തുടര്‍ച്ചയായ ഏഴാം മാസത്തിലും വിപണി മികവ് നിലനിര്‍ത്തി
Monday, September 1, 2014 10:21 PM IST
ഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: ഇന്ത്യന്‍ ഓഹരിവിപണി തുടര്‍ച്ചയായ ഏഴാം മാസത്തിലും മികവ് നിലനിര്‍ത്തി. സാമ്പത്തിക രംഗം ശക്തിപ്പെടുന്നുവെന്ന വിലയിരുത്തലുകളും കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്ള തിളക്കമാര്‍ന്ന ത്രൈമാസ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും പുതിയ സര്‍ക്കാരിനെ കുറിച്ചുള്ള വിശ്വസങ്ങളും വിപണിയുടെ മുന്നേറ്റം സുഗമാക്കി. കഴിഞ്ഞ 52 ആഴ്ചകളില്‍ 48 ശതമാനമാ ണ് സെന്‍സെക്സ് കുതിച്ചത്. നിഫ്റ്റി സൂചികയും വിപണിയുടെ മുന്നേറ്റത്തിനു ശക്തമായ പിന്‍തുണ നല്‍കി. അമേരിക്കന്‍ മാര്‍ക്കറ്റിലും ബുള്‍ തരംഗം അലയടിച്ചു.

നിഫ്റ്റി സൂചിക തുടക്കത്തില്‍ താഴ്ന്ന റേഞ്ചായ 7,864 ല്‍ നിന്ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 7,967 വരെ കയറി. കഴിഞ്ഞവാരം വ്യക്തമാക്കിയ 7,965 ലെ പ്രതിരോധം രണ്ട് പോയിന്റ് വിത്യാസത്തിനാണ് സുചിക മറികടന്നത്. വ്യാപാന്ത്യം നിഫ്റ്റി 7,954 ലാണ്. നിഫ്റ്റിയുടെ പ്രതിവാര നേട്ടം 41 പോയിന്റ്.

ഈവാരം 8,000 പോയിന്റ് മറികടക്കുകയാണ് വിപണിയുടെ ആദ്യലക്ഷ്യം. എന്നാല്‍ 7,993 ല്‍ തടസം നിലവിലുണ്ട്. ഈ പ്രതിരോധം തകര്‍ക്കാനായാല്‍ 8,032-8,097 നെയാവും ഉറ്റുനോക്കുക. സാങ്കേതിക വശങ്ങള്‍ വിലയിരുത്തിയാല്‍ പാരാബോളിക്ക് എസ്എആര്‍, എംഎസിഡി എന്നിവ ബുള്ളിഷ് ട്രന്റിലാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, ആര്‍എസ്ഐ 14 എന്നിവ ന്യൂട്ടറല്‍ റേഞ്ചിലും. അതേ സമയം സ്റ്റോക്കാസ്റ്റിക്ക് ഓവര്‍ ബോട്ട് പൊസിഷനിലാണ്.

ബോംബെ സെന്‍സെക്സ് 219 പോയിന്റ് പ്രതിവാര നേട്ടം കൈവരിച്ചു. ഒരവസരത്തില്‍ 26,319 ലേക്ക് താഴ്ന്ന ബിഎസ്ഇ പിന്നീട് മികവ് നേടി കൊണ്ട് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 26,674 വരെ കുതിച്ച ശേഷം 26,638 ല്‍ ക്ളോസിംഗ് നടന്നു. ഈവാരം 26,769-26,900 ലെ പ്രതിരോധം മറികടക്കാനായാല്‍ സൂചികയുടെ ലക്ഷ്യം 27,126 ലേക്ക് പുതുക്കാം.


സപ്പോര്‍ട്ട് 26,412-26,186 ലുമാണ്. ഇത് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ പിടിച്ചു നില്‍ക്കുക 26,055 ലാവും. എംഎസിഡി, പാരാബോളിക്ക് എസ്എആര്‍ എന്നിവ മുന്നേറ്റത്തിനു സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക് ന്യൂട്ടറല്‍ റേഞ്ചിലും ആര്‍എസ്ഐ 14, സ്ളോ സ്റ്റോക്കാസ്റ്റിക്ക് ഓവര്‍ ബോട്ടുമാണ്.

കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മാക്കള്‍ക്ക് മേല്‍ 2,545 കോടിയുടെ ചാര്‍ജ് ഷീറ്റ് തയ്യാറാക്കിയത് ഓഹരി വിപണിയെ ഞെട്ടിച്ചു. 1,346 കോടി രൂപയുടെ ഫൈനാണ് ടാറ്റാ മോട്ടേഴ്സിനു മേല്‍ പതിഞ്ഞിട്ടുള്ളത്.

പുതിയ വാഹനങ്ങളുടെ ഉത്പാദനത്തിനു അനുസൃതമായി സ്പെയര്‍പാര്‍ട്ടുസുകള്‍ വിപണിയില്‍ ഇറക്കുന്നതില്‍ വരുത്തിയ വീഴ്ച്ചയാണ് ഫൈന്‍ പതിയാന്‍ മുഖ്യ കാരണം. പിന്നിട്ട വാരം ഇടപാടുകള്‍ നാലു ദിവസങ്ങളില്‍ മാത്രമായി ഒരുങ്ങി. വിനായക ചുതുര്‍ഥി പ്രമാണിച്ച് വെള്ളിയാഴ്ച മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചില്ല.

വാരത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളില്‍ വിദേശ ഫണ്ടുകള്‍ 782 കോടി രൂപയുടെ നിക്ഷേപം നടത്തി. എന്നാല്‍ വ്യാഴാഴ്ച അവര്‍ 711 കോടി രൂപയുടെ വില്പന നടത്തി.

ഓഹരി വിപണിയിലെ മുന്നേറ്റത്തിനിടയില്‍ മുന്‍നിരയിലെ പത്തു കമ്പനികളില്‍ അഞ്ചെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ 31,164,67 കോടി രൂപ വര്‍ധിച്ചു. ടിസിഎസ്, ഒഎന്‍ജിസി, ആര്‍ഐഎല്‍, ഐടിസി, ഐസിഐസിഐ എന്നിവയും നേട്ടം കൊയ്തു.

അമേരിക്കന്‍ മാര്‍ക്കറ്റ് ബുള്ളിഷ് മൂഡിലാണ്. എസ് ആന്‍ഡ് പി ഇന്‍ഡക്സ് ചരിത്രത്തില്‍ ആദ്യമായി 2,000 പോയിന്റ് മറികടന്ന് വാരാന്ത്യം 2,003 ലാണ് . ഡൌ ജോണ്‍സ് സൂചിക 17,098 ലും നാസ്ഡാക് 4,580 പോയിന്റിലുമാണ്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 95.98 ഡോളറിലും സ്വര്‍ണം 1,287 ഡോളറിലുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.