ചൈനീസ് ഭാഷ കടുകട്ടി, പഠിക്കുമെന്നു ഗുജറാത്തി ബിസിനസുകാര്‍
Tuesday, September 23, 2014 10:15 PM IST
അഹമ്മദാബാദ്: ചൈനീസ് പ്രസിഡന്റ് ഷീ ചിംഗ്പിംഗിന്റെ സന്ദര്‍ശനം ഗുജറാത്തില്‍ വലിയ തരംഗം സൃഷ്ടിച്ചുവെന്നു പറയാം. മൂന്നുദിവസത്തെ ഇന്ത്യാ പര്യടനത്തിനിടയില്‍ ഷീ ആദ്യം വിമാനമിറങ്ങിയത് ഗുജറാത്തിലാണ്.

പണ്േട വ്യാപാരത്തില്‍ പ്രമുഖരാണു ഗുജറാത്തികള്‍. ഇപ്പോള്‍ ചൈനയിലേക്ക് അവര്‍ ഒന്നുകൂടി തറപ്പിച്ചുനോക്കുകയാണ്. കച്ചവടം തന്നെ ലക്ഷ്യം. പക്ഷേ, അതിനു പ്രധാന തടസം വരയും കുറിയും നിറഞ്ഞ ചൈനീസ് ഭാഷയായ മാന്‍ഡരിന്റെ കടുപ്പം തന്നെ. എന്തുവന്നാലും പിന്നോട്ടില്ലെന്ന മട്ടിലാണ് വ്യാപാരി സമൂഹം. മാന്‍ഡരിന്‍ പഠിച്ചിട്ടുതന്നെ.

സമീപദിനങ്ങളില്‍ ഒട്ടേറെപ്പേരാണു വിദേശഭാഷകള്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങളില്‍ ചൈനീസ് ഭാഷ അന്വേഷിച്ചെത്തിയത്. ചൈനയില്‍ ഒട്ടേറെ സാധ്യതകളുണ്െടന്നാണു ഗുജറാത്തി വ്യാപാരികള്‍ പറയുന്നത്. അനവധി വ്യാപാര കരാറുകള്‍ക്കാണ് രണ്ടു രാജ്യങ്ങളും ഒപ്പുവച്ചത്. അഹമ്മദാബാദിനെയും ചൈനീസ് നഗരമായ ഗുവാംഗ്ഷുവിനെയും സഹോദര നഗരങ്ങളായി പ്രഖ്യാപിച്ച് കരാര്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ കരാര്‍ നടപ്പില്‍വരുന്നതു കാത്തിരിക്കാന്‍ ഗുജറാത്തികളെ കിട്ടില്ല, മാവോയുടെ നാട്ടില്‍ എന്തൊക്കെ ചെയ്യാമെന്നാണു അവര്‍ ആലോചിക്കുന്നത്. ഷീ വന്നുപോയതില്‍പിന്നെ ചൈനീസ് ഭാഷയ്ക്ക് വന്‍ഡിമാന്‍ഡ് ആണെന്നു അഹമ്മദാബാദിലെ അധ്യാപകരും വിദ്യാര്‍ഥികളും സമ്മതിക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഗുജറാത്തും ചൈനയും തമ്മില്‍ മികച്ച ബിസിനസ് ബന്ധം സ്ഥാപിച്ചുതുടങ്ങിയിരുന്നു.


മുമ്പ് ഇരുകൂട്ടരും തമ്മില്‍ അത്ര നല്ല ബന്ധമുണ്ടായിരുന്നില്ല. ബിസിനസുകാര്‍, വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ തുടങ്ങിയ വിഭാഗക്കാരാണു മുന്‍നിരയില്‍.

അഹമ്മദാബാദില്‍ അറുപതിലേറെപ്പേര്‍ ഇപ്പോള്‍ മാന്‍ഡരിന്‍ പഠിക്കുന്നുണ്ട്. ഇന്റീരിയര്‍ ഡിസൈനറായ ഭിവിക് മങ്കാട് പറയുന്നത് നോക്കാം - മങ്കാട് പല രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ചൈനയും.

എന്നാല്‍ ഭാഷ വലിയ പ്രശ്നമാണ് അവിടെ. ബാക്കിയുള്ള രാജ്യങ്ങളിലുള്ളവക്ക് ഇംഗ്ളീഷ് കഷ്ടിച്ചു മനസിലാകും. എന്നാല്‍ ചൈനയില്‍ ഇംഗ്ളീഷ് പ്രചാരം നേടുന്നതേയുള്ളൂ. ഒരു ഗ്ളാസ് വെള്ളം കിട്ടണമെങ്കിലോ താമസിക്കാന്‍ മുറി വേണമെങ്കിലോ ഒന്നു പറഞ്ഞു മനസിലാക്കാന്‍ പാടുപെടണം. ഇക്കാരണത്താലാണ് താന്‍ മാന്‍ഡരിന്‍ പഠിക്കാന്‍ തീരുമാനിച്ചതെന്നു മങ്കാട് പറഞ്ഞു.

ചൈനീസ് ഭാഷ പഠിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നു വസ്ത്ര കയറ്റുമതിക്കാരനായ 31 കാരന്‍ ധര്‍മേഷ് ഭാന്‍ പറയുന്നു. ശബ്ദവും ഉച്ചാരണവും പരിസ്പര വിരുദ്ധമായിരിക്കും. ശബ്ദത്തില്‍ ചെറിയ വ്യത്യാസം മതി അര്‍ഥം മുഴുവന്‍ മാറുമെന്നു ഭാന്‍ പറഞ്ഞു. ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമുണ്ടാകുമെന്ന് അര്‍ഥം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.