കോര്‍പ്പറേറ്റ് ചരിത്രത്തിലെ മികച്ച നേട്ടവുമായി ആപ്പിള്‍
കോര്‍പ്പറേറ്റ് ചരിത്രത്തിലെ മികച്ച നേട്ടവുമായി ആപ്പിള്‍
Monday, February 2, 2015 12:50 AM IST
കാലിഫോര്‍ണിയ: ഐഫോണുകളുടെ റിക്കാര്‍ഡ് വില്പനയിലൂടെ ആപ്പിള്‍ അവസാനിച്ച പാദത്തിലെ ലാഭം കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമായി രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നുമാസ കാലയളവില്‍ ഐ ഫോണിന്റെ വിവിധ മോഡലുകളിലൂടെ ആപ്പിള്‍ വിറ്റഴിച്ചത് 7.45 കോടി ഐഫോണുകളാണ്.

ഐഫോണുകളുടെ ഈ റിക്കാര്‍ഡ് വില്പന ആപ്പിളിന്റെ ലാഭം 1,800 കോടി ഡോളറിന്റെ ലാഭത്തിലേക്ക് എത്തിച്ചു. മുന്‍വര്‍ഷത്തേ അപേക്ഷിച്ച് 37 ശതമാനത്തിന്റെ ലാഭവര്‍ധനയാണ് കമ്പനിയക്കുണ്ടായത്. 2011 വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ റഷ്യന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനി ഗാസ്പ്രോം രേഖപ്പെടുത്തിയ 1,620 കോടി ഡോളറിന്റെ റിക്കാര്‍ഡാണ് ആപ്പിളിന്റെ ഐഫോണ്‍ കുതിപ്പില്‍ പഴങ്കഥയായത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില്പനയില്‍ 30 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയ 7.45 കോടി വില്പന ആഗോള റിക്കാര്‍ഡ് അല്ലെങ്കിലും ആപ്പിളിന് ഇത് ഏക്കാലത്തെയും മികച്ച വരുമാനവും നേടിക്കൊടുത്തു. ചൈന, ഹോങ്കോങ്, തായ്വാന്‍ എന്നിവിടങ്ങളില്‍ മാത്രം വില്പനയില്‍ 70 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. ഒക്ടോബറില്‍ ചൈനയിലെ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ആറാം സ്ഥാനത്തായിരുന്ന ആപ്പിള്‍ ഡിസംബര്‍ അവസാനത്തോടെ ഒന്നാം സ്ഥാനത്തെത്തി.


ലോകത്താകമാനം മണിക്കൂറില്‍ 34,000 ഐഫോണുകള്‍ എന്ന കണക്കിലാണ് വില്പന നടക്കുന്നത്. ആപ്പിളിന്റെ ഉത്പന്നങ്ങളിലുള്ള താത്പര്യം തങ്ങളുടെ പ്രതീക്ഷകള്‍ക്കൊക്കെ അപ്പുറത്ത് എക്കാലത്തെയും ഉന്നതിയിലെത്തിയിരിക്കുകയാണെന്നാണ് ആപ്പിളിന്റെ സിഇഒ ടിം കുക്ക് ഇതിനോട് പ്രതികരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.