പി.വി. സാമി അവാര്‍ഡ് കെ. മുരളീധരനു സമ്മാനിച്ചു
Tuesday, September 2, 2014 10:08 PM IST
കോഴിക്കോട്: ബിസിനസ് രംഗത്തു ശ്രദ്ധേയമായ നേട്ടം കൈവരിച്ചവര്‍ക്കുള്ള പി.വി. സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ പുരസ്കാരം പ്രവാസി വ്യവസായി കെ. മുരളീധരനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിച്ചു. ബിസിനസ് രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹിക സേവന രംഗങ്ങളിലും മുരളീധരന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. സതേണ്‍ ഫ്രാഞ്ചൈസ് കമ്പനി മേധാവിയും ജീവകാരുണ്യ പ്രവര്‍ത്തകനുമാണു കോട്ടയം സ്വദേശിയായ കെ. മുരളീധരന്‍.

പി.വി. സാമി മെമ്മോറിയല്‍ ട്രസ്റിന്റെ ആഭിമുഖ്യത്തില്‍ ടാഗോര്‍ഹാളില്‍ നടന്ന ചടങ്ങ് വയലാര്‍ രവി എംപി ഉദ്ഘാടനം ചെയ്തു. എം.പി. വീരേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ സി.എ. ലത മുരളീധരനെ പൊന്നാട അണിയിച്ചു. എ. പ്രദീപകുമാര്‍ എംഎല്‍എ പ്രശസ്തി പത്രം കൈമാറി.


സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, ഡിസിസി പ്രസിഡന്റ് കെ.സി. അബു, പ്രസ്ക്ളബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് അലോക് കുമാര്‍ സാബു, പി.വി നിധീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

പി.വി. സാമി മെമ്മോറിയല്‍ ട്രസ്റ് പ്രസിഡന്റ് പി.വി. ചന്ദ്രന്‍ സ്വാഗതവും ഡോ. ടി.കെ. ജയരാജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഡല്‍ഹിയിലെ ഭരണമാറ്റം - മതേതര ഇന്ത്യയെ ബാധിക്കുമോ എന്ന വിഷയത്തില്‍ സെമിനാറും നടന്നു. മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.