യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യന്‍ മാമ്പഴത്തിന്റെ നിരോധനം നീക്കി
യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യന്‍ മാമ്പഴത്തിന്റെ നിരോധനം നീക്കി
Thursday, March 5, 2015 11:42 PM IST
മുംബൈ: യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയില്‍ നിന്നുള്ള മാമ്പഴത്തിന്റെ നിരോധനം നീക്കി. 28 അംഗ രാജ്യങ്ങളുടെ യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ ഏപ്രിലിലാണ് ഇന്ത്യയില്‍ നിന്നുള്ള അല്‍ഫോണ്‍സ മാമ്പഴങ്ങളുടെ ഇറക്കുമതി താത്കാലികമായി നിരോധിച്ചത്. തുടര്‍ന്ന് മേയ് ഒന്നുമുതല്‍ ചേമ്പ്, പാവയ്ക്ക, പടവലങ്ങ, വഴുതനങ്ങ എന്നീ നാലു പച്ചക്കറികളുടെ ഇറക്കുമതിയും നിരോധിച്ചിരുന്നു.

എന്നാല്‍ മാമ്പഴത്തിന്റെ നിരോധനം നീക്കിക്കൊണ്ടുള്ള അറിയിപ്പ് യൂറോപ്യന്‍ യൂണിയനില്‍ നിന്നു ലഭിച്ചിട്ടുണ്െടന്നും ഇതില്‍ പച്ചക്കറികളുടെ കാര്യം പരാമര്‍ശിച്ചിട്ടില്ലെന്നും കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യസഭയെ അറിയിച്ചു. 2012 വര്‍ഷത്തില്‍ 67.3 ലക്ഷം ഡോളറിന്റേതായിരുന്നു ഇന്ത്യയില്‍ നിന്നുള്ള മാമ്പഴക്കയറ്റുമതി. 2013 ല്‍ ഇത് 1.9 കോടി ഡോളറായി ഉയര്‍ന്നു.


യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റി അയയ്ക്കുന്നതിനായി ജൈവ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നതിന് ന്യൂതനരീതികള്‍ സര്‍ക്കാന്‍ വികസിപ്പിച്ചെടുത്തിട്ടുണ്െടന്നും ഇവയുടെ നിലവാരം ഉറപ്പുവരുത്തുന്നതിനായി അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡവലപ്മെന്റ് അഥോറിട്ടി (എപിഇഡിഎ) യെ ചുമതലപ്പെടുത്തിയിട്ടുണ്െടന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ബസുമതി അരിയുടെ കയറ്റുമതി സംബന്ധിച്ച ചോദ്യത്തിന് വാര്‍ഷിക അടിസ്ഥാനത്തില്‍ ബസുമതിയുടെ കയറ്റുമതി മൂന്നു ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയെന്നും 2014-15 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ കയറ്റുമതി 337 കോടി ഡോളറിന്റേതായി കുറഞ്ഞുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.