ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ സമാപിച്ചു
ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ സമാപിച്ചു
Wednesday, January 28, 2015 11:04 PM IST
തിരുവനന്തപുരം: 55 ദിവസം നീണ്ടുനിന്ന ജികെഎസ്എഫിന് സമാപനമായി. ഡിസംബര്‍ ഒന്നിന് ആരംഭിച്ചു ജനുവരി 15ന് അവസാനിക്കേണ്ടിയിരുന്ന മേള വ്യാപാര സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്ന് 10 ദിവസം കൂടി ദീര്‍ഘിപ്പിച്ചു. 5000ത്തിലധികം വ്യാപാരസ്ഥാപനങ്ങള്‍ പങ്കാളികളായ ഈ വര്‍ഷത്തെ ഫെസ്റിവലില്‍ 50 ലക്ഷം കൂപ്പണുകളാണു വില്‍പ്പന ലക്ഷ്യമാക്കിയിരുന്നതെങ്കിലും 55 ലക്ഷം കൂപ്പണുകള്‍ വിറ്റഴിഞ്ഞു.

സമ്മാന കൂപ്പണുകളിലൂടെ 2200 കോടി രൂപയുടെ വ്യാപാരം രേഖപ്പെടുത്തിയതായിട്ടാണു പ്രാഥമിക കണക്കുകള്‍. ഇതിലൂടെ സര്‍ക്കാരിന്റെ വന്യൂ വരുമാനത്തിലും ഗണ്യമായ വര്‍ധനവുണ്ടാകും. ഈ മേളയിലാദ്യമായി കുടുംബശ്രീ ആയിരുന്നു രജിസ്ട്രേഷന്‍ നിര്‍വഹിച്ചത്. കുടുംബശ്രീക്ക് ഏഴര ലക്ഷത്തോളം രൂപ ഇതിലൂടെ വരുമാനമായി ലഭിച്ചു. മേളക്കു ഗ്രാമങ്ങളില്‍ പോലും നല്ല പ്രചാരണം ലഭിക്കുന്നതിന് ഇതു കാരണമായി.

കൂപ്പണ്‍ വിതരണത്തില്‍ തിരുവനന്തപുരം ജില്ലയാണ് ഒന്നാമത്, വ്യാപാര സ്ഥാപനങ്ങളുടെ രജിസ്ട്രേഷനില്‍ മലപ്പുറവും, വ്യാപാരമേളയുടെ ചരിത്രത്തില്‍ ആദ്യമായി പരീക്ഷിക്കപ്പെട്ട കണ്‍സ്യൂമര്‍ വായ്പയും വ്യാപാര-പ്രോത്സാഹനത്തിനു സഹായകരമായി. 10 കോടിയിലധികം രൂപ സമ്മാനമായി നല്‍കിയ സീസണ്‍ എട്ടില്‍ ഏതാണ്ട് നാലു ലക്ഷത്തിലധികം പേര്‍ സമ്മാനര്‍ഹരായി. ലോജിസ്റിക്സ് ചെലവുകള്‍ മറ്റിതര സീസണുകളേക്കാള്‍ കുറയുകയും ചെയ്തു. ടൂറിസ്റുകള്‍ക്കായി നടപ്പിലാക്കിയ 100 ശതമാനം വാറ്റ് റീഫണ്ട് സ്കീമിനും മികച്ച പ്രതികരണമാണു ലഭിച്ചത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ചക്കകം ഇതു വിതരണം ചെയ്തു തുടങ്ങും.


രണ്ടു കോടിയിലധികം രൂപ വിവിധ സ്പോണ്‍സര്‍ഷിപ്പുകളായി ഇത്തവണത്തെ മേളക്കു ലഭിച്ചു. മൊബൈല്‍ആപ്പ് സോഫ്ട്വെയറും ഇത്തവണ പുതുമയായി. സീസണ്‍ എട്ടിന്റെ പ്രവര്‍ത്തനങ്ങളുമായി എല്ലാ വ്യാപാര സംഘടനകളും സഹകരിച്ചു. തദ്ദേശീയ ഉല്‍പ്പന്നങ്ങളുടെ പ്രോത്സാഹനത്തിന് ഒരു ആസൂത്രിത കര്‍മപദ്ധതി തയാറാക്കാന്‍ ഈ ഫെസ്റിവല്‍ സീസണ്‍ പ്രയോജനകരമായി.

ഫെസ്റിവല്‍ സീസണിലെ കയര്‍ഫെഡിന്റെയും കരകൌശല കോര്‍പ്പറേഷന്റെയും വിപണനം റിക്കാര്‍ഡ് നേട്ടമാണു രേഖപ്പെടുത്തിയത്. പ്രദേശിക ഫെസ്റിവലുകളായി സംഘടിക്കപ്പെട്ട കരുനാഗപ്പള്ളി ഷോപ്പിംംഗ് ഫെസ്റിവലും, അഴീക്കല്‍ ബീച്ച് ഫെസ്റിവലും ചവറ ഹസ്തസുമം ക്രാഫ്റ്റ് ഫെസ്റിവലും നല്ല വിജയമായിരുന്നു.

ചവറ ക്രാഫ്റ്റ് ഫെസ്റിവലിന്, തൊഴില്‍വകുപ്പിന്റെ കീഴിലുള്ള കെഎസ്ഐഡി 16 ലക്ഷം രൂപ സ്പോണ്‍സര്‍ഷിപ്പായി നല്‍കിയപ്പോള്‍ മറ്റു രണ്ടു ഫെസ്റിവലുകളും പ്രാദേശിക സഹായത്തോടെയാണു സംഘടിപ്പിച്ചത്. ചവറയില്‍ സംഘടിപ്പിച്ച ഫെസ്റിവലില്‍ 50,000ലധികം പേരാണു സന്ദര്‍ശിച്ചത്. 'കേരളത്തിന്റെചരിത്രം' വൈക്കോല്‍ ചിത്രങ്ങളില്‍ രേഖപ്പെടുത്തിയ കരകൌശല നിര്‍മാണവും പുതുമയായി. ഷോപ്പിംഗ് ഫെസ്റിവലിന്റെ സമാപനം ഫെബ്രുവരി 10ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് നിര്‍വഹിക്കും. സംസ്ഥാന ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേളയുടെ മെഗാ നറുക്കെടുപ്പും നിര്‍വഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.