പവന്‍ 19,200-ലേക്ക് ഉറ്റുനോക്കുന്നു, ടാപ്പിംഗ് രംഗം സ്തംഭിച്ചു
പവന്‍ 19,200-ലേക്ക് ഉറ്റുനോക്കുന്നു, ടാപ്പിംഗ് രംഗം സ്തംഭിച്ചു
Monday, September 15, 2014 10:02 PM IST
വിപണി വിശേഷം / കെ.ബി ഉദയഭാനു

കൊച്ചി: ഡോളറിന്റെ തിരിച്ചു വരവ് ആഗോള സ്വര്‍ണ വിപണിയെ തളര്‍ത്തി, പവന്‍ 19600-19,200 നെ ഉറ്റുനോക്കുന്നു. ടാപ്പിംഗ് രംഗം സ്തംഭിച്ചു, ബാങ്കോക്കില്‍ റബറിനു ഏഴു വര്‍ഷത്തിനിടയിലെ താഴ്ന്ന വില. ഇറക്കുമതിക്കാര്‍ വില കുറച്ച് കുരുമുളക് വിറ്റു. തമിഴ്നാട്ടില്‍ കൊപ്ര ക്ഷാമം വീണ്ടും തല ഉയര്‍ത്തി.

സ്വര്‍ണം

രാജ്യാന്തര വിപണിയില്‍ മഞ്ഞലോഹം എട്ടര മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയില്‍. നിക്ഷേപകര്‍ വില്പനക്കാരായതോടെ ട്രോയ് ഔണ്‍സിനു 1270 ഡോളറില്‍ നിന്നു സ്വര്‍ണം 1226 ലേക്ക് ഇടിഞ്ഞു. 17 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച റേഞ്ചിലേക്ക് യുഎസ് ഡോളര്‍ സൂചിക തിരിച്ചെത്തിയത് മഞ്ഞലോഹത്തിനു പ്രഹരമായി.

അമേരിക്കന്‍ സമ്പദ്ഘടന ആറു വര്‍ഷം നീണ്ട സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു കരകയറിയെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് വാരമധ്യം യുഎസ് ഫെഡ് റിസര്‍വ് യോഗം ചേരുന്നത്. യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്കുകളില്‍ നേരിയ വര്‍ധന വരുത്തുമെന്നു കരുതപ്പെടുന്നു.

സ്വര്‍ണത്തിനു നേരിട്ട വിലത്തകര്‍ച്ച ഇന്ത്യന്‍ ആഭരണ വിപണികളെ വീണ്ടും ശ്രദ്ധേയമാക്കുന്നു. കേരളത്തില്‍ പവനു 400 രൂപയാണ് കുറഞ്ഞത്. തിരുവോണ വേളയില്‍ 20,800 ല്‍ നീങ്ങിയ പവന്‍ പിന്നീട് മൂന്നു ഘട്ടങ്ങളിലായി താഴ്ന്ന് 20,400 ലെത്തി. ഇനി 20,240-20,080-ല്‍ താങ്ങുണ്ട്.

അതു നഷ്ടമായാല്‍ പവന്‍ 19,600-19,200 റേഞ്ചിലേക്കു താഴാം. പോയവാരം ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 50 രൂപ കുറഞ്ഞ് 2550 ലാണ്. വിപണിയുടെ സാങ്കേതിക വശങ്ങള്‍ ദുര്‍ബലമാണെങ്കിലും വിനിമയ വിപണിയില്‍ രൂപയുടെ നീക്കങ്ങള്‍ നിര്‍ണായകമാണ്.

റബര്‍

ബാങ്കോക്കില്‍ റബര്‍ ഏഴു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന തലം കണ്ടു. ഇന്ത്യയില്‍ റബര്‍ അഞ്ചു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. രാജ്യാന്തര വിപണിയെ ബാധിച്ച മാന്ദ്യം ഇന്ത്യയിലും പ്രതിഫലിച്ചു. അതേ സമയം റബര്‍ ഇറക്കുമതി വര്‍ധിച്ചതും നമ്മുടെ ഉത്പാദകര്‍ക്ക് തിരിച്ചടിയായി. വിദേശ റബര്‍ ഇറക്കുമതി പ്രശ്നം ചര്‍ച്ചചെയ്യാന്‍ വാണിജ്യമന്ത്രാലയം താത്പര്യം കാണിച്ചിട്ടുണ്ട്. ഓഗസ്റില്‍ അഞ്ചു മാസം വ്യവസായികള്‍ 1,82,395 ടണ്‍ വിദേശ റബര്‍ ഇറക്കുമതി ചെയ്തു. ഇതിനെ തുടര്‍ന്ന് മികച്ചയിനം ഷീറ്റ് വില കിലോഗ്രാമിനു 121 രൂപയായി ഇടിഞ്ഞതോടെ കര്‍ഷകര്‍ റബര്‍ ടാപ്പിംഗ് നിര്‍ത്തിവച്ചു. അഞ്ചാം ഗ്രേഡ് 113 ലും ലാറ്റക്സ് 8400 ലുമാണ്.

ഇതിനിടയില്‍ തായ്ലണ്ട് കരുതല്‍ ശേഖരത്തിലെ മുഴുവന്‍ റബറും കയറ്റുമതി നടത്താന്‍ തീരുമാനിച്ചു. ഈ നീക്കത്തിനിടയിലും അവിടെ മികച്ചയിനം റബര്‍ വില കിലോഗ്രാമിനു 99.50 രൂപയായി താഴ്ന്നു. ബാങ്കോക്കിലെ തളര്‍ച്ച ടോക്കോമിനെയും സീക്കോമിനെയും മാത്രമല്ല, ചൈനീസ് മാര്‍ക്കറ്റായ ഷാങ്ഹായിയെയും തളര്‍ത്തി. ചൈനയുടെ നീക്കം റബര്‍ വില ഇടിച്ചു തായ് സ്റോക്ക് ചുളു വിലയ്ക്ക് കൈക്കലാക്കാനാവും. അതേ സമയം യെന്നിനു മുന്നില്‍ ഡോളര്‍ കൈവരിച്ച നേട്ടം വാരാന്ത്യം ജപ്പാന്‍ മാര്‍ക്കറ്റില്‍ റബറിനു താങ്ങായി.


നാളികേരം

ഓണം കഴിഞ്ഞതോടെ പ്രാദേശിക വിപണിയില്‍ വെളിച്ചെണ്ണയ്ക്ക് ഡിമാന്‍ഡ് കുറഞ്ഞു. അതേ സമയം തമിഴ്നാട്ടില്‍ കൊപ്ര ക്ഷാമം വീണ്ടും വന്നതോടെ ഉയര്‍ന്ന വില കൊടുത്തും ചരക്ക് ശേഖരിക്കാനുള്ള കഠിന ശ്രമത്തിലാണ് കാങ്കയത്തെ മില്ലുകാര്‍.

ഈറോഡ് ജില്ലയിലെ മില്ലുകാര്‍ കര്‍ണാടകത്തില്‍ നിന്നും ആന്ധ്രയില്‍ നിന്നുമെല്ലാം കൊപ്ര എടുക്കാന്‍ ശ്രമിക്കുന്നു. കൊച്ചിയില്‍ വെളിച്ചെണ്ണ 16,000 രൂപയിലും തമിഴ്നാട്ടില്‍ 15,700 ലുമാണ്. വിലകള്‍ തമ്മിലുള്ള അന്തരം കുറഞ്ഞതും ശ്രദ്ധേയം. കൊപ്ര 11,000 രൂപയിലാണ്.

ഏലക്കാ

ഹൈറേഞ്ചിലെ പല ഏലത്തോട്ടങ്ങളും കീടബാധയുടെ പിടിയിലായതിനാല്‍ കര്‍ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉത്പാദനം ഉയര്‍ന്നില്ല. ഏലത്തിനു ആഭ്യന്തര, വിദേശ ഡിമാന്‍ഡുകള്‍ ഉണ്ട്. ലേല കേന്ദ്രങ്ങളിലേക്കുള്ള ചരക്ക് നീക്കം ശക്തമല്ല. വിവിധ ലേല കേന്ദ്രങ്ങളില്‍ കയറ്റുമതിക്ക് പറ്റിയ ഏലം 1000 രൂപയ്ക്ക് മുകളില്‍ നിലകൊണ്ടു.

എംസിഎക്സില്‍ ഏലം സെപ്റ്റംബര്‍ അവധി 944 രൂപയിലാണ്. 920-ല്‍ താങ്ങും 1010-ല്‍ പ്രതിരോധവും ഏലം നിലനിര്‍ത്തുകയാണ്. ഈ ടാര്‍ജറ്റില്‍ നിന്നു പുറത്തു ചാടുന്നതോടെ വിപണി പുതിയ ദിശയിലേക്ക് സഞ്ചരിക്കാം.

ജാതിക്ക

ജാതിക്ക വില ഉയര്‍ന്നു. ഉത്തരേന്ത്യന്‍ ഡിമാന്‍ഡില്‍ നിരക്ക് അല്‍പ്പം കയറി. ജാതിക്ക തൊണ്ടന്‍ 200-290 രൂപ, തൊണ്ടില്ലാത്തത് 450-490, ജാതിപത്രി 725-800 രൂപയിലുമാണ്.

ചുക്ക്

ചുക്കിനു കനത്ത വില ഇടിവ്. ആഭ്യന്തര, വിദേശ ഓര്‍ഡറുകളെത്തുമെന്ന പ്രതീക്ഷ മങ്ങിയതോടെ കൊച്ചിയില്‍ ചുക്കിനു 4500 രൂപ ഇടിഞ്ഞു. മീഡിയം ചുക്ക് 25,000 രൂപയിലും ബെസ്റ്റ് ചുക്ക് 27,500 രൂപയിലുമാണ്.

കുരുമുളക്

വിദേശ കുരുമുളകിനു മുന്നില്‍ ഹൈറേഞ്ച് ചരക്കിനു കാലിടറുന്നു. വാരാവസാനം ഗാര്‍ബിള്‍ഡ് കുരുമുളക് 70,500 രൂപയിലാണ്. ശ്രീലങ്കയില്‍ നിന്നും വിയറ്റ്നാമില്‍ നിന്നും ഇറക്കുമതി ചെയ്ത ചരക്ക് കുറഞ്ഞ വിലയ്ക്ക് വില്പന നടത്തുകയാണ്. ഉത്തരേന്ത്യയില്‍ നിന്നു ഹൈറേഞ്ച് ചരക്കിനു ഡിമാന്‍ഡ് മങ്ങി. അന്താരാഷ്ട്ര വിപണിയിലും ഇന്ത്യന്‍ ഉത്പന്നത്തിനു ആവശ്യക്കാരില്ല. യുറോപ്യന്‍ ഷിപ്മെന്റിനു ടണ്ണിനു 12,000 ഡോളറും യുഎസ് ഷിപ്മെന്റിനു 12,250 ഡോളറുമാണ് കയറ്റുമതിക്കാര്‍ ആവശ്യപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.