പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥ വിപണിയെ വട്ടംകറക്കി
പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥ വിപണിയെ വട്ടംകറക്കി
Monday, March 30, 2015 11:14 PM IST
ഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: ഡെറിവേറ്റീവ് മാര്‍ക്കറ്റിലെ മാര്‍ച്ച് സെറ്റില്‍മെന്റും പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയും ഇന്ത്യന്‍ ഓഹരി വിപണിയെ വട്ടംകറക്കി. മൂന്നാം വാരത്തിലും വില്പനക്കാരുടെ നിയന്ത്രണത്തില്‍ നീങ്ങിയ സൂചിക മൂന്ന് മാസത്തിനിടയിലെ കനത്ത തിരിച്ചടിയെ അഭിമുഖീകരിച്ചു. ഈ വര്‍ഷം ബോംബെ സെന്‍സെക്സിന് 1,990 പോയിന്റ് ഇടിവ് നേരിട്ടു. തിരിച്ചു വരവിന് അവസരം നല്‍കാതെ ഓപ്പറേറ്റര്‍മാര്‍ ചെലുത്തിയ വില്പന സമ്മര്‍ദത്തില്‍ സെന്‍സെക്സ് 6.76 ശതമാനം ഇടിഞ്ഞു.

വിപണി സാങ്കേതികമായി ദുര്‍ബലമാണെന്ന കാര്യം മുന്‍വാരത്തില്‍ ഇതേ കോളത്തില്‍ വ്യക്തമാക്കിയിരുന്നു. നിഫ്റ്റി സൂചിക 230 പോയിന്റ് ഇടിഞ്ഞു. 8,621 ല്‍ നിന്നുള്ള നിഫ്റ്റിയുടെ തകര്‍ച്ചയില്‍ സൂചിക 8,269 ലേക്ക് ഇടിഞ്ഞു. മുന്‍വാരം പറഞ്ഞ മൂന്നാം താങ്ങായ 8,257 ന് 12 പോയിന്റ് മുകളില്‍ സൂചികയ്ക്ക് പിടിച്ചു നില്‍ക്കാനായി. ഇതിനിടയില്‍ നിഫ്റ്റിക്ക് 100 ഡേ മുവിംഗ് ആവറേജില്‍ സപ്പോര്‍ട്ട് നഷ്ടപ്പെട്ടെങ്കിലും 200 ഡേ മൂവിംഗ് ആവറേജില്‍ ഈവാരം താങ്ങ് പ്രതീക്ഷിക്കാം. അതായത് 8,188 റേഞ്ചില്‍ സപ്പോര്‍ട്ട് കണ്െടത്താന്‍ ആദ്യ ശ്രമം ഈവാരം നടക്കും.

വാരാന്ത്യം സൂചിക 8,341 ലാണ്. 8,058-7,847 റേഞ്ചിലേക്ക് വിപണി സഞ്ചരിക്കാനുള്ള സാധ്യതയും ഉണ്ട്. 8,700 ന് മുകളിലേക്ക് നീങ്ങാന്‍ കഴിഞ്ഞാല്‍ മാത്രമേ ഒരു പോസിറ്റീവ് ലുക്ക് നിഫ്റ്റിക്ക് തിരിച്ചു പിടിക്കാനാവു. ഈവാരം നിഫ്റ്റിക്ക് 8,551-8,762 ല്‍ പ്രതിരോധമുണ്ട്. സാങ്കേതികമായി വീക്ഷിച്ചാല്‍ പാരാബോളിക്ക് എസ്എആര്‍ സെല്ലിംഗ് മൂഡിലാണ്. എംഎസിഡി, ഫാസ്റ്റ്, സ്ളോ സ്റ്റോക്കാസ്റ്റിക്ക്, ആര്‍എസ്ഐ 14 എന്നിവ ഓവര്‍ സോള്‍ഡ് മേഖലയിലാണ്. ഒരു പുള്‍ ബാക്ക് റാലിക്ക് വാരമധ്യത്തോടെ വിപണി ശ്രമം നടത്താനിടയുണ്ട്. ഈ വാരം മൂന്ന് ദിവസം മാത്രമേ വിപണി പ്രവര്‍ത്തിക്കു. വ്യാഴാഴ്ച മഹാവീര്‍ ജയന്തി പ്രമാണിച്ചും ഏപ്രില്‍ മുന്നിന് ദു:ഖ വെള്ളിയിലും വിപണിക്കു അവധിയാണ്.


ബോംബെ സെന്‍സെക്സ് പിന്നിട്ടവാരം 802 പോയിന്റ് ഇടിഞ്ഞു. തുടക്കത്തില്‍ 28,455 ലേക്ക് മുന്നേറിയെങ്കിലും പിന്നീട് കരുത്തു നിലനിര്‍ത്താന്‍ ക്ളേശിച്ച സൂചിക വ്യാഴാഴ്ച്ച 650 പോയിന്റ് ഇടിഞ്ഞു. വാരാന്ത്യം 27,458 ലാണ് സെന്‍സെക്സ്. ഈവാരം 28,192-8,927 ല്‍ പ്രതിരോധവും 26,985-26,513 ല്‍ താങ്ങും ബിഎസ്ഇ സൂചികയ്ക്ക് പ്രതീക്ഷിക്കാം.

മുന്‍നിരയിലെ പത്തു പ്രമുഖ കമ്പനികളുടെ വിപണി മുല്യത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ തകര്‍ച്ച സംഭവിച്ചു. മുന്‍നിര കമ്പനിയായ ടിസിഎസിനു മാത്രം 18,304.32 കോടി രൂപയുടെ മൂല്യനഷ്ടം ഉണ്ടായി. . ആര്‍ഐഎല്‍, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയുടെ വിപണി മൂല്യത്തിലും തിരിച്ചടിനേരിട്ടു.

ഏപ്രില്‍ ഏഴിന് റിസര്‍വ് ബാങ്ക് യോഗം ചേരുന്നുണ്ട്. ഈ അവസരത്തില്‍ പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ ഇടയില്ല. ഫോറെക്സ് മാര്‍ക്കറ്റില്‍ യുഎസ് ഡോളറിനു മുന്നില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞ് 62.69 ലേക്ക് നീങ്ങി. കഴിഞ്ഞവാരം വിദേശ ഫണ്ടുകള്‍ 491.41 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. യൂറോപ്യന്‍ മാര്‍ക്കറ്റുകളും വാരാന്ത്യം തളര്‍ച്ചയിലാണ്. യുഎസ് മാര്‍ക്കറ്റുകള്‍ക്കും ഇടിവുണ്ടായി.

ഡൌ ജോണ്‍സ് സൂചികയ്ക്ക് വാരാന്ത്യം 18,000 ലെ താങ്ങ് നഷ്ടപ്പെട്ടു. ക്രൂഡ് ഓയില്‍, സ്വര്‍ണ വിലകളില്‍ വാരാവസാനം ശക്തമായ ചാഞ്ചാട്ടം അനുഭവപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.