അന്തരീക്ഷം മെച്ചപ്പെട്ടുവെന്നു വ്യവസായ, വാണിജ്യ മേഖല
അന്തരീക്ഷം മെച്ചപ്പെട്ടുവെന്നു വ്യവസായ, വാണിജ്യ മേഖല
Saturday, August 30, 2014 10:15 PM IST
ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക അന്തരീക്ഷം വളരെ മെച്ചപ്പെട്ടു വരുന്നതായി വ്യവസായ, വാണിജ്യ മേഖലകളുടെ വിലയിരുത്തല്‍. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ആവിഷ്കരിച്ച പരിഷ്കരണ നടപടികള്‍ ഇതിനു ശക്തി പകരുന്നതാണെന്നു കമ്പനികള്‍ പറയുന്നു.

പുതിയ നിക്ഷേപം, വളര്‍ച്ച, പങ്കാളിത്തം എന്നിവയുടെ കാര്യത്തില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ സമ്പദ്മേഖലയ്ക്കു കരുത്തു പകരുന്നതാണ്. അഞ്ചുവര്‍ഷം കാലാവധിയോടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പിന്നിട്ട നൂറുദിനം വളരെ ചെറിയ കാലാവധിയാണ്.

എന്നാല്‍ ഈ കുറഞ്ഞ കാലയളവിനുള്ളില്‍ പ്രതിരോധം, ഇന്‍ഷ്വറന്‍സ് മേഖലകളില്‍ വിദേശനിക്ഷേപം ഉയര്‍ത്തിക്കൊണ്ടുളള തീരുമാനം 1991 ല്‍ ആരംഭിച്ച ഉദാരവത്കരണം തിരികെ വരുന്നതിന്റെ വ്യക്തമായ സൂചനയാണെന്നു വ്യവസായ, വാണിജ്യ മേഖലകള്‍ വിലയിരുത്തുന്നു.

സര്‍ക്കാര്‍ സ്വീകരിച്ച നയപരമായ തീരുമാനങ്ങളുടെ പിന്‍ബലത്തില്‍ ഓഹരി വിപണികള്‍ കുതിച്ചുയരുകയും ചെയ്തുവെന്നു മാത്രമല്ല സര്‍വകാല റിക്കാര്‍ഡുകളിലെത്തുകയും ചെയ്തു. ഈവര്‍ഷം ആദ്യം ഇന്ത്യയുടെ കടയോഗ്യതാ നിരക്കു താഴ്ത്തിയ റേറ്റിംഗ് ഏജന്‍സികള്‍ ഇപ്പോള്‍ പറയുന്നത് സാമ്പത്തികവളര്‍ച്ചയുടെ കാര്യമാണ്.

വിദേശഫണ്ടുകള്‍ രാജ്യത്തേക്കു തിരികെ വന്നു എന്നതാണു പ്രധാനമായ മറ്റൊരു കാര്യം. ഈവര്‍ഷം ഇതുവരെ 1.56 ലക്ഷം കോടി രൂപയുടെ വിദേശ മൂലധനമാണു ഒഴുകിയെത്തിയത്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ സാമ്പത്തികവര്‍ഷം അവസാനത്തോടെ ഇത്് മൂന്നുലക്ഷം കോടിയിലേറെയാകുമെന്നു പ്രതീക്ഷിക്കുന്നു.

വളര്‍ച്ചയും പരിഷ്കരണവും മുന്നോട്ടുകൊണ്ടുപോകുന്നതില്‍ പുതിയ സര്‍ക്കാര്‍ കാട്ടിയ പ്രതിബദ്ധത നിക്ഷേപകരുടെ വിശ്വാസം തിരികെ എത്തിച്ചുവെന്നു കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) അധ്യക്ഷന്‍ അജയ് ശ്രീറാം പറഞ്ഞു.

സ്വതന്ത്ര ബിസിനസ് ഏജന്‍സികള്‍ നടത്തിയ സര്‍വെകള്‍ പറയുന്നത് ഒരു പുനരുജ്ജീവനം ദൃശ്യമായിട്ടുണ്െടന്നാണ്. ഡിമാന്‍ഡില്‍ തീര്‍ച്ചയായും ഉണര്‍വ്, പുതിയ നിക്ഷേപത്തിന്റെ വരവ്, കൂടുതല്‍ ജോലി സാധ്യത എന്നിവയാണു സര്‍വെകളില്‍ പ്രതിഫലിച്ചത്. അടിസ്ഥാനമേഖലയില്‍ ആവിഷ്്കരിച്ച നടപടികള്‍ വ്യവസായ മേഖല സ്വാഗതം ചെയ്തിട്ടുണ്ട്.


മിക്ക വ്യവസായികളും മോദിയുമായി അടുപ്പമുള്ളവരാണ്. അദ്ദേഹത്തിനു ബിസിനസ്് അറിയാമെന്നാണു അവര്‍ പറയുന്നത്. മോദിക്ക് ഒരു കര്‍മപഥമുണ്ട്. ഗുജറാത്തിനായി അദ്ദേഹം ചെയ്തത് എല്ലാവരും കണ്ടതാണ്. എന്തെങ്കിലും ഒന്നു നിയന്ത്രണത്തിലാക്കുന്നതിനു പകരം വളര്‍ച്ചയിലൂന്നിയ ഒരു സമ്പദ്വ്യവസ്ഥ എന്നതാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള വലിയ ഉത്തരവാദിത്വമെന്നു ടാറ്റാ സണ്‍സ് എമിററ്റസ് ചെയര്‍മാന്‍ രത്തന്‍ടാറ്റ പറഞ്ഞു.

അതിവേഗ ട്രെയിന്‍, പരസ്പരം ബന്ധപ്പെട്ടുള്ള 100 സ്മാര്‍ട്് നഗരങ്ങള്‍, തുറമുഖം, റോഡ്, ദേശീയപാത, ഭവനം എന്നിവയ്ക്കായി പൊതു- സ്വകാര്യ പങ്കാളിത്തം തുടങ്ങിയ അടിസ്ഥാന വികസനങ്ങളാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്ത്യ ആഗോള ഉത്പാദന, കയറ്റുമതി ഹബ്ബാകുമെന്നതിന്റെ വ്യക്തമായ സൂചനയാണു ധനമന്ത്രി അരുണ്‍ ജയ്്റ്റ്ലിയുടെ ബജറ്റ് പ്രസംഗത്തില്‍ നല്‍കിയതെന്നു ഫിക്കി അധ്യക്ഷന്‍ സിദ്ധാര്‍ഥ ബിര്‍ല പറഞ്ഞു.

ജിഡിപി ഉയരുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 5.7 ശതമാനമായി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേകാലയളവില്‍ 4.6 ശതമാനമായിരുന്നു വളര്‍ച്ചാനിരക്ക്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിലധികമായി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലൂടെ കടന്നുപോകുകയായിരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ജിഡിപി 4.7 ശതമാനമായി. രണ്ടുവര്‍ഷമായി വളര്‍ച്ചാനിരക്ക് അഞ്ചുശതമാനത്തില്‍ താഴെയാണ്. സമീപകാലത്ത് സര്‍ക്കാര്‍ സ്വീകരിച്ച പല നടപടികളും നിക്ഷേപകരുടെ വിശ്വാസം തിരികെ വരാനിടയാക്കിയിട്ടുണ്ട്. അടിസ്ഥാന മേഖലയുടെയും ഉത്പാദന മേഖലയുടെയും പുനരുജ്ജീവനത്തിന് അതിവേഗത്തിലുള്ള നടപടികളാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിലൂടെ വന്‍തൊഴിലവസരം സംജാതമാകുമെന്ന പ്രതീക്ഷയുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.