ചെറുകിട വ്യവസായരംഗത്തെ വളര്‍ച്ചാനിരക്കില്‍ കേരളം മുന്നില്‍: മുഖ്യമന്ത്രി
ചെറുകിട വ്യവസായരംഗത്തെ വളര്‍ച്ചാനിരക്കില്‍ കേരളം മുന്നില്‍: മുഖ്യമന്ത്രി
Friday, February 27, 2015 11:26 PM IST
സ്വന്തം ലേഖകന്‍

കൊച്ചി: ചെറുകിട, ഇടത്തരം വ്യവസായ രംഗത്തെ വളര്‍ച്ചാനിരക്കില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നേറ്റം കൈവരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 12 ശതമാനം വളര്‍ച്ചയാണു സംസ്ഥാനം നേടിയിരിക്കുന്നതെന്നും വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കായി കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലിലെ ഗള്‍ഫാര്‍ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച ത്രിദിന ബിസിനസ് ടു ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെ, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നയങ്ങളിലും നിലപാടുകളിലും വ്യവസായ സൌഹൃദപരമായി സര്‍ക്കാരും വ്യവസായ വകുപ്പും കൈക്കൊണ്ട സമീപനമാണ് ഈ നേട്ടത്തിനു കാരണമായത്. സംസ്ഥാനത്തു സംരംഭങ്ങള്‍ക്കായി മുന്നിട്ടിറങ്ങുന്നവര്‍ക്കു ഒരു തരത്തിലുള്ള പ്രതിബന്ധങ്ങളേയും നേരിടേണ്ടി വരില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ചുവപ്പുനാടയുടെ കുരുക്കില്‍ ഒരു സംരംഭകനും ശ്വാസം മുട്ടുന്ന അവസ്ഥ ഉണ്ടാകരുതെന്നു സര്‍ക്കാരിനു നിര്‍ബന്ധമുണ്ട്. നടപടി ക്രമങ്ങള്‍ ലഘൂകരിച്ചു സംരംഭകരെ സഹായിക്കുന്നതിനുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ കൈക്കൊണ്ടുവരികയാണ്. സെല്‍ഫ് അറ്റസ്റേഷന്‍ അടക്കമുള്ളവ ഇതിനായി കൊണ്ടുവരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

യുവാക്കളെ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ പര്യാപ്തമായ വിദ്യാര്‍ഥി സംരംഭക നയമാണ് സര്‍ക്കാര്‍ നടപ്പാക്കുക. ഇതിന് മുന്നോടിയായി ആരംഭിച്ച സ്റാര്‍ട്ടപ്പ് വില്ലേജ് രാജ്യത്തൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. സംസ്ഥാന ബജറ്റിന്റെ ഒരു ശതമാനം തുക യുവസംരംഭകരെ പിന്തുണയ്ക്കാനായി മാറ്റിവച്ച ആദ്യ സംസ്ഥാനമാണ് കേരളം. പട്ടികജാതി, വര്‍ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങളെ സംരംഭകത്വത്തിലേക്ക് നയിക്കുന്നതിന് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുള്ള പ്രത്യേക പദ്ധതിയ്ക്കും സര്‍ക്കാര്‍ രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.


ചടങ്ങില്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. എക്സൈസ് മന്ത്രി കെ. ബാബു, എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്‍, ഡയറക്ടര്‍ പി.എം. ഫ്രാന്‍സിസ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) ദേശീയ വൈസ് പ്രസിഡന്റ് പങ്കജ്.ആര്‍.പട്ടേല്‍, സംസ്ഥാന കൌണ്‍സില്‍ ചെയര്‍മാന്‍ ജോര്‍ജ് മുത്തൂറ്റ്, ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. രാമചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.എച്ച്. കുര്യന്‍ രചിച്ച ദ റൈസ്ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫിക്കി, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍, കിന്‍ഫ്ര, സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍(കെഎസ്ഐഡിസി), സിഡ്കോ എന്നിവയുടെ സഹകരണത്തോടെയാണ് മൂന്നു ദിവസത്തെ ബിസിനസ് ടു ബിസിനസ് മീറ്റ് നടത്തുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.