വണ്ടര്‍ലായുടെ അറ്റാദായം 44.04 കോടി
വണ്ടര്‍ലായുടെ അറ്റാദായം 44.04 കോടി
Friday, January 30, 2015 11:12 PM IST
ബംഗളൂരു: പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ലാ ഹോളിഡേയ്സ് നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ഒമ്പതു മാസക്കാലയളവില്‍ 44.04 കോടി രൂപയുടെ അറ്റാദായം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ കൈവരിച്ച 32.74 കോടി രൂപയില്‍ നിന്നു 35 ശതമാനത്തിന്റെ വര്‍ധനയാണ് കമ്പനി സ്വന്തമാക്കിയത്. 2014-15 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ വണ്ടര്‍ലാ 12.77 കോടി രൂപയുടെ അറ്റാദായവും നേടി.

മുന്‍വര്‍ഷം ഇതേ കാലയളവില്‍ കൈവരിച്ച 12.39 കോടി രൂപയെ അപേക്ഷിച്ച് മൂന്നു ശതമാനം വളര്‍ച്ചയാണ് നടപ്പുവര്‍ഷം നേടിയത്. ഈ കാലയളവില്‍ നികുതിയ്ക്ക് മുമ്പുള്ള ലാഭം 20 ശതമാനത്തിന്റെ വര്‍ധനയോടെ 18.52 കോടി രൂപയായി. മൂന്നാം പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 41.57 കോടി രൂപയില്‍ നിന്ന് 19 ശതമാനം വര്‍ധിച്ച് 49.47 കോടി രൂപയായി. അതേസമയം ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പതു മാസങ്ങളില്‍ കൈവരിച്ച 121.55 കോടി രൂപയില്‍നിന്ന് 25.70 ശതമാനം വര്‍ധിച്ച് 152.77 കോടി രൂപയായും ഉയര്‍ന്നു. മൂന്നാം പാദത്തിലെ പ്രകടനത്തില്‍ തികഞ്ഞ സംതൃപ്തിയാണുള്ളതെന്ന് വണ്ടര്‍ലാ ഹോളിഡേയ്സ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.


മൂന്നാം പാദത്തില്‍ ബംഗളൂരു, കൊച്ചി അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ നിന്നുള്ള വരുമാനം 44.87 കോടി രൂപയും റിസോര്‍ട്ടില്‍ നിന്നുള്ള വരുമാനം 2.77 കോടി രൂപയുമാണ്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പതു മാസങ്ങളില്‍ അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ നിന്നുള്ള വരുമാനം 138.87 കോടി രൂപയും റിസോര്‍ട്ടില്‍ നിന്നുള്ള വരുമാനം 7.91 കോടി രൂപയുമാണ്.

നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തികരിക്കാനുള്ള ലക്ഷ്യത്തോടെ ഹൈദരാബാദ് പാര്‍ക്കിന്റെ പ്രവര്‍ത്തനം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും ഇതിന്റെ ഭാഗമായി ഇതര പാര്‍ക്കുകളില്‍ നിന്നു തൊഴിലാളികള്‍ക്ക് ഹൈദരാബാദ് പാര്‍ക്കിലേക്കുള്ള പരിശീലനം ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.