ബജറ്റ് പ്രതീക്ഷകള്‍ തെറ്റി; സൂചിക ചാഞ്ചാട്ടത്തിലൂടെ നീങ്ങി
ബജറ്റ് പ്രതീക്ഷകള്‍ തെറ്റി; സൂചിക ചാഞ്ചാട്ടത്തിലൂടെ നീങ്ങി
Monday, March 2, 2015 11:11 PM IST
ഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെക്കുറിച്ച് വിപണി കണക്ക് കൂട്ടിയതെല്ലാം തെറ്റി. ബജറ്റ് വേളയില്‍ നടന്ന പ്രത്യേക വ്യാപാരത്തില്‍ സെന്‍സെക്സും നിഫ്റ്റിയും വന്‍ ചാഞ്ചാട്ടത്തെ അഭിമുഖീകരിച്ചു. വിപണി പ്രതീക്ഷിച്ചത് 400-500 പോയിന്റിന്റെ കുതിച്ചുചാട്ടമായിരുന്നു. ലഭിച്ചതാവട്ടെ 140 പോയിന്റ് മികവ് മാത്രം.

വിദേശ നിക്ഷേപം ആദ്യ രണ്ടുമാസം പതിവിലും ഇരട്ടി പ്രവഹിച്ചിട്ടും പ്രമുഖ സൂചികകള്‍ക്ക് നിര്‍ണായക വേളയില്‍ മികവ് കാണിക്കാന്‍ കഴിയാഞ്ഞത് ആശങ്ക ഉളവാക്കുന്നു. സെന്‍സെക്സിന്റെ പ്രതിവാര നേട്ടം 130 പോയിന്റില്‍ ഒതുങ്ങി. കോര്‍പ്പറേറ്റ് നികുതിയില്‍ അഞ്ചുശതമാനം ഇളവ് പ്രഖ്യാപിച്ചത് വിപണിക്കു നേട്ടം തന്നെ. നേരത്തെ 30 ശതമാനമായിരുന്ന നികുതി 25 ശതമാനമാക്കി. എന്നാല്‍ ഈ ഇളവ് പ്രഖ്യാപനം വിപണിയില്‍ അമിതാവേശമൊന്നും സൃഷ്ടിച്ചില്ല. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ഘട്ടംഘട്ടമായാണ് നികുതിയില്‍ കുറവ് വരുത്തുക.

പ്രവാസികള്‍ക്ക് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപത്തിനു സൌകര്യം ഒരുക്കുമെന്നത് വിപണിയിലെ ഇടപാടുകളുടെ വ്യാപ്തി ഉയര്‍ത്തും. വിദേശ ഇന്ത്യകാരുടെ നിക്ഷേപങ്ങള്‍ക്ക് ആര്‍ബിഐ ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ പ്രതിവിധി ഉണ്ടാക്കുമെന്ന പ്രഖ്യാപനം വിപണിക്കും പ്രവാസികള്‍ക്കും അനുകൂലമാണ്.

പണം പ്രവഹിക്കുന്ന കാര്യമായതുകൊണ്ട് പ്രവാസികളെ ആഭ്യന്തര നിക്ഷേപകരുടെ പട്ടികയില്‍ തന്നെ കാണാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നതെന്ന് സാരം. വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപം, നേരിട്ടുള്ള വിദേശ നിക്ഷേപം തുടങ്ങിയവ ഒഴിവാക്കി ആഭ്യന്തര നിക്ഷേപമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത്തരത്തില്‍ നിക്ഷേപം നടത്തുന്ന പ്രവാസി നാട്ടിലെത്തുമ്പോള്‍ എന്‍ആര്‍ഐ അക്കൌണ്ടില്‍ നിന്ന് ഏത് മാര്‍ഗത്തിലേക്ക് പണം തിരിച്ചുവിടുമെന്ന സംശയത്തിനു ബജറ്റ് ഉത്തരം നല്‍കുന്നില്ല.


വാരത്തിന്റെ തുടക്കം മുതല്‍ വിപണി അല്‍പം ആശങ്കയില്‍ തന്നെയായിരുന്നു. ഇതു മൂലം പല ദിവസങ്ങളിലും പ്രമുഖ സൂചികകള്‍ ചാഞ്ചാട്ടത്തിലായി. 29,316 ല്‍ ഇടപാടുകള്‍ക്ക് തുടക്കം കുറിച്ച ബോംബെ സെന്‍സെക്സ് ഒരവസരത്തില്‍ 29,000 ലെ താങ്ങ് തകര്‍ത്ത് 28,716 ലേക്ക് നീങ്ങിയെങ്കിലും ശനിയാഴ്ച നടന്ന പ്രത്യേക വ്യാപാരത്തില്‍ സുചിക 29,560 വരെ മുന്നേറി. വ്യാപാരാന്ത്യം സെന്‍സെക്സ് 29,361 ലാണ്. ഈ വാരം സൂചികയുടെ ആദ്യ പ്രതിരോധം 29,708 ലാണ്.

വാരമധ്യത്തിനു മുമ്പായി ഈ പ്രതിരോധം മറികടന്നാല്‍ 30,056-30,552 ലേക്ക് കയറാം. അതേ സമയം ഫണ്ടുകള്‍ ലാഭമെടുപ്പിലേക്ക് തിരിഞ്ഞാല്‍ 28,864-28,368 ല്‍ താങ്ങ് നിലവിലുണ്ട്. ഇത് നഷ്ടപ്പെട്ടാല്‍ സൂചിക 28,020 റേഞ്ചിലേക്ക് വരും ആഴ്ചകളില്‍ പരീക്ഷണം നടത്താം. വിപണിയുടെ മറ്റു സാങ്കേതിക വശങ്ങള്‍ നിരീക്ഷിച്ചാല്‍ പാരാബോളിക്ക് എസ്എആര്‍ ബുള്ളിഷാണ്. ആര്‍എസ്ഇ ന്യൂട്ടറല്‍ റേഞ്ചിലും. എംഎസിഡി തിരുത്തലിനുള്ള സാധ്യതക്ക് ശക്തിപകരുമ്പോള്‍ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക് ഓവര്‍ സോള്‍ഡാണ്. നിഫ്റ്റി സൂചികയ്ക്ക് ഈവാരം 8,976 ലും 9,051 ലും തടസം നിലനില്‍ക്കുന്നു. തിരുത്തലിന് നീക്കം നടന്നാല്‍ 8,751 ലും 8,601 ലും താങ്ങ് പ്രതീക്ഷിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.