വിലക്കില്‍ നിന്ന് ഇടക്കാലാശ്വാസം തേടി ഡിഎല്‍എഫ്
Thursday, October 23, 2014 12:29 AM IST
മുംബൈ: സെബിയുടെ ഉത്തരവിനെ തുടര്‍ന്ന് മൂന്നു വര്‍ഷത്തേക്ക് ഓഹരിവിപണിയില്‍ വിലക്കു നേരിടുന്ന റിയാലിറ്റി സ്ഥാപനമായ ഡിഎല്‍എഫ് സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണലിനു (സാറ്റ്) മുന്‍പില്‍ ഇടക്കാല ആശ്വാസം തേടി. മ്യൂച്വല്‍ ഫണ്ടുകളിലും മറ്റു നിക്ഷേപങ്ങളിലുമായി കിടക്കുന്ന കമ്പനിയുടെ കോടികണക്കിനു രൂപ വിടുതല്‍ ചെയ്തു നല്‍കണമെന്നാവശ്യപ്പെട്ടാണ് ഡിഎല്‍ഫ് ട്രൈബ്യൂണലിനെ സമീപിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ മുന്‍ ആഴ്ചയില്‍ സമര്‍പ്പിച്ച പരാതി കേട്ടശേഷം ഈ വിഷയത്തില്‍ സെബിയുടെ പ്രതികരണം അറിയുന്നതിനായി അപ്പീല്‍ ഈ മാസം 30ലേക്ക് ട്രൈബ്യൂണല്‍ നീട്ടിവച്ചു. മ്യൂച്വല്‍ ഫണ്ട് വിപണിയില്‍ കിടക്കുന്ന 2,000 കോടി രൂപയും ബോണ്ടുകളില്‍ നിന്നു തിരികെ ലഭിക്കേണ്ട മറ്റ് ആയിരം കോടികളും ലഭിക്കുന്നതിന് സെബിയുടെ ഉത്തരവ് തടസമായിരിക്കുകയാണെന്നാണ് ഡിഎല്‍എഫിന്റെ വാദം.

സെബിയുടെ ഉത്തരവ് വരുന്നതിനു മുന്‍പ് നോണ്‍-കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകളുടെ ഇനത്തില്‍ 5,000 കോടി രൂപ സമാഹരിക്കാന്‍ ഡിഎല്‍എഫിന് ഓഹരി ഉടമകള്‍ അനുമതി നല്‍കിയിരുന്നു.


ഡിഎല്ഫിന്റെ കേസില്‍ സെബിയോട് ഇടപെടുവാന്‍ നിര്‍ദേശിച്ചുകൊണ്ട് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നു വിധിനേടിയ ഹര്‍ജിക്കാരന്‍ കിംസുഖ് സിന്‍ഹയും ഡിഎല്‍എഫിന്റെ അപ്പീലില്‍ ഇടപെട്ടുകൊണ്ട് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നെങ്കിലും സിന്‍ഹയുടെ ഇടപെടലിനെ ഡിഎല്‍എഫിന്റെ ഭാഗം ശക്തമായി ചോദ്യംചെയ്തതോടെ സിന്‍ഹയുടെ പരാതി തള്ളപ്പെട്ടു.

ഡിഎല്‍എഫിനെയും ആറ് എക്സിക്യൂട്ടീവുകളെയും ഓഹരിവിപണിയുമായി ബന്ധപ്പെട്ട വില്പനകള്‍, വാങ്ങലുകള്‍, ഫണ്ട് ശേഖരണം അടക്കമുള്ള മറ്റ് ഇടപാടുകള്‍ എന്നിവയില്‍ നിന്നു കഴിഞ്ഞ 13നാണ് സെബി വിലക്കിയത്. ഏഴുവര്‍ഷം മുന്‍പു നടന്ന പബ്ളിക് ഓഫറിന്റെ (ഐപിഒ) സമയത്ത് യഥാര്‍ഥവും വസ്തുതാപരവുമായ വിവരങ്ങള്‍ മനപൂര്‍വം മറച്ചുവച്ചുവെന്ന കണ്െടത്തലാണു വിലക്കിനു കാരണം.

2007ല്‍ ഐപിഒയിലൂടെ ഡിഎല്‍എഫ് 9,187 കോടി രൂപയാണു സമാഹരിച്ചത്. ഓഹരിവിപണിയിലെ ഒരു ബ്ളൂചിപ് കമ്പനിയെയും അതിന്റെ ഉന്നത അധികാരികളെയും വിപണിയില്‍ നിന്നു വിലക്കിക്കൊണ്ടുള്ള സെബിയുടെ ഉത്തരവ് അപൂര്‍വമായ ഒന്നാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.