ബി ടു ബി മീറ്റിന് ഇന്നു സമാപനം
Saturday, February 28, 2015 11:40 PM IST
കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കായി കൊച്ചിയില്‍ നടന്നുവരുന്ന ത്രിദിന ബിസിനസ് ടു ബിസിനസ് മീറ്റ് ഇന്നു സമാപിക്കും.

മീറ്റിന്റെ രണ്ടാം ദിനമായ ഇന്നലെ ആദ്യ സെഷനില്‍ ആഫ്രിക്കന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് എംഎസ്എംഇ മേഖലയ്ക്കുള്ള എക്സിം വ്യാപാരത്തിനുള്ള അവസരങ്ങളെക്കുറിച്ചുള്ള ജിബോത്തി അംബാസഡര്‍ സെയ്ദ് അബ്സീയാ വാര്‍സാമി ആമുഖ പ്രസംഗം നടത്തി. അദ്ദേഹം തങ്ങളുടെ രാജ്യത്തേക്ക് നിക്ഷേപകരെ ക്ഷണിച്ചു. ആഫ്രിക്കയിലേക്കുള്ള കവാടമാണ് തന്റെ രാജ്യമെന്നും ചരിത്രപരമായി വ്യാപാര രാജ്യമായ ജിബോത്തിയില്‍ 'വ്യാപാരം സൌജന്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ രാജ്യത്തു വ്യവസായം നടത്തിയാലുണ്ടാകാവുന്ന നേട്ടങ്ങളെ കുറിച്ചു തുടര്‍ന്നു സംസാരിച്ച എതോപ്യ എംബസിയുടെ മിനിസ്റര്‍ കൌണ്‍സിലര്‍ (ബിസിനസ് ഡിപ്ളോമസി) ജെറുസലേം അംദേമരിയ തെദേസേ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നിന്നുള്ള ഒട്ടേറെ നിക്ഷേപകര്‍ ഇതിനകം അവിടെ ബിസിനസിന് തുടക്കമിട്ടതായും അവര്‍ വെളിപ്പെടുത്തി. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) ഡയറക്ടര്‍ ജനറല്‍ ഡോ. അര്‍ബിന്ദ് പ്രസാദ്, വ്യവസായ വകുപ്പ് ഡയറക്ടര്‍ പി.ജെ. ഫ്രാന്‍സിസ് എന്നിവരും ഈ സെഷനില്‍ പ്രസംഗിച്ചു.

എക്സിം ട്രേഡ് ആന്‍ഡ് ട്രേഡ് ഫെസിലിറ്റേഷന്‍ എന്ന രണ്ടാമത്തെ സെഷനില്‍ സിന്തറ്റ് ഇന്‍ഡസ്ട്രിസ് ലിമിറ്റഡ് എംഡി ജോര്‍ജ് പോള്‍, എക്സ്പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ജയപ്രകാശ് ജി മേനോന്‍, കസ്റംസ് കമ്മീഷണര്‍ കെ. എന്‍. രാഘവന്‍, എസ്ഇസെഡ് റീജണല്‍ ഡയറക്ടര്‍ എന്‍.എന്‍. മേനോന്‍, ഫിക്കി സ്റേറ്റ് കൌണ്‍സില്‍ കോ-ചെയര്‍മാന്‍ ദീപക് എല്‍. അസ്വാനി എന്നിവര്‍ പ്രസംഗിച്ചു.

വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫിക്കി, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍, കിന്‍ഫ്ര, സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍(കെഎസ്ഐഡിസി), സിഡ്കോ എന്നിവയുടെ സഹകരണത്തോടെയാണ് ബിസിനസ് ടു ബിസിനസ് മീറ്റ് നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 352 ബയര്‍മാരും 17 വിദേശരാജ്യങ്ങളില്‍ നിന്നും 116 ബയര്‍മാരും അടക്കം 468 ഇടപാടുകാരാണ് മീറ്റില്‍ പങ്കെടുക്കുന്നത്. മീറ്റില്‍ ബയര്‍ സെല്ലര്‍ മീറ്റുകളും ഒറ്റയ്ക്കും സംഘം ചേര്‍ന്നുമുള്ള കൂടിക്കാഴ്ചകളും ബിസിനസ് സെഷനുകളും ഇന്നും തുടരും.

കൊച്ചി ഹോട്ടല്‍ ലേ മെറീഡിയനിലെ ഗള്‍ഫാര്‍ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മീറ്റിന്റെ അവസാനദിനമായ ഇന്നു ഉച്ചകഴിഞ്ഞ് പൊതുജനങ്ങള്‍ക്കു സ്റാളുകള്‍ കാണുന്നതിനും മറ്റും അവസരം ഒരുക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.