അസസ്മെന്റ് സമയത്ത് നികുതിദായകന്‍ സമ്മതിച്ച വരുമാന വര്‍ധനവിന് പെനാല്‍റ്റി ബാധകമാണോ?
Monday, March 2, 2015 11:12 PM IST

നികുതിലോകം / ബേബി ജോസഫ്(ചാര്‍ട്ടേഡ് അക്കൌണ്ടന്റ്)

പല കേസുകളിലും അസസ്മെന്റ് സമയത്ത് ആദായനികുതി ഉദ്യോഗസ്ഥന്‍ ചില ചെലവുകളിന്മേല്‍ സംശയം ഉന്നയിക്കുകയും അവയെ ഉടമസ്ഥന്റെ സ്വന്തം ചിലവായി വ്യാഖ്യാനിക്കാറുമുണ്ട്. ടെലഫോണ്‍ കോളുകള്‍, വാഹനങ്ങളുടെ ഇന്ധനചിലവുകള്‍, യാത്രയ്ക്കും മറ്റും ചെലവാകുന്ന പണം മുതലായവയില്‍ ഒരു നിശ്ചിത ശതമാനം ബിസിനസിനുവേണ്ടി ചെലവായതല്ല. മറിച്ച് ഉടമസ്ഥന്റെ വ്യക്തിപരമായ ചെലവുകള്‍ ഉള്‍പ്പെടുന്നതാണ് എന്നും അതിനാല്‍ അവ ചിലവായി കണക്കാക്കാതെ നികുതി ദായകന്റെ വരുമാനത്തില്‍ ആ തുകകൂടി ചേര്‍ത്ത് അസസ് ചെയ്യണം എന്നും ആവശ്യപ്പെടാറുണ്ട്. സാധാരണഗതിയില്‍ സമാധാനപരമായി നികുതി ഇടപാടുകള്‍ അവസാനിപ്പിക്കുവാനുള്ള ശ്രമത്തില്‍ നികുതിദായകന്‍ ഇവ അംഗീകരിക്കുകയാണ് പതിവ്. മേല്‍ പ്രസ്താവിച്ച, അംഗീകരിക്കാത്ത ചെലവുകള്‍ വരുമാനത്തിന്റെ കൂടെ കൂട്ടി നികുതി നിശ്ചയിക്കുന്നു. സ്വാഭാവികമായും സമര്‍പ്പിച്ച റിട്ടേണുകളിലെ വരുമാനത്തില്‍ കൂടുതല്‍ തുക അസസ്മെന്റ് സമയത്ത് തീരുമാനിക്കപ്പെടുന്നു. ചോദ്യം ഇതാണ്? മേല്‍ വ്യത്യാസം വന്ന തുകയിന്‍മേല്‍ ആദായ നികുതി ഉദ്യോഗസ്ഥന് പിഴ ചുമത്തുവാന്‍ സാധിക്കുമോ?

സാധാരണഗതിയില്‍ മേല്‍ പ്രസ്താവിച്ച അസസ്മെന്റ് ഓര്‍ഡറിന്റെ കൂടെ ആദായനികുതി നിയമം 274 വകുപ്പനുസരിച്ച് ഒരു നോട്ടീസുകൂടി 271 (1) (സി) പ്രകാരം പിഴചുമത്താതിരിക്കുവാന്‍ കാരണം ബോധിപ്പിക്കണം എന്നു സൂചിപ്പിച്ചുകൊണ്ട് ലഭിക്കാറുണ്ട്. അവ ഇങ്ങനെ പറയുന്നു. താങ്കളുടെ അസസ്മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്ന സമയത്ത് ബോധ്യപ്പെട്ട കാര്യങ്ങള്‍. താങ്കള്‍ യഥാര്‍ത്ഥ വരുമാനം മറച്ചുവെച്ചു/താങ്കള്‍ തെറ്റായ വിവരങ്ങള്‍ നല്‍കി ആയതിനാല്‍ താങ്കളുടെ പേരില്‍ ആദായനികുതിനിയമം വകുപ്പ് 271 പ്രകാരം പിഴചുമത്താതിരിക്കുവാന്‍ കാരണം ഉണ്െടങ്കില്‍ നിര്‍ദ്ദിഷ്ടതീയതിക്കുമുമ്പ് താങ്കള്‍ അത് ബോധിപ്പിക്കണം. അല്ലാത്തപക്ഷം പിഴചുമത്തുന്നതായിരിക്കും.

മുകളില്‍ പറഞ്ഞ കേസില്‍ പിഴ ചുമത്തുന്നതു സാധുവാണോ?

പിഴ ചുമത്തുവാനുള്ള കാരണങ്ങള്‍ പറയുന്നത് രണ്ടാണ്.

1) വരുമാനം മറച്ചുവെച്ചു
2) തെറ്റായവിവരങ്ങള്‍ നല്‍കി

വരുമാനം മറച്ചുവെച്ചു. എന്നു പറഞ്ഞാല്‍ അത് മന:പൂര്‍വം ചെയ്യുന്ന ഒരു പ്രവൃത്തി ആണ്. ആദായനികുതി ഉദ്യോഗസ്ഥന്റെ കാഴ്ചപ്പാടില്‍ ചില ചെലവുകള്‍ ഉടമസ്ഥന്റെ വ്യക്തിപരമായ ചെലവുകള്‍ ഉള്‍ക്കൊള്ളുന്നതല്ലേ എന്ന സംശയം വരുമാനം മന:പൂര്‍വം മറച്ചുവെച്ചു എന്ന കുറ്റത്തില്‍ ഉള്‍പ്പെടുത്തുവാന്‍ സാധിക്കില്ല.


രണ്ടാമത്തെ കാരണമായി പറയുന്നത് താങ്കള്‍ റിട്ടേണില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി എന്നതാണ്. അതു ശരിയല്ല. റിട്ടേണില്‍ തെറ്റായവിവരങ്ങള്‍ നല്‍കിയിട്ടില്ല. അസസ്മെന്റ് സമയത്ത് ഉദ്യോഗസ്ഥന്‍ മുന്നോട്ടുവെച്ച നിര്‍ദേശം സമാധാനത്തിനുവേണ്ടി അംഗീകരിക്കുമാത്രമാണ് നികുതിദായകന്‍ ചെയ്തത്. ആ ഒരു കാരണം കൊണ്ട് റിട്ടേണില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി എന്ന നിഗമനത്തില്‍ എത്തുവാന്‍ നികുതി ഉദ്യോഗസ്ഥന് കഴിയുകയില്ല. ചുരുക്കിപ്പറഞ്ഞാല്‍ നികുതി ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിച്ച രണ്ട് കാരണങ്ങളും ഈ പ്രത്യേക സാഹര്യത്തില്‍ നിലനില്‍ക്കുന്നതല്ല.

ആയതിനാല്‍ അസസ്മെന്റ് സമയത്ത് സമാധാനപരമായി കാര്യങ്ങള്‍ അവസാനിക്കട്ടെ എന്ന ഉദ്ദേശം മുന്‍നിര്‍ത്തി നികുതിദായകന്‍ സമ്മതിച്ച വരുമാനവര്‍ധനവിന് ആദായനികുതിനിയമം വകുപ്പ് 271(1)സി അനുസരിച്ച് യാതൊരു വിധ ശിക്ഷാനടപടികളും സ്വീകരിക്കുവാന്‍ പാടില്ല.

പെനാല്‍റ്റി ചുമത്തുക എന്നത് ഭാഗികമായ ക്രിമിനല്‍ നടപടി ആണ്. ആ സ്ഥിതിക്ക് അതു ചുമത്തണമെങ്കില്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പക്കല്‍ വ്യക്തവും ശക്തവുമായ തെളിവുകള്‍ വേണം.

മാത്രവുമല്ല വരുമാനം മറച്ചുവെച്ചു അല്ലെങ്കില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി എന്നത് മന:പൂര്‍വം ചെയ്ത നടപടി ആയിരിക്കണം. ഏതു സാഹചര്യത്തിലും പിഴ ചുമത്തുവാന്‍ മന:പൂര്‍വം തെറ്റായ വിവരങ്ങള്‍ നല്കി എന്ന വസ്തുത സംശയാതീതമായി തെളിയിക്കപ്പെടണം. മന:പൂര്‍വം എന്നത് തെളിയിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ പെനാല്‍റ്റി ചുമത്തപ്പെടുകയില്ല.

നികുതിദായകന് ലഭിക്കുന്ന പലിശ

നികുതി ദായകന് ഗവണ്‍മെന്റില്‍ നിന്നും വകുപ്പ് 244 എ അനുസരിച്ച് മുന്‍കൂര്‍ നികുതി കൂടുതലായി അടച്ചാല്‍, പ്രതിമാസം അരശതമാനം നിരക്കില്‍, അസസ്മെന്റ് വര്‍ഷം തുടക്കം മുതല്‍ റീഫണ്ട് നിശ്ചയിക്കുന്ന തീയതിവരെയുള്ള സമയത്തിന് പലിശ ലഭിക്കുന്നതാണ്.

സിബിഡിറ്റി ഇറക്കിയ സര്‍ക്കുലര്‍ 2/2015 തീയതി 10/2/15 പ്രകാരം നിര്‍ദ്ദിഷ്ട തീയതിക്ക് റിട്ടേണ്‍ സമര്‍പ്പിക്കുന്ന പക്ഷം സെല്‍ഫ് അസസ്മെന്റ് ആയി അടക്കുന്ന നികുതിക്ക് 234 എ പ്രകാരം പലിശ ചുമത്തപ്പെടുകയില്ല. റഫറന്‍സ് സിഐറ്റി ് പ്രനോയി റോയി 309 കഠഞ 231 (ടഇ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.