ലുലുവില്‍ ഗവിയുടെ സൌന്ദര്യം
Sunday, December 28, 2014 12:13 AM IST
കൊച്ചി: പ്രകൃതിരമണീയ വിനോദസഞ്ചാര കേന്ദ്രമായ ഗവിയുടെ സൌന്ദര്യം വിളിച്ചോതുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം 30 മുതല്‍ ജനുവരി നാലു വരെ ഇടപ്പള്ളിയിലെ ലുലുമാളില്‍ നടക്കും. പ്രദര്‍ശനോദ്ഘാടനം 30ന് ഉച്ചകഴിഞ്ഞ് രണ്ടിന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിക്കും. കളമശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍ അധ്യക്ഷത വഹിക്കും. പത്തനംതിട്ട ജില്ലാ ഭരണകൂടവും ലളിതകല അക്കാദമിയും ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലും സംയുക്തമായി ഗവിയില്‍ സംഘടിപ്പിച്ച ശിശിരം ചിത്രകലാ ക്യാമ്പില്‍ കേരളത്തിലെ പ്രശസ്തരായ 10 ചിത്രകാരന്മാര്‍ ചേര്‍ന്ന് വരച്ച ഗവിയുടെ മനോഹാരിത നിറഞ്ഞ 22 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

എറണാകുളം ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം മുഖ്യപ്രഭാഷണം നടത്തും. പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍, അസിസ്റന്റ് കളക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. എ. സുരേഷ്കുമാര്‍, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ കെ.എ. ഫ്രാന്‍സിസ്, സെക്രട്ടറി വൈക്കം എം.കെ. ഷിബു, നിര്‍വാഹക സമിതി അംഗം പി.ആര്‍. ഉദയകുമാര്‍, പത്തനംതിട്ട ഡിടിപിസി സെക്രട്ടറി വര്‍ഗീസ് പുന്നന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഗവിയുടെയും പത്തനംതിട്ട ജില്ലയുടെയും ടൂറിസം വികസനവും പ്രചാരണവും ലക്ഷ്യമിട്ടാണ് ചിത്രപ്രദര്‍ശനം. പ്രദര്‍ശനത്തിനുള്ള സ്ഥലവും സൌകര്യവും ലുലുമാളാണ് ക്രമീകരിച്ചിട്ടുള്ളത്. ഗവിയുടെ കാനന സൌന്ദര്യം പ്രകടമാകുന്ന ഈ ചിത്രങ്ങള്‍ വാങ്ങാന്‍ സന്ദര്‍ശകര്‍ക്ക് അവസരമുണ്ടാകും. പത്തനംതിട്ട പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റേഡിയത്തില്‍ നടന്ന ഫിഷ് ആന്‍ഡ് ഫുഡ് ഫെസ്റില്‍ ഗവി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. തിരുവനന്തപുരത്തും ഗവി ചിത്രങ്ങളുടെ പ്രദര്‍ശനം നടത്താന്‍ ലക്ഷ്യമിടുന്നുണ്ട്.


പ്രശസ്ത ചിത്രകാരന്മാരായ പുണിഞ്ചിത്തായ, ഡോ. അജിത്, എന്‍.എസ്. അബ്ദുള്‍ സലിം, വി.എസ്. മധു, മോപ്പസാംഗ് വാലത്ത്, സദു അലിയൂര്‍, സി.കെ. ഷാജി, സുനില്‍ അശോകപുരം, സുനില്‍ ലിനസ്ഡേ, ജി.എന്‍. മധു എന്നിവരാണ് ചിത്രങ്ങള്‍ വരച്ചത്. ചിത്രകാരന്മാരുടെ സാന്നിധ്യത്തിലാണ് ലുലുവില്‍ പ്രദര്‍ശനം. ഗവിയിലെ വിവിധ സ്ഥലങ്ങളില്‍ യാത്ര നടത്തിയാണ് ഇവര്‍ ചിത്രങ്ങള്‍ വരച്ചത്.

ഗവിയിലെ കാഴ്ചകളും അനുഭവങ്ങളുമാണ് പ്രമേയമായത്. കുന്നുകളും, തടാകവും, കാടിന്റെ പച്ചപ്പും, കാട്ടില്‍ മദിക്കുന്ന കൊമ്പനും ജീവന്‍ തുടിക്കുന്ന ചിത്രങ്ങളായി. ഗവി ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ആശംസ കാര്‍ഡുകള്‍ തയാറാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ സ്റേഡിയത്തില്‍ നടക്കുന്ന പൈതൃകോത്സവത്തിലെയും കവിയൂര്‍ കാര്‍ണിവലിലെയും സ്റാളുകളില്‍ ഈ കാര്‍ഡുകള്‍ 20 രൂപ നിരക്കില്‍ ലഭിക്കും. 2015 ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടക്കുന്ന കയര്‍ കേരള പ്രദര്‍ശനത്തിലും ഗവി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.