സിയാല്‍ വായ്പാപരിധി 1,500 കോടിയായി വര്‍ധിപ്പിക്കും
സിയാല്‍ വായ്പാപരിധി 1,500 കോടിയായി വര്‍ധിപ്പിക്കും
Saturday, August 30, 2014 10:16 PM IST
കൊച്ചി: ഭാവി വികസന പദ്ധതികള്‍ക്കായി 1,500 കോടി രൂപ വരെ വായ്പയെടുക്കാന്‍ ഇന്നലെ ചേര്‍ന്ന കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) വാര്‍ഷിക പൊതുയോഗം അനുമതി നല്‍കി. വായ്പയെടുക്കുന്നതുമായി ബന്ധപ്പെട്ട് യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തെ ഓഹരിയുടമകള്‍ ആദ്യം എതിര്‍ത്തു. ധനസമാഹരണത്തിന് ഓഹരിയുടമകളില്‍ നിന്നു ഡെപ്പോസിറ്റ് സ്വീകരിക്കുകയും ഓഹരി വില്‍ക്കുകകയും ചെയ്താല്‍ മതിയെന്നും അതിനുശേഷം തികയാതെ വരുന്ന തുക മാത്രം വായ്പയെടുത്താല്‍ മതിയെന്നും നിര്‍ദേശമുയര്‍ന്നു. ഇതിന്റെ സാങ്കേതിക വശങ്ങള്‍ സിയാല്‍ എംഡി വി.ജെ. കുര്യന്‍ വിശദീകരിച്ച ശേഷമാണ് ഓഹരിയുടമകളുടെ അനുവാദത്തോടെ വായ്പാപരിധി സംബന്ധിച്ച പ്രമേയം അംഗീകരിച്ചത്.

ഓഹരിയുടമകള്‍ക്കു നാല് ഓഹരികള്‍ക്ക് ഒന്ന് എന്ന അനുപാതത്തില്‍ അവകാശ ഓഹരി നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നു കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി അറിയിച്ചു. ഓഹരിയുടമകള്‍ക്ക് 20 ശതമാനം ലാഭവിഹിതം ആലോചിക്കാമെന്നും അടുത്ത വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 18 ശതമാനം ലാഭവിഹിതം നല്‍കാനുള്ള ഡയറക്ടര്‍ ബോര്‍ഡ് ശിപാര്‍ശ പൊതുയോഗം അംഗീകരിച്ചു. കഴിഞ്ഞ വര്‍ഷം 17 ശതമാനമാണു നല്‍കിയത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം സിയാല്‍ 361.39 കോടി രൂപയുടെ വരുമാനം നേടി. നികുതി കിഴിച്ചുള്ള ലാഭം 124.37 കോടി രൂപയാണ്. സിയാലിന് 17,000 ഓഹരിയുടമകളുണ്ട്. ഇതോടെ സിയാല്‍ ഓഹരിയുടമകള്‍ക്ക് ഇതുവരെ ലഭിച്ച ലാഭവിഹിതം 132 ശതമാനമായി ഉയരും.

കാലാവധി തീരുന്ന ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ മന്ത്രിമാര്‍ കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, കെ. ബാബു എന്നിവരുടെ പുനര്‍നിയമനത്തിനും വാര്‍ഷിക പൊതുയോഗം അനുമതി നല്‍കി.

കമ്പനിയുടെ സാമൂഹികപ്രതിബദ്ധതയുടെ ഭാഗമായി വിമാനത്താവളം സ്ഥിതിചെയ്യുന്ന നെടുമ്പാശേരി, കാഞ്ഞൂര്‍, ശ്രീമൂലനഗരം എന്നീ പഞ്ചായത്തുകളില്‍ സമഗ്ര കുടിവെള്ള വിതരണ പദ്ധതിക്കു തുടക്കമിടുമെന്നു യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തിയ മുഖ്യമന്ത്രി അറിയിച്ചു.


2014-15 സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി തുടങ്ങും. ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായി ജലസ്രോതസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ വിപുലമായ ജലസംരക്ഷണ പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ സിയാല്‍ നടപടി ആരംഭിച്ചുകഴിഞ്ഞു.

സംസ്ഥാനം കടുത്ത വൈദ്യുതിക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ പാരമ്പര്യേതര ഊര്‍ജസ്രോതസുകളെയും ചെറുകിട ജലവൈദ്യുത പദ്ധതികളെയും ഫലപ്രദമായി പ്രയോജനപ്പെടുത്തിക്കൊണ്ട് വൈദ്യുതി മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള നടപടികള്‍ക്കു സിയാല്‍ തുടക്കം കുറിച്ചിട്ടുണ്ട്.

സിയാലിന്റെ ഉപകമ്പനിയായ സിയാല്‍ ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് കേരളത്തിലെ ആദ്യത്തെ മെഗാവാട്ട് സൌരോര്‍ജ പ്ളാന്റ് സ്ഥാപിച്ചുകഴിഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വിമാനത്താവളത്തിന്റെ ഉടമസ്ഥതയിലുള്ള 50 ഏക്കറില്‍ 11 മെഗാവാട്ടിന്റെ സൌരോര്‍ജ പ്ളാന്റ് സ്ഥാപിക്കുന്നതോടെ സിയാല്‍ രാജ്യത്തെ ആദ്യത്തെ പവര്‍ ന്യൂട്രല്‍ വിമാനത്താവള കമ്പനിയായി മാറും.

ഇതിനുപുറമെ, 43.8 മെഗാവാട്ട് ശേഷിയുള്ള എട്ടു ചെറുകിട ജലവൈദ്യുത പദ്ധതികള്‍ നടത്താന്‍ കേരള ഗവണ്‍മെന്റ് സിയാലിന് അനുമതി നല്‍കിയിട്ടുണ്ട്. മൂന്നു വര്‍ഷം കൊണ്ട് ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കും. ഇപ്രകാരമുള്ള ഊര്‍ജ-ജല സംരക്ഷണ പദ്ധതികളിലൂടെ സിയാല്‍ പരിപൂര്‍ണ പരിസ്ഥിതി സൌഹാര്‍ദ വിമാനത്താവളം എന്ന ബൃഹത്തായ ആശയം സാക്ഷാത്കരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ത്രിമാരായ കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, കെ. ബാബു, സിയാലിന്റെ മറ്റു ഡയറക്ടര്‍മാരായ എം.എ. യൂസഫലി, സി.വി. ജേക്കബ്, ഇ.എം. ബാബു, കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ വി.ജെ. കുര്യന്‍ തുടങ്ങിയവര്‍ പൊതുയോഗത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.