ആദായനികുതി 2014-15 വര്‍ഷത്തിലെ ശ്രദ്ധേയമായ മാറ്റങ്ങള്‍
Monday, January 26, 2015 11:32 PM IST
നികുതി ലോകം / ബേബി ജോസഫ് (ചാര്‍ട്ടേഡ് അക്കൌണ്ടന്റ്)

2014-15 വര്‍ഷത്തില്‍ ആദായനികുതി നിയമത്തില്‍ ഉണ്ടായ സുപ്രധാനങ്ങളായ മാറ്റങ്ങളും ആനുകൂല്യങ്ങളും ചുവടെ ചേര്‍ക്കുന്നു.

അടിസ്ഥാന കിഴിവ്

ആദായനികുതിയുടെ അടിസ്ഥാനപരിധി രണ്ടു ലക്ഷം രൂപയില്‍നിന്നു 2,50,000 രൂപയായി ഉയര്‍ത്തി. 60 വയസില്‍ താഴെയുള്ള വ്യക്തികള്‍ക്കുള്ള ആദായനികുതി അഞ്ചു ലക്ഷം രൂപ വരെ വരുമാനം ഉള്ളവര്‍ 10 ശതമാനം നിരക്കിലും അഞ്ചു ലക്ഷത്തിനു മുകളില്‍ 10 ലക്ഷം വരെ 20 ശതമാനം നിരക്കിലും 10 ലക്ഷത്തിനു മുകളില്‍ 30 ശതമാനം നിരക്കിലും മാറ്റമില്ലാതെ തുടരുന്നു. സെസിന്റെ നിരക്കിലും മാറ്റമില്ല.

മുതിര്‍ന്ന പൌരന്മാര്‍ക്ക്

60 വയസിനു മുകളിലുള്ള പൌരന്മാര്‍ക്കു വരുമാനത്തിന്റെ അടിസ്ഥാനകിഴിവ് മൂന്നു ലക്ഷം രൂപയാക്കി ഉയര്‍ത്തിയിരുന്നു. ബാക്കിയുള്ള നിരക്കുകളില്‍ മാറ്റമില്ല.

80 വയസില്‍ കൂടുതലുള്ളവര്‍ക്ക്

80 വയസില്‍ കൂടുതല്‍ ഉള്ള (ഗ്രാന്‍ഡ് സീനിയര്‍ സിറ്റിസണ്‍സ്) പൌരന്മാര്‍ക്ക് അടിസ്ഥാന വരുമാനത്തിന് കിഴിവ് അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. അഞ്ചു ലക്ഷത്തിനു മുകളില്‍ 10 ലക്ഷം വരെ 20 ശതമാനം നിരക്കിലും 10 ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിന് 30 ശതമാനം നിരക്കിലും നികുതി നല്കണം.

സര്‍ചാര്‍ജും സെസും

ഒരു കോടി രൂപയില്‍ കൂടുതല്‍ വരുമാനമുള്ള വ്യക്തികള്‍ക്കു നികുതിയുടെ 10 ശതമാനം സര്‍ചാര്‍ജും ഉണ്ടായിരിക്കും. ഇതിനു മുന്‍വര്‍ഷങ്ങളില്‍നിന്നു മാറ്റം ഇല്ല.കമ്പനിയുടെ നികുതി നിരക്കുകളില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.

ഭവനവായ്പയുടെ പലിശ

ഭവനവായ്പയുടെ പലിശയ്ക്ക് നല്കുന്ന കിഴിവ് ഒന്നരലക്ഷം രൂപയില്‍നിന്നു രണ്ടു ലക്ഷം രൂപയാക്കി കൂട്ടിയിട്ടുണ്ട്.

ഇന്‍ഷ്വറന്‍സിനും ഭവനവായ്പയുടെ മുതലിനും മറ്റുമുള്ള കിഴിവുകള്‍

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ ആനുകൂല്യം ഒരു ലക്ഷം രൂപയായി നിജപ്പെടുത്തിയിരുന്നത് ഈ സാമ്പത്തിക വര്‍ഷം മുതല്‍ 1,50,000 രൂപയായി കൂട്ടി. ഇന്‍ഷ്വറന്‍സ് പ്രീമിയം, പ്രൊവിഡന്റ് ഫണ്ടുകളിലുള്ള നിക്ഷേപങ്ങള്‍, ഭവനനിര്‍മാണത്തിനായി എടുത്തിട്ടുള്ള ലോണുകളുടെ തിരിച്ചടവ് (അംഗീകൃത സാമ്പത്തിക സ്ഥാപനങ്ങളിലുള്ളതുമാത്രം) മുതലായവ ഇതിലുള്‍പ്പെടുന്നു.

സി.എസ്.ആര്‍. ചെലവുകള്‍

കമ്പനികള്‍ നിര്‍ബന്ധിതമായും സാമൂഹിക പ്രതിബദ്ധതയ്ക്കുവേണ്ടി ചെലവാക്കേണ്ട പണത്തിന് ആദായനികുതി നിയമത്തില്‍ കിഴിവ് ലഭിക്കുന്ന ചെലവുകളായി അംഗീകരിക്കുകയില്ല എന്നു നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കമ്പനി നിയമം അനുശാസിക്കുന്ന നിര്‍ബന്ധിത ചെലവായതിനാല്‍ ഇതിനെ ആദായനികുതി നിയമത്തിലും ചെലവായി അംഗീകരിക്കും എന്നായിരുന്നു പൊതുവെയുള്ള കാഴ്ചപ്പാട്. ഇതിനു ഘടകവിരുദ്ധമായിട്ടുള്ള ഒരു തീരുമാനം ആണ് ആദായനികുതി നിയമത്തില്‍ സ്വീകരിച്ചിട്ടുള്ളത്.

വസ്തു വില്പനക്കരാര്‍ സമയത്ത് ലഭിക്കുന്ന അഡ്വാന്‍സ് തുകകള്‍

വില്പന കരാര്‍ ഉണ്ടാക്കുന്ന സമയത്ത് ലഭിക്കുന്ന അഡ്വാന്‍സ് തുകകള്‍, കരാര്‍ പ്രാബല്യത്തില്‍ വന്നില്ലെങ്കില്‍, അഡ്വാന്‍സ് തുക ഉപേക്ഷിക്കപ്പെടുക ആണെങ്കില്‍, നികുതിക്ക് വിധേയമാകും. അക്കൌണ്ടിംഗ് നിയമം അനുസരിച്ച് ഉപേക്ഷിക്കപ്പെടുന്ന തുക വസ്തുവിന്റെ വിലയില്‍ നിന്നു കുറച്ചുകാണിക്കുക ആയിരുന്നു പതിവ്. അങ്ങനെ ചെയ്താലും മേല്‍ തുകയ്ക്ക് ആദായനികുതി കൊടുക്കണം എന്ന് അനുശാസിക്കുന്നു. അഡ്വാന്‍സ് തുക മടക്കി നല്കിയാല്‍ ഇതു ബാധകം അല്ല.


ലോണുകളും ഡെപ്പോസിറ്റുകളും

20,000 രൂപയില്‍ കൂടുതലുള്ള ലോണുകളോ ഡെപ്പോസിറ്റുകളോ അക്കൌണ്ട് പേയി ചെക്കുകളായി മാത്രമാണു സ്വീകരിക്കാന്‍ പാടുള്ളൂ എന്നായിരുന്നു ആദായനികുതി നിയമത്തില്‍ അനുശാസിച്ചിരുന്നത്. അതുപോലെ തന്നെ ആയിരുന്നു മേല്‍ ലോണുകളും ഡെപ്പോസിറ്റുകളും തിരിച്ചു നല്കുന്ന സമയത്തും അനുവര്‍ത്തിക്കേണ്ടത്. എന്നാല്‍, അക്കൌണ്ട് പേയി ചെക്കുകളുടെ സ്ഥാനത്ത് ഇലക്ട്രോണിക് പേയ്മെന്റുകളും നിയമപരമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

മെഡിക്ളെയിം പോളിസികള്‍

ആദായനികുതി നിയമത്തിലെ 80 ഡി വകുപ്പ് അനുസരിച്ച് ഒരു വ്യക്തിക്ക് മെഡിക്ളെയിം പോളിസി ഇനത്തില്‍ ലഭിക്കുന്ന പരമാവധി കിഴിവ് 15,000/- രൂപയാണ്. എന്നാല്‍ മാതാപിതാക്കള്‍ക്ക് വേണ്ടി പോളിസി എടുത്തിട്ടുണ്െടങ്കില്‍ അധികമായി 15000/- രൂപ കൂടി കിഴിവായി അനുവദിക്കുന്നതാണ്. മുതിര്‍ന്ന പൌരന്മാര്‍ക്കുവേണ്ടി ആണെങ്കില്‍ മേല്‍ തുക 20,000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. മേല്‍ മെഡിക്ളെയിം പോളിസി കൂടാതെ മെഡിക്കല്‍ ചെക്കപ്പിനായി (സ്വന്തം, ഭാര്യ/ഭര്‍ത്താവ്, കുട്ടികള്‍, മാതാപിതാക്കന്മാര്‍) ചെലവാക്കുന്നതിലേക്ക് 5,000/ രൂപ കിഴിവായി അനുവദിക്കുന്നതാണ്. എന്നാല്‍ ഇതു പരമാവധി തുകയായ രൂപ 15,000/ 20,000 ല്‍ ഉള്‍പ്പെടുന്നു.

വിദ്യാഭ്യാസ വായ്പയ്ക്കുള്ള പലിശ

ഉന്നത വിദ്യാഭ്യാസത്തിനായി ബാങ്കുകളില്‍നിന്നും ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും എടുക്കുന്ന ലോണുകളുടെ പലിശ ആദായനികുതി നിയമത്തില്‍ വകുപ്പ് 80 ഇ അനുസരിച്ച് കിഴിവിനര്‍ഹമാണ്. സ്വന്തമായിട്ടുള്ള പഠനത്തിനോ ഭാര്യ/ഭര്‍ത്താവിന്റെയോ, കുട്ടികളുടെയോ വിദ്യാഭ്യാസത്തിനായി എടുത്തിട്ടുള്ള വായ്പയുടെ പലിശയ്ക്കാണു പരിധികള്‍ ഇല്ലാത്ത ഈ നികുതി ആനുകൂല്യം. വായ്പ എടുത്ത് എട്ടു വര്‍ഷത്തേക്കാണു പലിശയ്ക്കുള്ള ഈ ആനുകൂല്യം.

വീടിന്റെ വാടകയ്ക്കുള്ള ആനുകൂല്യം

ഭാര്യയുടെയോ/ഭര്‍ത്താവിന്റെയോ മൈനര്‍ കുട്ടികളുടെ പേരിലോ സ്വന്തമായി വീടില്ലാത്തവര്‍ താമസിക്കുന്ന വീടിനു നല്കുന്ന വാടക നിബന്ധനകള്‍ക്ക് വിധേയമായി കിഴിവിനര്‍ഹമാണ്.

നിബന്ധനകള്‍

1) കിഴിവിന് മുമ്പുള്ള വരുമാനത്തിന്റെ 10 ശതമാനത്തില്‍ അധികം വരുന്ന തുകയാണു വാടകയ്ക്കു കിഴിവായി അനുവദിക്കുന്നത്.

2) വാടക പ്രതിമാസം 2,000 രൂപയില്‍ കൂടാന്‍ പാടില്ല.

3) വാര്‍ഷിക വാടക ആകെ വരുമാനത്തിന്റെ 25 ശതമാനത്തില്‍ കൂടാന്‍ പാടില്ല.

4) ഹൌസ് റെന്റ് അലവന്‍സ് ലഭിക്കുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.