ജിയോജിത് ബിഎന്‍പി പാരിബയുടെ രണ്ടാം പാദ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചു
ജിയോജിത് ബിഎന്‍പി പാരിബയുടെ രണ്ടാം പാദ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചു
Tuesday, October 21, 2014 10:31 PM IST
കൊച്ചി: ജിയോജിത് ബിഎന്‍പി പാരിബ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ 2014-15 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദ പ്രവര്‍ത്തനഫലം ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷം കമ്പനി പ്രസിദ്ധപ്പെടുത്തി.

സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 57 ശതമാനം ഉയര്‍ന്ന് 52.5 കോടി രൂപയില്‍ നിന്ന് 82.4 കോടി രൂപയും നികുതിക്കു മുന്‍പുള്ള ലാഭം 148 ശതമാനം ഉയര്‍ന്ന് 12.5 കോടി രൂപയില്‍ നിന്ന് 31 കോടി രൂപയുമായി. അവലോകന കാലയളവില്‍ നികുതിക്കു ശേഷമുള്ള ലാഭം 20 കോടി രൂപയായി ഉയര്‍ന്നു.

ജിയോജിത്തിന്റെ (അനുബന്ധ സ്ഥാപനങ്ങളൊഴികെ) വരുമാനം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 64 ശതമാനം ഉയര്‍ന്ന് 44.8 കോടി രൂപയില്‍ നിന്ന് 73.3 കോടി രൂപയും നികുതിക്കു ശേഷമുള്ള ലാഭം 18.1 കോടി രൂപയുമായി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30ലെ കണക്കനുസരിച്ച് കമ്പനി മാനേജ് ചെയ്യുന്ന ഉപഭോക്താക്കളുടെ ധനകാര്യ ആസ്തി ഇതാദ്യമായി 21,150 കോടി രൂപ കവിഞ്ഞു.


മൂലധന വിപണിയിലെ അനുകൂല സാഹചര്യങ്ങള്‍ കമ്പനിയുടെ ലാഭം ഉയരാന്‍ സഹായിച്ചു. കൂടാതെ 14,000 പുതിയ ഇടപാടുകാരെക്കൂടി ഈ കാലയളവില്‍ കമ്പനിക്കു ലഭിച്ചവെന്നു പ്രവര്‍ത്തനഫലം വിലയിരുത്തിക്കൊണ്ട് ജിയോജിത് ബിഎന്‍പി പാരിബ മാനേജിംഗ് ഡയറക്ടര്‍ സി.ജെ. ജോര്‍ജ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.