സ്റാര്‍ട്ടപ്പ് പ്രോഗ്രാമുകള്‍ക്കു പിന്തുണയുമായി ഫെഡറല്‍ ബാങ്ക്
സ്റാര്‍ട്ടപ്പ് പ്രോഗ്രാമുകള്‍ക്കു പിന്തുണയുമായി ഫെഡറല്‍ ബാങ്ക്
Wednesday, April 1, 2015 11:32 PM IST
കൊച്ചി: ധനകാര്യമേഖലയിലെ സാങ്കേതിക നൂതനത്വങ്ങളെ വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ മോബ് മി വയര്‍ലെസും സ്റ്റാര്‍ട്ടപ്പ് വില്ലേജുമായി ചേര്‍ന്ന് ഫെഡറല്‍ ബാങ്ക് ഇന്ത്യയിലെ ആദ്യത്തെ വിഷയകേന്ദ്രീകൃത ഫിന്‍ടെക് ആക്സിലറേറ്റര്‍ പ്രോഗ്രാമിനു രൂപംകൊടുക്കുന്നു.

ധനകാര്യ മേഖലയിലെ സാങ്കേതികാധിഷ്ഠിത നൂതനാശയങ്ങളെ ഈ ഇടത്തിലേക്കു കൊണ്ടുവന്ന് നടപ്പാക്കാനുതകുംവിധത്തിലുള്ള സ്റാര്‍ട്ടപ്പ് കമ്പനികളെ രാജ്യത്തെവിടെയും പ്രോത്സാഹിപ്പിക്കുകയാണു പരിപാടിയിലുടെ ലക്ഷ്യമെന്നു ബാങ്ക് പത്രക്കുറിപ്പില്‍ അറിയിച്ചു. ആശയങ്ങള്‍ നടപ്പാക്കുന്നതിന് തെരഞ്ഞെടുക്കപ്പെടുന്ന സ്റാര്‍ട്ടപ്പുകള്‍ക്കു മെന്ററായും ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കിയും ബാങ്ക് പ്രവര്‍ത്തിക്കും. 14 ആഴ്ചയാണ് ആക്സിലറേറ്റര്‍ പരിപാടിയുടെ ദൈര്‍ഘ്യം. അതിന്റെ അവസാനം ചില ആശയങ്ങള്‍ വാണിജ്യപരമായി വിന്യസിക്കാനാകുമെന്നാണ് ബാങ്ക് കരുതുന്നത്.

നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച മേഖലയായ ധനകാര്യ സാങ്കേതികവിദ്യയെ സൂചിപ്പിക്കുന്ന പേരാണ് ഫിന്‍ടെക്. 2018 ഓടെ ഈ മേഖലയിലെ നിക്ഷേപം ഇരട്ടിയിലേറെയാകുമെന്നാണു കരുതപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും മോബ് മി വയര്‍ലെസിന്റെയും പിന്തുണയുള്ള ഇന്ത്യയിലെ ആദ്യത്തെ പൊതു-സ്വകാര്യ പങ്കാളിത്ത ഇന്‍കുബേറ്ററാണ് സ്റാര്‍ട്ടപ്പ് വില്ലേജ്. മോബ്മിയുടെ സ്റ്റാര്‍ട്ടപ്പ് സ്റുഡിയോ പദ്ധതിക്കു കീഴില്‍ വരുന്ന ആക്സിലറേറ്റര്‍ പരിപാടി സ്റാര്‍ട്ടപ്പ് വില്ലേജ് വാഗ്ദാനം ചെയ്യുന്ന ഇന്‍കുബേഷന്‍ സേവനങ്ങള്‍ക്കു പരിപൂരകമായിരിക്കും.


ബാങ്കിന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) പരിപാടികളുടെ കീഴില്‍ നടപ്പാക്കുന്ന പരിപാടി ഇതില്‍ പങ്കെടുക്കുന്ന സ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കും ഏറെ മൂല്യവത്താകും. രാജ്യത്തെമ്പാടുമുള്ള സ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് ഈ പ്രത്യേക അവസരം ഉപയോഗിക്കാനാകുമെന്നും ബാങ്കിംഗ് മേഖലയില്‍ ഇടപാടുകാര്‍ക്കു ഗുണകരമാകുന്ന നൂതന ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ ഇതു സഹായകമാകുമെന്നുമാണു കരുതുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.