വെളിച്ചെണ്ണ വിപണി ചൂടുപിടിക്കുന്നു; കയറിയിറങ്ങി കുരുമുളക് വില
വെളിച്ചെണ്ണ വിപണി ചൂടുപിടിക്കുന്നു; കയറിയിറങ്ങി കുരുമുളക് വില
Monday, March 30, 2015 11:15 PM IST
വിപണി വിശേഷം / കെ.ബി ഉദയഭാനു

കൊച്ചി: റബര്‍ കര്‍ഷകര്‍ക്കും സ്റ്റോക്കിസ്റ്റുകള്‍ക്കും പ്രതീക്ഷ മങ്ങുന്നു, ഇറക്കുമതിയുടെ ആധിക്യം വരും മാസങ്ങളിലും ഭീഷണിയാവും. ഈസ്റ്റര്‍-വിഷു ഡിമാന്‍ഡ് വെളിച്ചെണ്ണ വിപണിയെ ചൂടുപിടിപ്പിച്ചു, ലക്ഷദ്വീപില്‍ നിന്നും കൊപ്ര ഇറക്കുമതി. കുരുമുളക് വില കയറിയിറങ്ങി. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ ആഗോള സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം.

നാളികേരം

കാര്‍ഷിക മേഖലകളില്‍ നാളികേര വിളവെടുപ്പ് മുന്നേറുകയാണെങ്കിലും വിപണിയുൂട പ്രതീക്ഷയ്ക്കൊത്തു പുതിയ ചരക്ക് വില്പനക്ക് ഇറങ്ങിയില്ല. കൊപ്രക്കളങ്ങളില്‍ തേങ്ങാവെട്ട് വ്യാപകമാണെങ്കിലും കൂടുതല്‍ ആകര്‍ഷകമായ വില കിട്ടും വരെ ചരക്ക് ഇറക്കാതിരിക്കയാണ് പലരും.

മലബാറിലും തമിഴ്നാട്ടിലും കൊപ്ര 10,000 രൂപയിലാണ്. മാസാരംഭമായതിനാല്‍ ഈവാരം വെളിച്ചെണ്ണയ്ക്ക് പ്രാദേശിക ഡിമാന്‍ഡ് ഉയരും. കൊച്ചിയില്‍ വെളിച്ചെണ്ണ 13,400 രൂപയില്‍ നിന്ന് 13,800 ലേക്ക് ഉയര്‍ന്നു. കൊപ്ര വിപണിയുടെ തിളക്കം കണ്ട് ലക്ഷദ്വീപില്‍ നിന്ന് വന്‍തോതില്‍ കൊപ്ര പ്രവഹിക്കുന്നുണ്ട്.

മംഗലാപുരം, ബേപ്പുര്‍ തുറമുഖങ്ങളിലെത്തിയ കൊപ്ര വാങ്ങിക്കൂട്ടാന്‍ വന്‍കിട മില്ലുകള്‍ മത്സരിച്ചു. ഉണക്ക് കൂടിയതിനാല്‍ ലക്ഷദ്വീപ് കൊപ്രയില്‍ എണ്ണയുടെ അംശം ഉയര്‍ന്ന അളവിലാണ്.


റബര്‍

ആഭ്യന്തര റബര്‍ ഉത്പാദനത്തില്‍ ഒന്നര ലക്ഷം ടണ്ണിന്റെ കുറവ് മാത്രം നിലനില്‍ക്കെ വ്യവസായികള്‍ ഈ സാമ്പത്തിക വര്‍ഷം ഇറക്കുമതി നടത്തിയത് നാലു ലക്ഷം ടണ്‍ റബര്‍. വന്‍ കരുതല്‍ ശേഖരം വ്യവസായികളുടെ ഗോഡൌണുകളില്‍ എത്തിയ സാഹചര്യത്തില്‍ അവര്‍ ജൂണില്‍ ടാപ്പിംഗ് സീസണ്‍ തുടങ്ങും വരെയും മത്സരിച്ച് വിപണിയില്‍ ഇറങ്ങാനുള്ള സാധ്യതക്ക് മങ്ങലേറ്റു.

റബര്‍ ടാപ്പിംഗ് സ്തംഭിച്ചതിനാല്‍ ഷീറ്റു ക്ഷാമമുണ്ട്. ആര്‍എസ്എസ് നാലാം ഗ്രേഡ് റബറിനു 12,300 രൂപ. അഞ്ചാം ഗ്രേഡിനു 11,300 രൂപയും. ലാറ്റക്സ് 7,900 ലും ഒട്ടുപാല്‍ 7,800 രൂപയിലുമാണ്. ആകെ 400 ടണ്‍ റബറിന്റെ കൈമാറ്റമാണ് കൊച്ചിയില്‍ നടന്നത്. സാമ്പത്തിക വര്‍ഷാന്ത്യമായതോടെ ടയര്‍ കമ്പനികള്‍ പ്രമുഖ റബര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് പിന്‍വലിഞ്ഞു. വ്യവസായികളുടെ പിന്തുണ കുറഞ്ഞതിനാല്‍ റബര്‍ വില ഉയര്‍ന്നില്ല.

സ്ഥിതിഗതികളില്‍ മാറ്റം സംഭവിക്കണമെങ്കില്‍ വാണിജ്യമന്ത്രാലയം അടിയന്തരമായി വിദേശ റബര്‍ ഇറക്കുമതിയുടെ ഡ്യുട്ടി ഉയര്‍ത്തണം. ഒരു പക്ഷേ ഈസ്റ്റര്‍ സമ്മാനമായി കേരളത്തിന് ഈ പ്രഖ്യാപനം പ്രതീക്ഷിക്കാം. അല്ലെങ്കില്‍ വ്യവസായികളുടെ അപ്രീതി പിടിച്ചു വാങ്ങാന്‍ പുതിയ സര്‍ക്കാരും തയാറല്ലെന്നു കരുതണം.

രാജ്യാന്തര വിപണിയില്‍ റബര്‍ വില ഉയര്‍ന്നാലും ആഭ്യന്തര മാര്‍ക്കറ്റ് മെച്ചപ്പെടാം. ടോക്കോം എക്സ്ചേഞ്ചില്‍ മാത്രമല്ല, ചൈനീസ് മാര്‍ക്കറ്റിലും റബര്‍ തളര്‍ച്ചയിലാണ്.




കുരുമുളക്

കുരുമുളക് വിളവെടുപ്പ് അവസാനഘട്ടത്തിലാണെങ്കിലും ചരക്ക് സംഭരണം അന്തര്‍സംസ്ഥാന വ്യാപാരികള്‍ കുറച്ചു. സാമ്പത്തിക ഞെരുക്കമെന്ന കാരണം ഉന്നയിച്ചാണ് പലരും രംഗം വിട്ടത്. ഡിമാന്‍ഡ് മങ്ങിയത് വിലയെ ബാധിച്ചു. ഉയര്‍ന്ന റേഞ്ചില്‍ നിന്ന് വിപണി അല്‍പം തളരുകയും ചെയ്തു.

കയറ്റുമതി മേഖല പ്രതീക്ഷയിലാണ്. ഈസ്റ്റര്‍ വേളയില്‍ യുഎസ്, യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യന്‍ സുഗന്ധവ്യഞ്ജന വിപണിയില്‍ പുതിയ ഓര്‍ഡറുകളുമായി എത്തുമെന്നാണ് കയറ്റുമതിക്കാരുടെ പ്രതീക്ഷ. മലയോര മേഖലകളില്‍ നിന്നുള്ള ചരക്കുനീക്കം കുറവാണ്. എങ്കിലും ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് വേണ്ട പണം കണ്െടത്താന്‍ ഈവാരം സറ്റോക്കിസ്റ്റുകള്‍ ചരക്ക് ഇറക്കാം.

കൂര്‍ഗിലെ വന്‍കിട തോട്ടമുടമകള്‍ പുതിയ കുരുമുളക് വില്പനക്ക് ഇറക്കി. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 57,000 രൂപയാണ്.

സ്വര്‍ണം

ആഭരണ വിപണികളില്‍ സ്വര്‍ണവില ഉയര്‍ന്നു. പവന്‍ 19,720 രൂപയില്‍ നിന്ന് 20,000 ലെ പ്രതിരോധം മറികടന്ന് 20,080 രൂപയായി. വാരാവസാനം നിരക്ക് 20,000 രൂപയിലാണ്. ഒരു ഗ്രാമിന്റെ വില 2,495 രൂപ.

ന്യൂയോര്‍ക്കില്‍ സ്വര്‍ണം ഔണ്‍സിന് 1,188 ഡോളറില്‍ നിന്ന് 1,220 ഡോളറിലേക്ക് ഒരുവേള ഉയര്‍ന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയാണ് മഞ്ഞലോഹത്തെ ഉയര്‍ത്തിവിട്ടത്.

എന്നാല്‍ പ്രതീക്ഷിച്ചതോതിലുള്ള നിക്ഷേപം താത്പര്യം ഉയരാഞ്ഞതിനാല്‍ വാരാന്ത്യം 1,200 ലെ താങ്ങ് നിലനിര്‍ത്താനാവാതെ 1,198 ഡോളറായി താഴ്ന്നു.

ചുക്ക്

ഉത്തരേന്ത്യന്‍ ഡിമാന്‍ഡില്‍ ചുക്ക് വില വീണ്ടും ഉയര്‍ന്നു. വിപണിയുടെ ചലനങ്ങള്‍ കണക്കിലെടുത്താല്‍ റിക്കാര്‍ഡ് പ്രകടനത്തിന് സാധ്യത നിലനില്‍ക്കുന്നു. അതേ സമയം ഈ വാരം കാര്‍ഷിക മേഖലകളില്‍ നിന്ന് പുതിയ ചുക്ക് കൂടുതലായി വില്പനക്ക് ഇറങ്ങിയാല്‍ നിരക്ക് ചാഞ്ചാടാം.

വിവിധയിനം ചുക്കിന് 500 രൂപ ഉയര്‍ന്നു. മീഡിയം ചുക്കിനു 21,750 രൂപയും ബെസ്റ്റ് ചുക്കിനു 23,750 രൂപയുമാണ്.

ജാതിക്ക

ഉത്തരേന്ത്യന്‍ ഡിമാന്‍ഡിനിടയിലും ജാതിക്ക വിലയില്‍ കാര്യമായ മാറ്റമില്ല. ജാതിക്ക തൊണ്ടന്‍ 290-310, തൊണ്ടില്ലാത്തത് 525-550, ജാതിപത്രി 800-900 രൂപയിലുമാണ്.

ഏലക്കാ

പ്രമുഖ ലേലകേന്ദ്രങ്ങളില്‍ ഏലക്കാ വിലയില്‍ കാര്യമായ മാറ്റമില്ല. ഓഫ് സീസണ്‍ അടുത്തതോടെ വിദേശ വാങ്ങലുകാര്‍ രംഗത്തുനിന്ന് പിന്‍മാറാനുള്ള നീക്കത്തിലാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഗ്വാട്ടിമാലയില്‍ നിന്നുള്ള ഏലമാണ് വേണ്ടത്.

അതേ സമയം അറബ് രാജ്യങ്ങള്‍ ഇന്ത്യന്‍ ഏലത്തില്‍ താത്പര്യം നിലനിര്‍ത്തി. കഴിഞ്ഞവാരം ഏലക്കാ ലേലത്തില്‍ ലഭിച്ച പരമാവധി ഉയര്‍ന്ന വില കിലോഗ്രാമിനു 1,001 രൂപയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.