സേവനനികുതിയുടെ അര്‍ധവാര്‍ഷിക റിട്ടേണ്‍ ഒക്ടോബര്‍ 25നു മുമ്പ്
Monday, October 20, 2014 11:07 PM IST
നികുതിലോകം / ബേബി ജോസഫ് (ചാര്‍ട്ടേഡ് അക്കൌണ്ടന്റ്)

സേവനനികുതിയുടെ റിട്ടേണുകള്‍ അര്‍ധവാര്‍ഷികമായിട്ടാണ് നല്കേണ്ടത്. ഒന്നാമത്തെ അര്‍ധവാര്‍ഷികം അവസാനിക്കുന്നത് സെപ്റ്റംബര്‍ 30 നാണ്. അതിനുശേഷം 25 ദിവസങ്ങള്‍ക്കകം ആണ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ ഒന്നാം അര്‍ധവാര്‍ഷിക റിട്ടേണ്‍ ഒക്ടോബര്‍ 25നു മുമ്പ് ഫയല്‍ ചെയ്യണം.

റിട്ടേണ്‍ ഇലക്ട്രോണിക് ആയി മാത്രം ഫയല്‍ ചെയ്യണം

സേവനനികുതിയുടെ അര്‍ധ വാര്‍ഷിക റിട്ടേണ്‍ ഓണ്‍ലൈന്‍ ആയി മാത്രമേ ഫയല്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഫോം എസ്.ടി. 3 ആണ് ഇതിന് ഉപയോഗിക്കേണ്ടത്.

സെല്‍ഫ് അസസ്മെന്റ് നടത്തി ആണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. സെല്‍ഫ് അസസ്മെന്റ് നടത്തി, നികുതിയുടെ ബാധ്യത ഉണ്െടങ്കില്‍ അടച്ചിട്ടു വേണം റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍. സെല്‍ഫ് അസസ്മെന്റ് നിയമം 16.07 2001 ലാണു പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

ഒക്ടോബര്‍ 25 ശനിയാഴ്ച ആയതുകൊണ്ട്

ആഴ്ചയിലെ പ്രവൃത്തി ദിനങ്ങള്‍ അഞ്ച് ആയി ചുരുക്കിയതിനാല്‍ സേവനനികുതി ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധിയാണല്ലോ. ആ സ്ഥിതിക്ക് 27 വരെ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സമയം ലഭിക്കുമോ?

ഒക്ടോബര്‍ 25നു പൊതു അവധി ആണെങ്കില്‍ മാത്രമാണ് അടുത്ത പ്രവൃത്തിദിവസം വരെ സമയം ലഭിക്കുന്നത്. ശനിയാഴ്ച പൊതു അവധി അല്ലാത്തതിനാല്‍ അന്നാണ് അര്‍ധവാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാനതീയതി, ഇതേസമയം തന്നെ ആണ് നികുതി അടയ്ക്കുന്നതിനും ബാധകമാണ്.

താമസിച്ചു റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ ലേറ്റ് ഫീ നിര്‍ബന്ധം

നിര്‍ദിഷ്ട തീയതിക്കകം സേവനനികുതിയുടെ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ താമസത്തിന് അനുസരിച്ചുള്ള ലേറ്റ് ഫീ നല്കണം.

റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള ബാധ്യത

സേവനനികുതി നിയമം അനുസരിച്ച് നികുതി ബാധ്യത ഉണ്െടങ്കില്‍ മാത്രമാണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. രജിസ്ട്രേഷന്‍ എടുത്തു എന്ന ഒറ്റ കാരണത്താല്‍ മാത്രം റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ബാധ്യത ഉണ്ടാവുന്നില്ല.

റിട്ടേണ്‍ റിവൈസ് ചെയ്യുവാന്‍ സാധിക്കുമോ?

റിട്ടേണില്‍ എന്തെങ്കിലും തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട് എന്ന് ബോധ്യം വന്നാല്‍ റിട്ടേണ്‍ റിവൈസ് ചെയ്ത് ഫയല്‍ ചെയ്യാന്‍ സാധിക്കും. പക്ഷേ, ഇതിനുള്ള സമയപരിധി 90 ദിവസം മാത്രമാണ്. അതായത് ഒറിജിനല്‍ റിട്ടേണ്‍ ഫയല്‍ ചെയ്ത തീയതി മുതല്‍ 90 ദിവസം വരെയുള്ള ദിവസങ്ങളില്‍ ഇതു പുതുക്കി നല്കുവാന്‍ സമയം ഉണ്ട്. 90 ദിവസത്തിന്റെ കണക്ക് കൂട്ടുന്നത് നിര്‍ദിഷ്ട തീയതി മുതലല്ല മറിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന തീയതി മുതലാണ് എന്നതു പ്രത്യേകം ശ്രദ്ധിക്കുക.

റിവൈസ് ചെയ്യുന്ന റിട്ടേണിന് ലേറ്റ് ഫീ ബാധകമാണോ?

ലേറ്റ് ഫീ ബാധകമല്ല. ഒറിജിനല്‍ റിട്ടേണിനു മാത്രമാണു ലേറ്റ് ഫീ നല്കേണ്ടത്. ഒറിജിനല്‍ റിട്ടേണ്‍ താമസിച്ചു ഫയല്‍ ചെയ്തു എന്ന കാരണത്താല്‍ റിവൈസ് ചെയ്ത് ഫയല്‍ ചെയ്യുന്ന റിട്ടേണുകള്‍ തിരസ്ക്കരിക്കാന്‍ ഡിപ്പാര്‍ട്ട്മെന്റിന് അധികാരമില്ല.

പല സേവനങ്ങള്‍ക്ക് ഒരു റിട്ടേണ്‍ മതിയോ?


സേവനദാതാവ് പല സേവനങ്ങള്‍ ഒരു സ്ഥലത്തുവച്ചു നല്കുന്നുണ്െടങ്കിലും അവയെല്ലാം ഒരു റിട്ടേണില്‍ തന്നെ ഉള്‍ക്കൊള്ളിക്കുവാന്‍ സാധിക്കും. എന്നാല്‍ ഓരോ തരം സേവനങ്ങളും പ്രത്യേകം പ്രത്യേകം കോളങ്ങളിലേക്ക് എഴുതേണ്ടതും നികുതി കണക്കു കൂട്ടേണ്ടതുമാണ്. എന്നാല്‍, പല സ്ഥലങ്ങളിലായി പല രജിസ്ട്രേഷനുകള്‍ ഒരു സേവനദാതാവിന് ഉണ്െടങ്കില്‍ അവ വെവ്വേറെ റിട്ടേണുകളിലായി ഫയല്‍ ചെയ്യണം.

സേവനനികുതി അടയ്ക്കേണ്ട തീയതികള്‍

സാധാരണയായി സേവനനികുതി എല്ലാ മാസവും അടയ്ക്കണം എന്നാണു നിയമം. എന്നാല്‍ വ്യക്തികളും, പ്രൊപ്രൈറ്ററി ഫേമുകളും പാര്‍ട്ണര്‍ഷിപ്പ് ഫേമുകളും ക്വാര്‍ട്ടര്‍ലി ആയി നികുതി അടച്ചാല്‍ മതി.

മാസം തോറും അടയ്ക്കേണ്ടവര്‍ ഓരോ മാസത്തെയും നികുതി അടുത്തമാസം അഞ്ചാം തീയതിക്കകവും ക്വാര്‍ട്ടര്‍ലി ആയി അടയ്ക്കേണ്ടവര്‍ ഓരോ ക്വാര്‍ട്ടറിലേയും നികുതി, ക്വാര്‍ട്ടര്‍ അവസാനിച്ച മാസം കഴിഞ്ഞ് അടുത്തമാസം അഞ്ചാം തീയതിക്കകവും ആണ് അടക്കേണ്ടത്.
ഓണ്‍ലൈനായി അടയ്ക്കുകയാണെങ്കില്‍ അഞ്ചാം തീയതി എന്നുള്ളത് ആറാം തീയതി വരെയാകാം.

നികുതി അടയ്ക്കാന്‍ താമസിച്ചാല്‍ പലിശ

മുകളില്‍ നിര്‍ദേശിച്ചിട്ടുള്ള തീയതികളില്‍ സേവനനികുതി അടച്ചില്ലെങ്കില്‍ താമസത്തിന് അനുസരിച്ചു പലിശ കൂട്ടി വേണം പിന്നീട് അടയ്ക്കാന്‍. 2014 ഒക്ടോബര്‍ മാസം മുതല്‍ നിലവിലുള്ള പലിശ നിരക്ക് താഴെ സൂചിപ്പിക്കുന്നു.

ഒക്ടോബര്‍ മുതല്‍ ആദ്യത്തെ ആറുമാസം വരെ 18% പലിശയും അടുത്ത ആറു മാസത്തിന് 24% പലിശയും ഒരു വര്‍ഷത്തിനു മുകളില്‍ 30% പലിശയും ആണ് നല്കേണ്ടത്. അതായത് നികുതി അടയ്ക്കാന്‍ 18 മാസം താമസം വന്നിട്ടുണ്െടങ്കില്‍ ആദ്യത്തെ 6 മാസത്തിന് 18% വും പിന്നീടുള്ള ആറു മാസത്തിന് 24% ഉം ബാക്കി ആറു മാസത്തിന് 30% ഉം വച്ചു പലിശ കണക്കുകൂട്ടി വേണം നികുതിയോടൊപ്പം അടയ്ക്കാന്‍.

60 ലക്ഷത്തില്‍ താഴെ മാത്രം സേവനമൂല്യം വന്നിരുന്നവര്‍ക്ക് ലഭിച്ചിരുന്ന 3% ഇളവ് 2014 ഒക്ടോബര്‍ ഒന്നു മുതല്‍ നിര്‍ത്തലാക്കി.

നികുതി താമസിച്ചടച്ചാല്‍ പലിശ

പലിശ ഒഴിവാക്കുന്ന കാര്യത്തില്‍ കോടതികള്‍ പോലും കാര്യമായി ഇടപെടുകയില്ല. പീഡിത വ്യവസായം എന്നു മുദ്ര ചെയ്യപ്പെട്ട കമ്പനികള്‍ക്കു പോലും പലിശയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കോടതി വിമുഖത കാണിക്കാറാണ് പതിവ്.

'കെ.എസ്.ഇ.ബി.'യുടെ കേസില്‍ സുപ്രീംകോടതി പറഞ്ഞതു പലിശയുടെ കാര്യത്തില്‍ ആരുടെയും മുഖമോ സ്റാറ്റസോ നോക്കേണ്ട ആവശ്യമില്ലെന്നും പലിശ അടയ്ക്കേണ്ടി വന്നതു പിരിച്ചെടുത്ത പണം യഥാസമയം അടക്കാതിരുന്നത് കൊണ്ടാണ് എന്നുമാണ്.

എന്നാല്‍, താമസം വന്ന ദിവസം വച്ചു മാത്രമേ പലിശ കണക്ക് കൂട്ടാന്‍ പാടുള്ളൂ എന്ന് 'ബിപിഎല്‍ മൊബൈല്‍ സെല്ലുലാറിന്റെ' കേസില്‍ കോടതി വിധിച്ചിട്ടുണ്ട്.

എന്നാല്‍, ഗവണ്‍മെന്റ് ആണ് സേവനനികുതി അടയ്ക്കേണ്ടിവരുന്നത് എങ്കില്‍ പലിശ ഒഴിവാക്കപ്പെട്ടേക്കാം.
സേവനനികുതി അടയ്ക്കുവാന്‍ താമസിച്ചാല്‍ പലിശമാത്രമല്ല പിഴയും കൂടി നല്കേണ്ടി വരും. എന്നുകൂടി ഓര്‍മപ്പെടുത്തുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.