ജപ്പാന്‍ നിക്ഷേപകര്‍ക്കു മോദിയുടെ ചുവപ്പു പരവതാനി
ജപ്പാന്‍ നിക്ഷേപകര്‍ക്കു മോദിയുടെ ചുവപ്പു പരവതാനി
Wednesday, September 3, 2014 10:18 PM IST
ടോക്കിയോ: ജപ്പാന്‍ നിക്ഷേപം ഇന്ത്യയില്‍ കൊണ്ടുവരുമെന്ന് ആവര്‍ത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് അവര്‍ക്കു മുന്നില്‍ ചുവപ്പുനാടയ്ക്കു പകരം ചുവപ്പു പരവതാനി വാഗ്ദാനം ചെയ്തു. സര്‍ക്കാര്‍ ഇതിനകം ഒട്ടേറെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചുകഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.

വികസനവും അടിസ്ഥാന ഉത്പാദന സൌകര്യങ്ങളും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നിക്ഷേപത്തിന് ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട മറ്റൊരു സ്ഥലമില്ല. സാമ്പത്തിക രംഗത്ത് രണ്ടു രാജ്യങ്ങളും പുതിയ ചരിത്രമെഴുതുകയാണ്.

ജനാധിപത്യം, ജനസംഖ്യാശാസ്ത്രം, ഡിമാന്‍ഡ് എന്നിവയുടെ കാര്യത്തില്‍ ഇന്ത്യയെപ്പോലെ മറ്റൊരു രാജ്യമില്ലെന്നു ജപ്പാന്‍ വിദേശ വ്യാപാര സംഘടന (ജെട്രോ)യും നിക്കെയും സംഘടിപ്പിച്ച സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നിക്ഷേപകര്‍ക്കു മുന്നില്‍ ജനാധിപത്യം, സംരക്ഷണം, സുരക്ഷ, നീതി എന്നിവ ഇന്ത്യ ഉറപ്പു നല്‍കുന്നു. ആഗോള വിപണിക്ക് സ്വാധീനിക്കാന്‍ കഴിയുന്ന ദൈവസമ്മാന ഭൂമിയാണ് ഇന്ത്യ. കഴിഞ്ഞ രണ്ടരവര്‍ഷം കൊണ്ടു നേടാന്‍ കഴിയാത്തത് തന്റെ സര്‍ക്കാരിനു നൂറുദിനം കൊണ്ടു നേടാന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.


ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനം 5.7 ശതമാനമായി. രണ്ടുവര്‍ഷത്തെ കൂടിയ നിരക്കാണിത്. വിദേശനിക്ഷേപം വര്‍ധിപ്പിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെ നടപ്പിലാക്കും. ജപ്പാനെക്കൂടാതെ ഇന്ത്യയും ഇന്ത്യയെക്കൂടാതെ ജപ്പാനും പൂര്‍ണമല്ല. ജപ്പാന്റെ ഹാര്‍ഡ്വേര്‍ വൈഭവവും ഇന്ത്യയുടെ സോഫ്റ്റ്വേര്‍ വൈദഗ്ധ്യവും ചേര്‍ത്താല്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചെടുക്കാനാകുമെന്നു മോദി പറഞ്ഞു.

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ജപ്പാന്‍ ടെക്നോളജി ആന്‍ഡ് കള്‍ച്ചര്‍ അക്കഡമിയുടെ ആദ്യ ബാച്ച് പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തു. ടിസി എസും മിറ്റ്സുബിഷിയും ചേര്‍ന്നു നടത്തുന്നതാണ് ഈ അക്കഡമി. ഇന്ത്യയുടെ വൈജ്ഞാനിക പൈതൃകവും നേതൃത്വവും ഭൂതകാലത്ത് തക്ഷശില, നളന്ദ സര്‍വകലാശാലകളില്‍ക്കൂടി ലോകപ്രശസ്തമായിരുന്നുവെന്ന് മോഡി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.