതിയുടെ അനുമതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് രേഖകള്‍ ആവശ്യപ്പെടാനും റെയ്ഡും പിടിച്ചെടുക്കലും നടത്തുന്നതിനും അധികാരമുണ്ടായിരിക്കും. കൂട്ടുനിക്ഷേപ പദ്ധതികള്‍ സെബിയുടെ അധികാര പരിധിയിലായിരിക്കുമെന്നു നിയമം വ്യവസ്ഥ ചെയ്യുന്നു.


കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക കോടതി വൈകാതെ സ്ഥാപിക്കും. പശ്ചിമബംഗാളിലെ ശാരദ ചിട്ടി തട്ടിപ്പ്, സഹാറ നിക്ഷേപ തട്ടിപ്പ് തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് സെബിക്കു കൂടുതല്‍ അധികാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. എന്തെങ്കിലും സംഭവമുണ്ടാകുമ്പോഴാണ് അതിനെതിരെ നാം പ്രതികരിക്കുന്നത്. ഇത് ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിലെല്ലായിടത്തും നടക്കുന്നതാണ്. 2008ലെ സാമ്പത്തികമാന്ദ്യമുണ്ടായപ്പോഴാണ് അമേരിക്കയില്‍ ഡോഡ്- ഫ്രാങ്ക് നിയമം വന്നത്. 1930ലെ വന്‍സാമ്പത്തികത്തകര്‍ച്ചയ്ക്കു ശേഷമാണു പുതിയ ബാങ്കിംഗ് നിയമങ്ങള്‍ അവിടെ ആവിഷ്്കരിച്ചതെന്നും സിന്‍ഹ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.