കാര്‍ഷിക കടം എഴുതിത്തള്ളുന്നതിനെതിരെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
കാര്‍ഷിക കടം എഴുതിത്തള്ളുന്നതിനെതിരെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
Sunday, December 28, 2014 12:12 AM IST
ഉദയ്പൂര്‍: സര്‍ക്കാരിന്റെ കാര്‍ഷിക കടം എഴുതിത്തള്ളല്‍ പദ്ധതികള്‍ക്കെതിരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) ഗവര്‍ണര്‍ രഘുറാം രാജന്‍. ഇത്തരം പദ്ധതികള്‍ എത്രമാത്രം പ്രയോജനകരമാണെന്ന കാര്യം പുനഃപരിശോധിക്കണമെന്നും കാര്‍ഷിക മേഖലയിലേക്കുള്ള വായ്പയുടെ ഒഴുക്കിനെ തടസപ്പെടുത്തുന്നതിനു മാത്രമേ ഇത്തരം പദ്ധതികള്‍ കാരണമാകൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചില സംസ്ഥാനങ്ങളില്‍ അടിയന്തര സാഹചര്യങ്ങളില്‍ കാര്‍ഷിക കടം എഴുതിത്തള്ളുകയുണ്ടായി. എന്നാല്‍ ഇത് എത്രമാത്രം കര്‍ഷകര്‍ക്ക് പ്രയോജനപ്പെട്ടുവെന്ന് പിന്നീട് വിലയിരുത്തിയിട്ടുണ്േടാ? വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഇത്തരം പഠനങ്ങള്‍ വ്യക്തമാക്കുന്നത് എഴുതിത്തള്ളലിനു ശേഷം കാര്‍ഷിക മേഖലയിലേക്കുള്ള വായ്പകകളുടെ ഒഴുക്ക് കുറഞ്ഞുവെന്നതാണ്. ഇന്ത്യന്‍ ഇക്കണോമിക് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാന ചോദ്യം കാര്‍ഷികമേഖലയില്‍ നിന്നുള്ള വര്‍ധിച്ച കടബാധ്യത എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ്. കാര്‍ഷകരുടെ ആത്മഹത്യയടക്കമുള്ള പ്രധാനവും സൂക്ഷ്മവുമായ കാര്യങ്ങളിലും വിശദമായ പഠനങ്ങള്‍ നടക്കണം.

ബാങ്കുകളിലുള്ള കടബാധ്യതകളെ തുടര്‍ന്ന് എത്ര കര്‍ഷകര്‍ ആത്മഹത്യചെയ്തു? കടബാധ്യതകള്‍ ലഘൂകരിക്കാന്‍ ബാങ്കുകള്‍ എന്തൊക്കെ നടപടികള്‍ കൈക്കൊണ്ടു. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കപ്പെടണമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.


കഴിഞ്ഞ വര്‍ഷം ഫയലിന്‍ കൊടുങ്കാട് നാശം വിതച്ച സാഹചര്യത്തില്‍ വിള നഷ്ടപ്പെട്ട കര്‍ഷകരുടെ വായ്പകള്‍ ആന്ധപ്രദേശ്, തെലുങ്കാന സര്‍ക്കാരുകള്‍ എഴുതിത്തള്ളി. എഴുതിത്തള്ളിയ വായ്പയുടെ നിയമപ്രകാരമുള്ള 25 ശതമാനം തുക തെലുങ്കാന സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് പിന്നീട് നല്‍കിയെങ്കിലും ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഇതുവരെ തുക നല്‍കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടു സംസ്ഥാനങ്ങള്‍ക്കുമായി ഏകദേശം 1.3 ലക്ഷം കോടി രൂപയാണ് ബാങ്കുകള്‍ക്ക് എഴുതിത്തള്ളേണ്ടിവന്നത്.

2008 ല്‍ യുപിഎ സര്‍ക്കാര്‍ അവതരിപ്പിച്ച കാര്‍ഷികാശ്വാസ എഴുതിത്തള്ളല്‍ പദ്ധതി പ്രകാരം 3.69 കോടി ചെറുകിട കര്‍ഷകര്‍ക്കും 60 ലക്ഷം മറ്റു കര്‍ഷകര്‍ക്കുമായി ഏകദേശം 52,516 കോടി രൂപയാണ് എഴുതിത്തള്ളേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തില്‍ എഴുതിത്തള്ളിയ വായ്പകളില്‍ അര്‍ഹരല്ലാത്ത കര്‍ഷകര്‍ ഉള്‍പ്പെട്ടിരുന്നതായും അര്‍ഹരായവര്‍ പട്ടികയില്‍ നിന്നു തള്ളപ്പെട്ടതായും സര്‍ക്കാര്‍ ഓഡിറ്ററായ സിഎജി കണ്െടത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.