കാര്‍ഡുകളും ഉപയോഗിക്കണം: ജെയ്റ്റ്ലി
കാര്‍ഡുകളും ഉപയോഗിക്കണം: ജെയ്റ്റ്ലി
Saturday, March 28, 2015 11:18 PM IST
ന്യൂഡല്‍ഹി: കള്ളപ്പണത്തിന്റെ വ്യാപനം തടയുന്നതിനായി ചെക്കുകളുടെയും കാര്‍ഡുകളടക്കമുള്ള പ്ളാസ്റിക് കറന്‍സിയുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

കൂടുതല്‍ ആളുകള്‍ ചെക്കുകളും പ്ളാസ്റിക് കറന്‍സികളും ഉപയോഗിക്കുന്നതിനെയാണ് സാമ്പത്തിക വളര്‍ച്ചയ്ക്കായുള്ള മാര്‍ഗരേഖ പ്രോത്സാഹിപ്പിക്കുന്നത്. അമേരിക്കയും ഇംഗ്ളണ്ടും അടക്കമുള്ള വികസിത രാജ്യങ്ങളില്‍ കറന്‍സിയുടെ ഏറ്റവും ഉയര്‍ന്ന പരിധി 100 ഡോളറും 50 പൌണ്ടുമാണ്.

ഉയര്‍ന്ന തോതിലുള്ള പണത്തിന്റെ കൈമാറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി ചെക്കുകളിലൂടെയും ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളിലൂടെയുമുള്ള പണമിടപാടുകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കും. കണക്കില്‍പ്പെടാത്ത പണത്തിന്റെ വിനിയോഗം തടയുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്. റിയല്‍ എസ്റേറ്റ് ഇടപാടുകള്‍ അടക്കമുള്ളവയില്‍ പണത്തിന്റെ കൈമാറ്റം തടയുന്നതിനായി 2015-16 ബജറ്റില്‍ നിരുത്സാഹ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള വാങ്ങലുകള്‍ക്കും വില്പനകള്‍ക്കും പാന്‍ കാര്‍ഡ് നമ്പര്‍ നിര്‍ബന്ധമാക്കുകയും ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗത്തിന് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

20,000 രൂപയോ അതിനു മുകളിലോ ഉള്ള തുക ഏതെങ്കിലും സ്ഥാവരവസ്തു വാങ്ങാനായി ഉപയോഗിക്കുന്നതു തടയുന്നതിനായി ആദായ നികുതി നിയമം ഭേദഗതി ചെയ്യുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.


ചൈനയിലെ ഉയര്‍ന്ന ഉത്പാദനച്ചെലവ് ഇന്ത്യക്ക് അവസരമൊരുക്കും

ന്യൂഡല്‍ഹി: ചൈനയിലെ ഉത്പാദന ചെലവ് വര്‍ധിക്കുന്നത് രാജ്യത്തിന് ആഗോള ഉത്പാദന ഹബ് ആകുന്നതിനുള്ള സുവര്‍ണാവസരമാണ് ഒരുക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

ചൈനയിലെ തൊഴിലാളികളുടെ വേതനം വര്‍ധിച്ചു. ലേകത്തിന്റെ ഈ ഭാഗത്താകെ ചെലവു വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യം മുതലെടുത്തുകൊണ്ട് നമുക്ക് രാജ്യാന്തര നിലവാരമുള്ള അടിസ്ഥാന വികസനം സാധ്യമാകണം.

നമുക്കതിനു കഴിയില്ലേ? നമ്മുടെ മൂലധനം അപര്യാപ്തമാണോ? കാര്യക്ഷമത, മാനവശേഷി, മികവ് തുടങ്ങിയവയുമായി തൊഴില്‍ സൃഷ്ടിക്കാനുള്ള അവസരങ്ങള്‍ കാത്തിരിക്കുകയാണ്. വികസിത രാജ്യങ്ങളിലെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങളാണ് വിദേശനിക്ഷേപരെ രാജ്യത്തേക്ക് ആകര്‍ഷിച്ചത്.

ആഗോളമാന്ദ്യത്തിന്റെ പാതയില്‍ നിന്നു രാജ്യം വേറിട്ട പാതയിലൂടെയാണ് നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. താന്‍ പഠിച്ച കലാലയമായ ശ്രീ റാം കോളജ് ഓഫ് കോമേഴ്സിന്റെ വാര്‍ഷികദിന ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.